വിശപ്പ്
അഫ്‌വാന ബിന്‍ത് ലത്തീഫ്, വടുതല
2018 ഒക്ടോബര്‍ 13 1440 സഫര്‍ 02
അമീന്‍ കൈ തടവിക്കൊണ്ടിരുന്നു. അവന്റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഇടയ്ക്കിടയ്ക്ക് തേങ്ങലിന്റെ ഒച്ച കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരുന്നു.
''ചപ്പാത്തി ഇഷ്ടമില്ലാത്തത് ഒരു തെറ്റാണോ'' എന്ന് അവന്‍ സ്വയം ചോദിച്ചു. അടികൊണ്ട് പാട് വന്ന കൈയിലേക്ക് അവന്‍ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ സങ്കടം ഇരട്ടിക്കുകയാണ്.
വിശപ്പ് സഹിക്കവയ്യാതായിരിക്കുന്നു. സ്‌കൂളിന് അവധിയായതിനാല്‍ കളിക്കാന്‍ പോയതാണ്. കളി കഴിഞ്ഞ് വിശന്ന് വന്നതായിരുന്നു. ഉമ്മ മുന്നില്‍ കൊണ്ടുവന്ന് വെച്ചത് ചപ്പാത്തി. രണ്ടുമൂന്ന് ദിവസമായി ചപ്പാത്തി തന്നെയാണ് ചായക്ക് കടി. അവനത് കണ്ടപ്പോള്‍ ദേഷ്യം വന്നു.
''ഇന്നും ചപ്പാത്തി തന്നെയാണോ?'' എന്ന് ഉച്ചത്തില്‍ ചോദിച്ചുകൊണ്ട് അമീന്‍ ചപ്പാത്തി പാത്രം എടുത്തെറിഞ്ഞു.
ഇത് കണ്ട ഉമ്മാക്ക് സഹിച്ചില്ല. അവര്‍ ഒരു വടിയെടുത്ത് ഓടിവന്ന് അവനെ തല്ലി.
''നിനക്ക് വേണ്ടെങ്കില്‍ കഴിക്കണ്ട. എന്നാല്‍ ഭക്ഷണം വലിച്ചെറിയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഇനി മേലില്‍ ഇത് ആവര്‍ത്തക്കരുത്'' ഉമ്മ തല്ലുന്നതിനിടയില്‍ പറഞ്ഞു.
ഓര്‍ക്കുമ്പോള്‍ കൈയില്‍ ഒരു നീറ്റല്‍. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അമീന്‍ തന്റെ പട്ടിണി സമരം. ഇനി ഉപ്പ വരട്ടെ. എന്നിട്ട് അങ്ങാടിയില്‍ പോകണം. ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിത്തരാന്‍ പറയണം. തല്ലിയതിന് ഉപ്പ ഉമ്മയെ ശകാരിക്കുകയും ചെയ്യും.
ഇങ്ങനെ കരുതിയിരിക്കുമ്പോഴാണ് വല്ലിപ്പ കേറിവന്നത്. വല്ലിപ്പയെ കണ്ടയുടന്‍ അവന്‍ കൈയില്‍ തടവി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. ഉമ്മ അകത്തുനിന്നും വന്ന് അവന്‍ ചെയ്തത് വിശദീകരിച്ചു.
''സാരമില്ല, ഇനിയിത് ആവര്‍ത്തിക്കരുത്'' വല്ലിപ്പ രണ്ടുപേരോടുമായി പറഞ്ഞു.
''ഞാനേതായാലും അങ്ങാടിയില്‍ പോകുന്നു. നീ വരുന്നെങ്കില്‍ വാ'' വല്ലിപ്പയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവന്റ മനസ്സില്‍ ലഡു പൊട്ടി. ഇന്ന് ഷവര്‍മ ഒത്തത് തന്നെ!
അമീന്‍ താന്‍ ജയിച്ചു എന്ന ഭാവത്തില്‍ ഉമ്മയെ നോക്കി ചിരിച്ചു. ഉമ്മ പുഞ്ചിരിച്ചു.
അവര്‍ അങ്ങാടിയില്‍ പോയി. വല്ലിപ്പ അവന്റെ താല്‍പര്യപ്രകാരം ഷവര്‍മ വാങ്ങിക്കൊടുത്തു. അവന്‍ അത് കഴിച്ച് സന്തോഷവാനായി വല്ലിപ്പയുടെ കൈപിടിച്ച് അങ്ങാടിയിലൂടെ നടന്നു.
നടക്കുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്. റോഡരികില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ദുര്‍ഗന്ധം കാരണം അമീന്‍ മൂക്കുപൊത്തി. ഒരു പട്ടി വാലാട്ടിക്കൊണ്ട് അതിനിടയില്‍ പരതുന്നുണ്ടായിരുന്നു. അപ്പോഴാണ് അമീന്‍ തന്റെയത്ര പോലും പ്രായമില്ലാത്ത ഒരു ആണ്‍കുട്ടിയെ അവിടെ കണ്ടത്. അവന്‍ ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടം കണ്ടുപിടിച്ച് തിന്നുകയാണ്. അവന് അത് കണ്ടപ്പോര്‍ ഓക്കാനം വന്നു.
''വല്ലിപ്പാ! ആ കുട്ടി ചെയ്യുന്നത് കണ്ടോ, കഷ്ടം'' അവന്റെ ശബ്ദം അറിയാതെ ഉയര്‍ന്നുപോയി.
''മോനേ, ഇങ്ങനെ എത്രയോ പേര്‍ വിശപ്പു മാറ്റാന്‍ ഗതിയില്ലാതെ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. നമ്മള്‍ തിന്നു ബാക്കിയാക്കിയതെങ്കിലും കിട്ടിയെന്നാഗ്രഹിക്കുന്നവരാവണവര്‍. നമ്മളാണെങ്കില്‍ മുന്തിയത് കിട്ടിയാല്‍പോലും പോരാ എന്ന് പറയുന്നവരും. പടച്ചവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചില്ലെങ്കില്‍ അവന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും'' വല്ലിപ്പ പറഞ്ഞു.
താന്‍ കഴിക്കാതെ വലിച്ചെറിഞ്ഞ ചപ്പാത്തിയെക്കുറിച്ച് അമീന്‍ ഓര്‍ത്തു.
''നന്നായി വിശക്കുന്നവന് കണ്ണ് കാണില്ല, രുചി നോക്കില്ല. അവന്‍ എന്തും കഴിക്കും'' വല്ലിപ്പ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
''ഞാന്‍ ചപ്പാത്തി വലിച്ചെറിഞ്ഞത് തെറ്റായിപ്പോയി വല്ലിപ്പാ, എന്നെ പടച്ചവന്‍ ശിക്ഷിക്കുമോ?'' ഇത് ചോദിക്കുമ്പോള്‍ അമീന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന് തന്റെ തെറ്റ് മനസ്സിലായി.
''സാരമില്ല, മോന്‍ അറിയാതെ ചെയ്തതല്ലേ'' വല്ലിപ്പ അവനെ ആശ്വസിപ്പിച്ചു.
''ആ കുട്ടിക്ക് എന്തേലും വാങ്ങിച്ചുകൊടുത്താലോ വല്ലിപ്പാ'' അമീന്‍ ചോദിച്ചു.
''തീര്‍ച്ചയായും, നമുക്ക് ഒരു നേരമെങ്കിലും അവന്റെ വിശപ്പുമാറ്റിക്കൊടുക്കാം'' വല്ലിപ്പയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അമീന് സന്തോഷമായി. അവര്‍ ആ കുട്ടിയെ കൂടെ കൂട്ടി ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു.