എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

ആസ്വാദനങ്ങളുടെ അന്തകന്‍

-അബ്ദുല്‍ ഹസീബ് മഞ്ചേരി

മെഡിക്കല്‍ സയന്‍സിന്റെ ഈറ്റില്ലമായ എയിംസില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ പ്രശസ്തനായ ഡോക്ടറുടെ ഒരപേക്ഷ വായിക്കാനിടയായി. മാരകമായ ബ്ലഡ്ക്യാന്‍സര്‍ ബാധിച്ച അദ്ദേഹത്തിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റെഷന് യോജിച്ച മജ്ജ തേടിക്കൊണ്ടുള്ളതായിരുന്നു അത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ നിന്നുള്ള അപേക്ഷ!

വിവാഹം കഴിഞ്ഞ്  ദിവസങ്ങള്‍ മാത്രം പിന്നിട്ട സന്ദര്‍ഭത്തില്‍ സംഭവിച്ച ഒരു മേജര്‍ ആക്‌സിഡന്റില്‍ നിന്നും വീല്‍ചെയര്‍ ജീവിതമെങ്കിലും തിരിച്ചുപിടിക്കാനായി നടത്തുന്ന മെഡിക്കല്‍ പോരാട്ടത്തിന്റെ വിജയത്തിനായി പ്രാര്‍ഥിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു മെസ്സേജ് കണ്ടു.

തന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള പുതിയ വീട്ടിലേക്ക് ഒരുപാട് സ്വപ്‌നങ്ങളുമായി വിമാനമിറങ്ങിയ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ കാറപകടത്തില്‍ മരണപ്പെട്ടതായി കേള്‍ക്കാന്‍ സാധിച്ചു.

എത്ര വേഗത്തിലാണ് നമ്മുടെ അവസ്ഥകള്‍ മാറിമറിയുന്നത്! ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് തികച്ചും വ്യത്യസ്തമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെടുന്നു നാം.

എത്രയെത്ര അപകടങ്ങളില്‍ നിന്നും മാരകമായ അസുഖങ്ങളില്‍ നിന്നുമാണ് നാം ദിനേന അകറ്റപ്പെട്ടു കൊണ്ടിരിക്കുന്നത്! ഒരു നിമിഷാര്‍ധം മതിയാവില്ലേ ഏത് വീട്ടില്‍ നിന്നും ഒരു കൂട്ടനിലവിളി ഉയരാന്‍?  മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധമുള്ള ബെഡ്‌റൂമിലെ ഇരുണ്ട ലോകത്തിലേക്ക് ജീവിതം എന്നന്നേക്കുമായി പറിച്ചുനടപ്പെടാന്‍?

നമുക്കിന്നത് ഉള്‍ക്കൊള്ളാന്‍ പോലുമാകുന്നില്ല. അത്ര 'കളര്‍ഫുള്‍' ആണ് നമ്മുടെ ജീവിതം. അതിനൊരു സഡന്‍ ബ്രേക്ക്?  ഇല്ല, നമ്മുടെ ചിന്തയില്‍ ഒരിക്കലും അങ്ങനെയൊന്നില്ല. ഈ വരികള്‍ വായിക്കുമ്പോള്‍ പോലും സുഖകരമല്ലാത്ത അത്തരം ചിന്തകളെ അകറ്റിനിര്‍ത്താന്‍ നാം ശ്രമിക്കുന്നു. ശരിയാണ്; നമുക്കാവശ്യം സന്തോഷം നിറയുന്ന ഓര്‍മകളും ചിന്തകളുമാണ്. പക്ഷേ, എത്രതന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാലും ഒരിക്കല്‍ നമ്മുടെ ജീവിതത്തെയും തേടി വരില്ലേ ആ സഡന്‍ ബ്രേക്ക്?

'അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു' (ക്വുര്‍ആന്‍).

അല്ലാഹുവിന്റെ ഈ പിടുത്തത്തെ പറ്റി നാം ഭയപ്പെടേണ്ടതില്ലേ? അപകട, മരണ വാര്‍ത്തകള്‍  നമുക്കുള്ള ശക്തമായ ഉപദേശങ്ങളാണ്. മരണത്തിനെ കുറിച്ചുള്ള ഓര്‍മ പോലെ നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുന്ന മറ്റൊന്നില്ല തന്നെ. പ്രവാചകന്റെ വചനങ്ങളും അതുതന്നെയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്: 'ആസ്വാദനങ്ങളുടെ  അന്തകനായ മരണത്തെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക' (തുര്‍മുദി).

രഹസ്യ-പരസ്യ ജീവിതം സംശുദ്ധമാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മരണചിന്ത. ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെട്ട ഒരാള്‍ക്കെങ്ങനെയാണ് താല്‍ക്കാലിക ആസ്വാദനത്തിനു വേണ്ടി തിന്മകളില്‍ മുഴുകുവാന്‍ കഴിയുക? അനശ്വരമായൊരു ജീവിതത്തിലെ അവസാനിക്കാത്ത ആസ്വാദനങ്ങള്‍ക്കു വേണ്ടി തിന്മകള്‍ വെടിയാന്‍ നമുക്ക് സാധിക്കണം. ഒരു ഹദീഥ് കാണുക:

''റസൂലേ, ജനങ്ങളില്‍ ഏറ്റവും മാന്യനും ബുദ്ധിമാനും ആരാണ്?'' തിരുമേനി ﷺ  പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും മരണസ്മരണയും മരണത്തിനു തയ്യാറെടുപ്പും ഉള്ളവന്‍. അത്തരക്കാര്‍ ഇഹലോകത്തു ബഹുമതിയും പരലോകത്തു ശ്രേഷ്ഠതയും  കരസ്ഥമാക്കി'' (ഇബ്‌നുമാജ).