എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മാര്‍ച്ച് 23 1440 റജബ് 16

തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയരുമ്പോള്‍

-നബീല്‍ പയ്യോളി റിയാദ്

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഊഴം ഏപ്രില്‍ 23നാണ്. 

ഇന്ത്യന്‍ ജാനാധിപത്യ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിന് മുന്നിലാണ് നാം നില്‍ക്കുന്നത് എന്ന ബോധ്യം ഓരോ പൗരനും ഉണ്ടാവേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തുല്യതയില്ലാത്ത ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാളുകളാണ് കഴിഞ്ഞുപോയത്. 

ലജിസ്ലേറ്റീവിനെയും ജുഡീഷ്വറിയെയും തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു. ജനാധിപത്യ ഇന്ത്യാ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ജഡ്ജിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനം നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വഷളായി. എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് ചിന്തിക്കണം എന്ന് തുടങ്ങിയ ഓരോ പൗരന്റെയും മൗലികാവകാശങ്ങെള ധ്വംസിക്കുവാന്‍ വരെ അധികാരത്തിന്റെ തണലില്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചു. കടുത്ത വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളും പ്രകോപന പ്രസംഗങ്ങളും നടത്തി ദളിതരെയും ന്യൂനപക്ഷങ്ങളെയും അരക്ഷിതരാക്കാനുള്ള തന്ത്രങ്ങള്‍ സംഘപരിവാര്‍ 'സാക്ഷി'കള്‍ കൃത്യമായ ഇടവേളകളില്‍ നടപ്പാക്കി. 

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിച്ച നോട്ട് നിരോധനം എങ്ങനെ നാം മറക്കും? ആയിരക്കണക്കിന് കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തു. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്ത്രീ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് കൊണ്ടുവന്ന മുത്ത്വലാക്വ് നിരോധന ബില്‍ ഏകസിവില്‍ കോഡിലേക്കുള്ള ചവിട്ടുപടിയായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നുവെന്നത് യാഥാര്‍ഥ്യം.

മാധ്യമങ്ങളെയും സാമൂഹ്യ പ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും സംഘപരിവാറുകാര്‍ വെറുതെവിട്ടില്ല. രാജ്യസ്‌നേഹത്തിന്റെ മൂടുപടമണിഞ്ഞ്, തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്താന്‍ അവര്‍ വ്യഗ്രതകാണിക്കുന്നു. 

ഇന്ത്യന്‍ ഭരണഘടന ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്ക് തടയിടുന്നു എന്ന തിരിച്ചറിവ് ഭരണകൂടത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇനിയൊരവസരം ലഭിച്ചാല്‍ ഭരണഘടന തന്നെ മാറ്റിയെഴുതി ജനാധിപത്യ ഇന്ത്യയുടെ ചരമക്കുറിപ്പ് രചിക്കാനാണ് സംഘപരിവാര്‍ തയ്യാറെടുക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ അനുഭവിച്ചത് തുല്യതയില്ലാത്ത പ്രയാസങ്ങളാണ്. ഈ പ്രയാസങ്ങളും ജനാധിപത്യ, മതേതരത്വവിരുദ്ധ ചിന്താഗതികളും ഇനിയും നിലനില്‍ക്കേണമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ജനാധിപത്യവും മതേതരത്വവും മനുഷ്യസൗഹാര്‍ദവും രാജ്യത്ത് നിലനില്‍ക്കരുത് എന്നാഗ്രഹിക്കുന്നവരുടെ കൈകളില്‍ രാജ്യത്തെ ഏല്‍പിച്ചുകൂടാ. സ്വാര്‍ഥതാല്‍പര്യങ്ങളും തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളും ഫേക്ക് ന്യൂസുകളും പ്രകോപന ശ്രമങ്ങളും ഒന്നും നമ്മുടെ മനസ്സിനെ സ്വാധീനിച്ച് കൂടാ. ഓരോ പൗരനും മാധ്യമങ്ങളും ശക്തമായ ജാഗ്രത പുലര്‍ത്തേണ്ട സമയം. 

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മതേതര പാര്‍ട്ടികള്‍ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ജനാധിപത്യ ശക്തികളെ പരമാവധി ചേര്‍ത്തുപിടിച്ച് ഈ തെരഞ്ഞെടുപ്പ് പ്രക്രിയയെ അര്‍ഥവത്താക്കണം. ചെറിയ ചില നഷ്ടങ്ങള്‍ സംഭവിച്ചാലും അത് നല്ല നാളേക്കുള്ള ഒരു കരുതലായി കാണാന്‍ സാധിക്കണം.

ഹിന്ദുവും മുസ്ലിമും ജൈനനും ബൗദ്ധനും മതമില്ലാത്തവനും വര്‍ണ, വര്‍ഗ, ഭാഷ, വേഷ വ്യത്യാസമന്യെ അവനവന്റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ഒരുമയില്‍ കഴിയണം. വെറുപ്പിന്റെയും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും മുകളില്‍ തീര്‍ത്ത ചീട്ടുകൊട്ടാരത്തെ തകര്‍ത്തെറിഞ്ഞ് നല്ലൊരു ഇന്ത്യയെ നമുക്കൊരുമിച്ച് കെട്ടിപ്പടുക്കാം.