എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

മൂടുപടവും മുസ്‌ലിം സ്ത്രീയും

-സമീര്‍ മുണ്ടേരി

'മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം

എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം

ഏതു മതക്കാരനാകിലും കൂട്ടരേ

എങ്ങനെ ജീവിയ്ക്കുമെന്നതാണ് പ്രശ്‌നം

നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്ന ഹിന്ദുവും

നിത്യം നമസ്‌കരിച്ചീടും മുസല്‍മാനും

എന്നും കുരിശുവരയ്ക്കുന്ന ക്രിസ്ത്യനും

ചങ്കിലെ ചോര ചുവപ്പുതന്നെ...'

ഈ മുദ്രാവാക്യം വിളിച്ചവര്‍ മതങ്ങളെ തെരുവിലും പേജിലും പരിഹസിക്കാന്‍ മത്സരിക്കുന്ന കാഴ്ചകളാണ് സമീപ കാലത്ത് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

മുസ്‌ലിം സമൂഹത്തെ പരിഹസിക്കാന്‍ വേണ്ടിയുളള 'കിതാബ്' എന്ന നാടകവും സ്ത്രീകള്‍ മാന്യമായി വേഷം ധരിക്കണം എന്ന് പ്രസംഗിച്ച ഫറോഖ് കോളേജിലെ അധ്യാപകന്റെ പ്രസംഗത്തെ വളച്ചൊടിച്ച് മാറിടം തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് നടത്തിയ വത്തക്ക സമരവുമൊന്നും കേരളം മറന്നിട്ടില്ല.

തങ്ങള്‍ക്ക് ആവശ്യമുണ്ടാകുമ്പോള്‍ പര്‍ദ എന്ന വസ്ത്രം ധരിപ്പിച്ച് പെണ്ണിനെ റോഡില്‍ അണിനിരത്താന്‍ ശ്രമിക്കുന്നവര്‍, പാര്‍ട്ടി റാലികളിലും മറ്റും തലമറക്കുന്ന പെണ്ണിനെ മുന്നില്‍ കൊണ്ട് നടക്കുന്നവര്‍... തരം കിട്ടുമ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്.

ഇസ്‌ലാമിക അധ്യാപനങ്ങള്‍ അറിയാതെയും പഠിക്കാതെയും പരിഹസിച്ച് കഥയും കവിതയുമെഴുതി ഒരു വിഭാഗത്തിന്റെ ചങ്കില്‍ കുത്തുന്നത് നിങ്ങള്‍ക്ക് ഹരമാണെന്ന് കേരളം തിരിച്ചറിയുന്നുണ്ട്. ഇസ്‌ലാം സ്ത്രീയ്ക്ക് നല്‍കിയ മാന്യത ലോകത്തൊരു മതവും നല്‍കിയിട്ടില്ല എന്നത് ചരിത്രം തെളിയിച്ചതാണ്. മുസ്‌ലിം സ്ത്രീയെ ഇസ്‌ലാമിക വസ്ത്രധാരണ രീതിയില്‍ നിന്ന് പുറത്ത് കൊണ്ടുവരിക എന്നത് ചിലരുടെ സ്വപ്‌നമാണ്.  ഇന്ന് പെണ്ണിന്റെ വസ്ത്രം തീരുമാനിക്കുന്നത് മുതലാളിത്തമാണ്. പൊതുസമൂഹത്തിന് മുന്നില്‍ തന്റെ നഗ്‌നത പാതിയും പൂര്‍ണമായും വെളിവാക്കി നടക്കലാണ് സ്വാതന്ത്ര്യം എന്ന് അഭിപ്രായമുണ്ടെങ്കില്‍ ഇസ്‌ലാം ശക്തമായി അതിനെ എതിര്‍ക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ എങ്ങനെയുള്ള വേഷം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്; അവര്‍ തീരുമാനിക്കുന്നതാകട്ടെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുമാണ്. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ വഴിക്ക് നീങ്ങാമല്ലോ.

മുസ്‌ലിം സഹോദരിമാരേ, പ്രാകൃത വേഷമെന്ന് പരിഹസിക്കപ്പെടുന്ന നിങ്ങളുടെ ഈ മൂടുപടം തന്നെ ധരിച്ചുകൊണ്ട്, പെണ്ണിന് സ്വാതന്ത്ര്യം നല്‍കുന്നില്ല എന്ന് പറയുന്നവരുടെ മുമ്പില്‍ നിവര്‍ന്നു നിന്ന് ഇസ്‌ലാം എനിക്ക് നല്‍കിയ ഏറ്റവും വലിയ അവകാശവും സ്വാതന്ത്ര്യവും എന്റെ വസ്ത്രമാണ് എന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കണം.

വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: ''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ (ജലാബീബ്) തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നുവനും കരുണാനിധിയുമാകുന്നു'' (33:59).