കാരുണ്യത്തിന്റെ കൂലി

ഉസ്മാന്‍ പാലക്കാഴി

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27
(ദാഹിച്ചുവലഞ്ഞ നായക്ക് കിണറ്റിലിറങ്ങി വെളളം കൊടുത്തതിനാല്‍ ഒരാള്‍ സ്വര്‍ഗാവകാശിയായ കഥ നബിﷺ പറഞ്ഞത് കൂട്ടുകാര്‍ക്ക് അറിയാമല്ലോ. അതിന്റെ കവിതാരൂപമാണിത്)

മരുഭൂമിയില്‍ ദാഹിച്ചവശനായിട്ടൊരാള്‍

നടന്നു നീങ്ങീടുന്നു പാദങ്ങളിടറുന്നു

കുടിക്കാനിറ്റുവെള്ളം കിട്ടിയില്ലെങ്കില്‍ താനീ

മരുഭൂമിയിലാരും കാണാതെയറിയാതെ

മരിച്ചു വീഴുമെന്നു നിനച്ചുകൊണ്ട് ചുറ്റും

നോക്കുന്നു വെള്ളത്തിനായ് പാവമാ പരദേശി

ദാഹത്താലിരുള്‍മൂടാന്‍ തുടങ്ങും കണ്ണുകള്‍കൊ-

ണ്ടകലെ അയാള്‍ കണ്ടു കിണറിന്നടയാളം

കിണറ്റിന്‍ നേരെയയാള്‍ നടന്നുചെന്നു വേഗം

തെളിനീരതില്‍ കണ്ടു, ഉള്ളിലെ ദാഹമേറി

മടിക്കാതയാള്‍ പയ്യെയച്ചെറു കിണറ്റിലേ-

ക്കിറങ്ങിയാര്‍ത്തിയോടെ കുടിച്ചു ദാഹം മാറ്റി

കിണറ്റില്‍നിന്നും കേറി നടക്കാന്‍ തുടങ്ങവെ

കണ്ടയാള്‍ ചാരെയൊരു നായയുണ്ടതിയായ

ദാഹത്താല്‍ മണ്ണുകപ്പി കിതച്ചു നിന്നിടുന്നു,

ദീനമാമതിന്‍ മുഖം കണ്ടയാള്‍ വിഷമിച്ചു.

നിമിഷങ്ങള്‍ക്കു മുമ്പ് ദാഹിച്ചു വലഞ്ഞ ഞാന്‍

സഹിച്ച വിഷമമീ നായക്കുമുണ്ടാകില്ലേ?

പിന്നൊട്ടും ശങ്കിക്കാതെ കിണറ്റിലിറങ്ങിയി-

ട്ടിരു ഷൂകളും മാറ്റി അവയില്‍ വെള്ളം നിറ-

ച്ചവ തന്‍ പല്ലുകളാല്‍ കടിച്ചുപിടിച്ചയാള്‍

കരക്കു കേറി വെള്ളം നായയെ കുടിപ്പിച്ചു

നായക്കു വെള്ളം കൊടുത്തതിനെ രക്ഷിച്ചൊരാ

മനുഷ്യന്‍ സ്വര്‍ഗത്തിലെന്നരുളി പ്രവാചകന്‍.

ഭൂമിയിലുള്ളോരോട് കാരുണ്യം കാണിച്ചാലേ

നമുക്ക് ദൈവത്തിന്റെ കാരുണ്യം ലഭിച്ചിടൂ.