അത്യാഗ്രഹം അരുത്
ഉസ്മാന്‍ പാലക്കാഴി
2018 ജൂണ്‍ 02 1439 റമദാന്‍ 17
പതിവുപോലെ അന്നും ആ കുരങ്ങന്‍ വളരെ വിശപ്പോടുകൂടിയാണ് ഉറക്കില്‍നിന്നുണര്‍ന്നത്. ഉടനെ വല്ലതും കിട്ടുമോ എന്ന് നോക്കുവാന്‍ അവന്‍ പരക്കംപാഞ്ഞു. പഴുത്തുനില്‍ക്കുന്ന ഒരു വാഴക്കുല അവന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ അവന്‍ വാഴയില്‍ പാഞ്ഞു കയറി. പഴുത്തു പാകമായി നില്‍ക്കുകയായിരുന്ന കുലയില്‍ തൊട്ടപ്പോള്‍ കുറെ പഴങ്ങള്‍ താഴെ വീണു. അത് പെറുക്കിയെടുക്കാനായി കുരങ്ങന്‍ താഴെയിറങ്ങി. അന്നേരമാണ് ഒരു എലി വലിയൊരു ആപ്പിള്‍ തിന്നുന്നത് അവന്‍ കണ്ടത്. അവന്‍ ആപ്പിളിലേക്ക് കൊതിയോടെ നോക്കിക്കൊണ്ട് പഞ്ഞു:
''ഹോ, എത്ര വലിയ പഴം. വാഴപ്പഴത്തെക്കാള്‍ സ്വാദ് ആപ്പിളിനു തന്നെ. ആപ്പിള്‍ കിട്ടുമോ എന്ന് നോക്കാം.''
താഴെ വീണുകിടക്കുന്ന വാഴപ്പഴം കുരങ്ങന്‍ മറന്നു. അവന്‍ ആപ്പിള്‍മരം തേടി നടന്നു. കുറെ ചെന്നപ്പോള്‍ ഒരു ആപ്പിള്‍മരം കണ്ടു. അതില്‍ ആകെയുള്ളത് ഒരു ആപ്പിള്‍ മാത്രം. കുരങ്ങള്‍ ആപ്പിള്‍ മരത്തില്‍ വലിഞ്ഞുകേറി. ആപ്പിളില്‍ തൊട്ടതും അത് താഴെ വീണു. ആപ്പിള്‍ എടുക്കാനായി കുരങ്ങന്‍ താഴേക്ക് ചാടി.
ആപ്പിള്‍ എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് ഒരു അണ്ണാന്‍ ഇളനീരിന്റെ കഴമ്പ് തിന്നുതും അതിലെ മധുരമുള്ള വെള്ളം കുടിക്കുന്നതും കുരങ്ങന്‍ കണ്ടത്. അവന്‍ പറഞ്ഞു:
''ഹായ് ആപ്പിളിനെക്കാളും വലിയത് ഇളനീര്‍ തന്നെ. അതിലെ വെള്ളം നല്ല മധുരമായിരിക്കും.''
ഉടന്‍ കുരങ്ങന്‍ ആപ്പിളിന്റെ കാര്യം മറന്ന് ഒരു തെങ്ങില്‍ കയറി. വലിയൊരു ഇളനീര്‍ പറിച്ച് അവന്‍ താഴെയിട്ടു. തെങ്ങില്‍നിന്നും താഴെയിറങ്ങിയപ്പോഴാണ് കുറച്ചകലെയായി ഒരു താറാവിനെ കണ്ടത്. അത് എന്തോ തിന്നുന്നുണ്ട്. എന്താണത്? കുരങ്ങന്‍ സൂക്ഷിച്ചുനോക്കി. അത് ഒരു തണ്ണിമത്തനാണ്. പുറത്ത് പച്ചയും ഉള്ളില്‍ ചുവപ്പും നിറമുള്ള തണ്ണിമത്തന്‍ കണ്ടപ്പോള്‍ കുരങ്ങന്റെ വായില്‍ വെള്ളമൂറി. ആരാണ് ഇത്രയും വലിയ തണ്ണിമത്തന്‍ ഈ താറാവിന് കൊടുത്തത്? എവിടെയാണിത് കിട്ടുക? കുരങ്ങന്‍ഇങ്ങനെ ചിന്തിച്ചുകൊണ്ട് ഇളനീര്‍ ഉപേക്ഷിച്ച് തണ്ണിമത്തന്‍ തേടിനടന്നു.
കുറെ നടന്നപ്പോള്‍ കുരങ്ങന്‍ വലിയൊരു പാടം കണ്ടു. തണ്ണിമത്തന്‍ വിളഞ്ഞു നില്‍ക്കുന്ന പാടം. കുരങ്ങന് സന്തോഷമായി. പാകമായ തണ്ണിമത്തന്‍ തിരയുന്നതിനിടയിലാണ് പാടത്ത് അങ്ങുമിങ്ങും പായുന്ന ഒരു മുയലിനെ അവന്‍ കണ്ടത്.
''ഹായ്, മുയല്‍! മുയലിന് തണ്ണിമത്തനെക്കാള്‍ രുചിയുണ്ടായിരിക്കും'' എന്നു പറഞ്ഞ് തണ്ണിമത്തന്റെ കാര്യം മറന്ന് കുരങ്ങന്‍ മുയലിനെ പിടിക്കാനായി പിന്നാലെ കൂടി.
മുയല്‍ പ്രാണരക്ഷാര്‍ഥം അതിവേഗം ഓടി. പിന്നാലെ കുരങ്ങനും. ഏറെ നേരം കുരങ്ങന്‍ മുയലിനെ പിടിക്കാനായി ഓടി. അവന്‍ ഓടിയോടി തളര്‍ന്നു. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. അവന് ഒരു ഭക്ഷണവും തിന്നാന്‍ കിട്ടിയില്ല. വിശപ്പും ദാഹവും ക്ഷീണവും സഹിക്കാന്‍ വയ്യാതെ അവന്‍ തളര്‍ന്നുവീണു.
കൂട്ടുകാരേ, ഉള്ളതില്‍ തൃപ്തിപ്പെടുവാന്‍ നമുക്ക് കഴിയണം. അത്യാഗ്രഹമരുത്. അത്യാഗ്രഹം കാരണത്താലാണ് നമ്മുടെ കഥയിലെ കുരങ്ങന് ഈ ഗതി വന്നത്.