കള്ളം പറയരുതായിരുന്നു

ഉസ്മാന്‍ പാലക്കാഴി

2018 മെയ് 26 1439 റമദാന്‍ 10

പണ്ടുപണ്ട് ഒരു കാട്ടിലെ വലിയൊരു മരക്കൊമ്പിലെ ഭംഗിയുള്ള കൂട്ടില്‍ ഒരു കുരുവിക്കുടുംബം നിര്‍ഭയത്വത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്നു. കൂട്ടില്‍ എപ്പോഴും കളിയും ചിരിയും സന്തോഷവുമാണ്. ആണ്‍കുരുവിയും പെണ്‍കുരുവിയും അതിരാവിലെ തീറ്റ തേടി ഒന്നിച്ച് പോകും. ഒന്നിച്ച് മടങ്ങും. ഇരുവരും പുറത്തു പോകുമ്പോള്‍ കൂട്ടില്‍ കൊച്ചുകുരുവി തനിച്ചാകും. പുറത്ത് പോകുമ്പോള്‍ എന്നും അമ്മക്കിളി പറയും: 

''കുഞ്ഞേ, ഞങ്ങള്‍ മടങ്ങിവരും വരെ പുറത്തിറങ്ങരുത്. അത് അപകടമാണ്. നീ കൊച്ചുകുഞ്ഞാണ്. പറക്കാന്‍ പഠിച്ചുതുടങ്ങിയിട്ടേയുള്ളൂ.''

''ഇല്ല, ഞാന്‍ പുറത്തെങ്ങും പോകില്ല'' എന്ന് കുഞ്ഞിക്കുരുവി മറുപടി പറയും. 

ഒരു ദിവസം കുഞ്ഞിക്കുരുവി ചിന്തിച്ചു; കുറച്ചുനേരം കളിക്കാന്‍ വേണ്ടി പുറത്തു പോയാല്‍ എന്ത് സംഭവിക്കാനാണ്? ഇവിടെ തനിച്ചിരുന്ന് മടുത്തു. അമ്മ അങ്ങനെയൊക്കെ പറയും. അവര്‍ തിരിച്ചുവരാന്‍ വൈകും. അതിനുമുമ്പ് മടങ്ങിവരാം. അപ്പോള്‍ ഞാന്‍ പുറത്തുപോയത് അവര്‍ അറിയില്ല. 

അങ്ങനെ കുഞ്ഞിക്കുരു പുറത്തുപോയി. കുറച്ചു നേരം പറന്നു കളിച്ചു. മാതാപിതാക്കള്‍ മടങ്ങിവരും മുമ്പ് കൂടഞ്ഞു. 

''നീ കൂടിനു പുറത്തുപോയിരുന്നോ?'' തിരിച്ചു വന്നയുടന്‍ അമ്മക്കുരുവി ചോദിച്ചു. 

അല്‍പനേരം ചിന്തിച്ച ശേഷം കുഞ്ഞിക്കുരുവി പറഞ്ഞു: ''ഇല്ല ഞാന്‍ പുറത്തെങ്ങും പോയില്ല. നിങ്ങള്‍ പറഞ്ഞതിനെതിരില്‍ ഞാന്‍ ഒന്നും ചെയ്യില്ല.''

ഇത് കേട്ടപ്പോള്‍ മാതാപിതാക്കള്‍ വളരെ സന്തോഷിച്ചു. കുഞ്ഞിക്കുരുവി പറയുന്നത് കള്ളമാണെന്ന് അവരുണ്ടോ അറിയുന്നു! 

ദിവസവും കുഞ്ഞിക്കിളി പുറത്തു പോകും. നേരത്തെ മടങ്ങിവരും. പുറത്തുപോയിരുന്നോ എന്ന്മാതാപിതാക്കള്‍ ചോദിക്കുമ്പോള്‍ ഇല്ല എന്ന് നുണപറയും. അവര്‍ക്ക് സമാധാനമാകും.

പതിവു പോലെ അന്നും കുഞ്ഞിക്കുരുവി പുറത്ത് കളിക്കാന്‍ പോയി. അന്നേരം ഒരു വലിയ പക്ഷി അവനു നേരെ പാറിവന്നു. കുഞ്ഞിക്കുരുവി പേടിച്ച് ആര്‍ത്തു കരഞ്ഞു. കരച്ചില്‍ ഒരു കുരുവി കേട്ടു. അത് വേഗത്തില്‍ ദൂരെയുള്ള കുഞ്ഞിക്കിളിയുടെ മാതാപിതാക്കളുടെ അടുത്തേക്ക്  ചെന്നുകൊണ്ട് പറഞ്ഞു: ''നിങ്ങളുടെ കുഞ്ഞ് കൂടിനുപുറത്താണ്. വലിയൊരു പക്ഷി അവനെ അക്രമിക്കാന്‍ ഒരുങ്ങുന്നുണ്ട്. വേഗം ചെന്ന് രക്ഷപ്പെടുത്തൂ.''

''ഹേയ്, അത് ഞങ്ങളുടെ കുഞ്ഞായിരിക്കില്ല. അവന്‍ ഒരിക്കലും പുറത്ത് പോകില്ല. അവന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട് പോകില്ലെന്ന്. അവന്‍ കളവുപറയില്ല'' ഇതും പറഞ്ഞ് അവര്‍ അവരുട ജോലിയില്‍ മുഴുകി. 

മടങ്ങിവന്നപ്പോള്‍ കാണുന്നത് ഭയന്നുവിറച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിക്കുരുവിയെയാണ്.

''നീ ഇന്ന് പുറത്തു പോയിരുന്നോ?'' 

കരഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: ''അതെ. ഞാന്‍ എന്നും പോകാറുണ്ട്.''

മകന്‍ അനുസരണക്കേട് കാണിച്ചതിനാല്‍, വാക്കുകേള്‍ക്കാത്തതിനാല്‍, കള്ളം പറഞ്ഞതിനാല്‍ മാതാപിതാക്കള്‍ ദുഃഖിച്ചു. അവന്‍ കള്ളം പറയില്ല എന്ന് വിശ്വസിച്ചുപോയി. അതിനാലാണ് ആ കുരുവി പറഞ്ഞത് വിശ്വസിക്കാതിരുന്നത്. എല്ലാവര്‍ക്കും സങ്കടമായി.

''എനിക്ക് വലിയ ദുഃഖമുണ്ട്. ഒരിക്കലുമിനി ഞാന്‍ ആരോടും നുണ പറയില്ല'' കുഞ്ഞിക്കുരുവി പൊട്ടിക്കരഞ്ഞു.

''സാരമില്ല മോനേ, നീ ഒരു കാര്യം അറിയണം. സ്ഥിരമായി കളളം പറയുന്നവര്‍ അപകടത്തില്‍ പെടും. ആരും അവരെ ഇഷ്ടപ്പെടില്ല. എന്നാല്‍ സത്യസന്ധത പ്രയാസങ്ങളില്‍ രക്ഷ നല്‍കും'' അമ്മക്കുരുവി പറഞ്ഞു.

''ഇനി ഞാന്‍ ഒരിക്കലും കള്ളം പറയില്ല. എല്ലാവരോടും സത്യമേ പറയു'' കുഞ്ഞിക്കുരുവി ഉറപ്പു പറഞ്ഞു.