എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

യുവത്വം: ആശങ്കകളും പ്രതീക്ഷകളും

-നൗഫല്‍ വി.പി, ഷാര്‍ജ

യുവത്വം പ്രതീക്ഷകളിലേക്ക് തുറക്കുന്ന പുതുജാലകമാണ്; കാത്തിരിപ്പുകളുടെയും പ്രത്യാശകളുടെയും സ്വപ്‌നങ്ങളുടെയും കൂടിച്ചേരലാണ്.  പുനര്‍നിര്‍മിതിയുടെ നവലോകം കെട്ടിപ്പടുക്കുന്നതിലെ യുവത്വത്തിന്റെ കുതിപ്പും കിതപ്പും ചരിത്രം അടയാളപ്പെടുത്തിയതാണ്. 

ഇന്നലെകളില്‍ വീരേതിഹാസങ്ങള്‍ രചിച്ചു വഴിനടന്നു പോയ കര്‍മോല്‍സുകാരായ യുവാക്കള്‍ ഇന്നും മനുഷ്യമനസ്സുകളില്‍ നിത്യവസന്തമായി നിലനില്‍ക്കുന്നു. അപരിഷ്‌കൃതമായ സമൂഹത്തെ മുന്നില്‍ നിന്നും നയിച്ച് വിജയക്കൊടി പാറിച്ച് അഭിമാനകരമായ അസ്തിത്വം സമ്മാനിച്ച വീരപുരുഷന്മാര്‍ ഇന്നും സ്മരിക്കപ്പെടുന്നു. നന്മയുടെ കാവലാളുകളായി, തിന്മയുടെ അന്തകരായി, സമൂഹത്തെ ഗ്രസിച്ചിരുന്ന ഉച്ചനീചത്വങ്ങള്‍ തുടച്ചുനീക്കിയ; മുമ്പേ കടന്നുപോയ യുവാക്കള്‍ ഇന്നും ഹരവും അവരുടെ സേവനപാത ആവേശകരവുമാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സമകാലിക ലോകത്തിനു മുന്നില്‍ 'യുവത്വം കടമയാണ്, കലാപമല്ല' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മപ്പെടുത്തേണ്ട ഒരു ദുരവസ്ഥ സംജാതമായിരിക്കുന്നു! ലക്ഷ്യം മറന്നു പോയ, ധാര്‍മികതയും മനുഷ്യത്വവും വിനഷ്ടമായ, ആര്‍ക്കൊക്കെയോ വേണ്ടി ഒച്ചയിടുന്നവരായി ഇന്ന് ഭൂരിപക്ഷം യുവാക്കളും മാറിയിരിക്കുന്നു അല്ലെങ്കില്‍ മാറിക്കൊണ്ടിരിക്കുന്നു. വികാരം വിചാരത്തെ മറികടക്കുമ്പോള്‍ നശീകരണ ശക്തികളായി മാറാന്‍ എളുപ്പമാണ്. 

പത്രത്താളുകളില്‍ അച്ചടിച്ച് വരുന്ന യുവാക്കളുടെ പടങ്ങളിലും വാര്‍ത്തകളിലും അധികവും നേട്ടത്തിന്റെ സൂചികയായിട്ടല്ല, മറിച്ച് കിരാതമായ ചെയ്തികളുടെ ജീവിക്കുന്ന ഉദാഹരങ്ങളായിട്ടാണ് നമുക്ക് മുന്നില്‍ വാര്‍ത്തയാകുന്നത്.

മദ്യവും മയക്കുമരുന്നും മദിരാക്ഷിയും അതിനു ചേര്‍ന്ന് നിന്നുകൊണ്ടുള്ള സോഷ്യല്‍ മീഡിയകളുടെ അതിപ്രസരവും പലയുവാക്കളുടെയും കര്‍മഭൂമിയെ മരവിപ്പിച്ചിരിക്കുന്നു എന്ന് കാണാനാവും. സ്രഷ്ടാവിനെയും തന്നെത്തന്നെയും തിരിച്ചറിയാനുള്ള മതത്തെ ഭൗതിക നേട്ടങ്ങള്‍ക്കുള്ള മാര്‍ഗമായി മാത്രം കാണുന്നവര്‍ ഒരുവശത്ത്. മത അധ്യാപനങ്ങളെ കേവല ബുദ്ധിയിലും ചിന്തയിലും പരിമിതപ്പെടുത്താനുള്ള തത്രപ്പാടില്‍ അടിസ്ഥാന മൂല്യങ്ങള്‍ പോലും കൈമോശം വന്നുപോകുന്നു എന്ന് ചിന്തിക്കാന്‍ കഴിയാത്തവര്‍ മറുവശത്ത്. 

സ്വാര്‍ഥതയും സങ്കുചിതമായ മനോഗതികളും തന്റെതല്ലാത്ത ഒന്നിനോടും പ്രതിബദ്ധതയില്ലാത്തവരായി യുവതയെ മാറ്റുന്നു. സൈല്‍ഫിക്കും ലൈക്കിനും വേണ്ടി നന്മയും തിന്മയും ചെയ്യുക എന്നതിലേക്കുള്ള വഴിമാറ്റം ആശങ്കയുണര്‍ത്തുന്നതാണ്. 

അണിയേണ്ട വസ്ത്രത്തിന്റെയും തലമുടിയുടെയും നിറവും കോലവും നിശ്ചയിക്കുന്നത് ഇന്ന് വിവിധ രംഗങ്ങളിലെ 'താര'ങ്ങളാണ്, അഥവാ യുവത സ്വന്തം വ്യക്തിത്വത്തിന് സ്ഥാനം നല്‍കാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. 

ലക്കും ലഗാനുമില്ലാതെ ജീവിച്ച് ഒടുവില്‍ ജീവിതം സ്വയം അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് പലരും ചെന്നെത്തുന്നു. 

യുവത്വത്തെ കടമകള്‍ പഠിപ്പിക്കേണ്ടവര്‍ കലാപത്തിനായി ഉപയോഗപ്പെടുത്തുകയും തങ്ങള്‍ക്ക് അധികാരക്കസേരകള്‍ കരസ്ഥമാക്കാനുള്ള ചവിട്ടു പടികളായി ഉപയോഗിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയും നാം കണ്ടുകൊണ്ടിരിക്കുന്നു. 

കേരളം സ്വന്തം യുവത്വത്തെ അറിഞ്ഞ വര്‍ഷമാണ് കഴിഞ്ഞുപോയത്. എല്ലാം നഷ്ടപ്പെട്ടു എന്ന് അലമുറയിട്ട പ്രളയ സമയത്തും ആദ്യം കര്‍മ നിരതരായത് ഇക്കൂട്ടരായിരുന്നു. സ്മാര്‍ട് ഫോണിലൂടെ അവരുടെ വിരല്‍ ചലിച്ചപ്പോള്‍, അവരുടെ ചിന്താമണ്ഡലത്തിലെ നൂതനാശയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ അത് സമ്മാനിച്ച ആശ്വാസത്തിന്റെ വ്യാപ്തി എടുത്തുപറയേണ്ടത് തന്നെയാണ്.