മൂളികുമാരിയും  തള്ളക്കൊതുകും

ഉസ്മാന്‍ പാലക്കാഴി

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

''അമ്മേ, എനിക്കു വയ്യ ഇനിയിങ്ങനെ വീട്ടില്‍ ഒതുങ്ങിക്കഴിയാന്‍. ഞാനുമുണ്ട് അമ്മയുടെ കൂടെ മനുഷ്യരുടെ ചോര കുടിക്കാന്‍''-മൂളികുമാരിക്കൊതുക് കൊഞ്ചിക്കൊണ്ട് തള്ളക്കൊതുകിനോട് പറഞ്ഞു.

''അയ്യോ! മോളേ, നീ അതിനൊന്നും ആയിട്ടില്ല. നീയിപ്പോള്‍ ഈ ചീഞ്ഞ പഴങ്ങളില്‍നിന്നും മറ്റും നീരൂറ്റിക്കുടിച്ച് കഴിഞ്ഞാല്‍ മതി. പുറത്തുപോയി മനുഷ്യരക്തം കുടിക്കാന്‍ മാത്രം നീ വളര്‍ന്നിട്ടില്ല. അവന്മാര്‍ വലിയ ക്രൂരന്മാരാണ്. ഒറ്റയടിക്ക് നിന്നെ അവര്‍ ചമ്മന്തിയാക്കും''-തള്ളക്കൊതുക് പറഞ്ഞു.

''ഈ അമ്മ എന്നും ഇങ്ങനെയേ പറയൂ. ഇന്ന് ഞാന്‍ എന്തായാലും മനഷ്യരക്തം കുടിക്കാന്‍ പോരും..ങാ...'' മൂളികുമാരി ഗര്‍വോടെ പറഞ്ഞു.

''മോളേ അരുതെന്നാ ഞാന്‍ നിന്നോട് പറയുന്നത്. ആപത്തില്‍ ചെന്നുചാടരുത്. നിന്റെ അച്ഛന്‍ ഈ കൊതുകുകോളനിയിലെ ഏറ്റവും വലിയ ധീരനായിരുന്നു. അദ്ദേഹത്തെ പോലും മനുഷ്യര്‍ വകവരുത്തി. ശവം പോലു കണ്ടെത്താനായില്ല''-തള്ളക്കൊതുക് കണ്ണീര്‍ തുടച്ചു.

''എന്റെ പൊന്നു മോള്‍ പറഞ്ഞത് അനുസരിക്കണം. അമ്മ പുറത്ത് പോകുന്നു. കുട്ടുകാരോടൊപ്പം കളിച്ചോളൂ. അമ്മ വൈകാതെ തിരിച്ചെത്തും''-മകള്‍ക്ക് ഒരു മുത്തം നല്‍കി തള്ളക്കൊതുക് പറന്നുയര്‍ന്നു.

അമ്മ പറയുന്നത് കേട്ടാല്‍ ഒരിക്കലും മനുഷ്യരക്തത്തിന്റെ രുചിയറിയാന്‍ കഴിയില്ല. കൂട്ടുകാരില്‍ പലരും മനുഷ്യരക്തത്തിന്റെ രുചിയെക്കുറിച്ച് പറയുമ്പോള്‍ നാവില്‍ വെള്ളമൂറും. ഇന്നെന്തായാലും ഒന്നു പോയിനോക്കാം. മൂളികുമാരിക്കൊതുക് കൊച്ചുചിറകുകള്‍ ചലിപ്പിച്ച് പറന്നുയര്‍ന്നു.

മൂളികുമാരി ഒരു വലിയ വീട്ടില്‍ പ്രവേശിച്ചു. മുറികളിലെങ്ങും ഒരാളെയും കാണാനില്ല. ഒടുവില്‍ അവള്‍ ഒരു മുറിയിലെത്തി. അവിടെ ഒരാള്‍ ഇരുന്ന് വായിക്കുന്നത് കണ്ടു. മനുഷ്യരെ ദൂരെവച്ചു കണ്ട പരിചയമേയുള്ളൂ. ഇന്നിതാ സ്വാദുള്ള ചുടുരക്തം കുടിക്കാന്‍ പോകുന്നു. അവളുടെ വായില്‍ വെള്ളമൂറി.

മൂൡകുമാരി തുറന്നിട്ട ജനലിലൂടെ മുറിക്കുള്ളില്‍ പ്രവേശിച്ച് ആ മനുഷ്യനെ ലക്ഷ്യമാക്കി പറന്നു. അവളുടെ പ്രതീക്ഷ തെറ്റി. അയാളുടെ അടുത്തേക്ക് പറന്നടുക്കാന്‍ കഴിയുന്നില്ല. മേശപ്പുറത്ത് ഒരു സാധനം അതിശക്തമായി കറങ്ങുന്നു. പലവണ ശ്രമിച്ചിട്ടും അടുക്കുവാന്‍ കഴിഞ്ഞില്ല. അവളാകെ തളര്‍ന്നു. ഒടുവില്‍ അവശയായി അവള്‍ വീട്ടിലേക്ക് തിരിച്ചുപോയി.

''ഹാവൂ... എന്റെ അമ്മേ''-അവള്‍ അമ്മയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. അമ്മയാകട്ടെ മകളെ കാണാത്ത വിഷമത്താല്‍ വേവലാതിപൂണ്ടിരിക്കുകയായിരുന്നു.

''എന്റെ മോളേ, നീ എവിടെയായിരുന്നു ഇത്രയും നേരം? എന്തെങ്കിലും പറ്റിയോ?''-തള്ളക്കൊതുക് മകളെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ചു. മൂളികുമാരി നടന്നതെല്ലാം വിശദീകരിച്ചു. അപകടം പിണയാത്തതില്‍ ഇരുവരും ആശ്വസിച്ചു.

പിറ്റേദിവസവും മകളെ ഉപദേശിച്ച് തള്ളക്കൊതുക് പുറത്തുപോയി. മൂളികുമാരിക്ക് അടങ്ങിയിരിക്കാനായില്ല. ഇന്നും ഒന്ന് പരി്രശമിച്ചു നോക്കാം. ആ കറങ്ങുന്ന സാധനം ഫാനാണത്രെ; കാറ്റു നല്‍കുന്ന യന്ത്രം. ചെറിയ കുടിലുകളില്‍ അതുണ്ടാകില്ല പോലും. അമ്മ ഇത് പറഞ്ഞുതന്നത് നന്നായി. ഇന്ന് ഒരു ചെറിയ കുടിലില്‍ ചെല്ലാം.

മൂളികുമാരി ധൈര്യം സംഭരിച്ച് പറന്നുയര്‍ന്നു. കുറെ ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ണില്‍ പെട്ടു. മുറ്റത്ത് കുറെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. അവള്‍ക്ക് സന്തോഷമായി. അവരുടെമേല്‍ ഇരിക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ഓടിക്കളിക്കുന്നതുകൊണ്ട് അതിന് കഴിഞ്ഞില്ല. എങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല. അവള്‍ കുടിലിന്റെ അടുക്കളയില്‍ പ്രവേശിച്ചു. ഒരു സ്ത്രീ എന്തോ ജോലിയിലാണ്. ഇതു തന്നെ അവസരം. മൂളികുമാരി സ്ത്രീയുടെ നാലുപാടും മൂളിക്കൊണ്ട് പറന്നു. 

''ഹൊ, ഈ നശിച്ച കൊതുക് പണിയെടുക്കാന്‍ അനുവദിക്കില്ല'' -ആ സ്ത്രീ വായുവില്‍ കൈചലിപ്പിച്ച് കൊതുകിനെ അകറ്റാന്‍ ശ്രമിച്ചു. മൂളികുമാരി ഭയന്ന് വാതിലിനു മുകളില്‍ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീയുടെ ഇടതുകാല്‍തണ്ടയില്‍ പോയിരുന്നു. അന്നേരം മൂളികുമാരിയുടെ നെഞ്ച് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. ദൈവമേ... ആദ്യമായാണ് ...എന്ത്‌സംഭവിക്കുമാവോ... പള്ള നിറച്ച് ചോരകുടിച്ച് രക്ഷെപ്പട്ടാല്‍ അമ്മയുടെ മുമ്പില്‍ ചെന്ന് വീമ്പുപറയാം. കൂട്ടുകാരോട് വീരസ്യം പറയാം. അവള്‍ കണ്ണിറുകെ ചിമ്മി തന്റെ കൂര്‍ത്ത ചുണ്ട് ആ സ്ത്രീയുടെ കാലില്‍ ആഴ്ത്തി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഒറ്റയടി! 'അമ്മേ' എന്ന് നിലവിളിക്കാന്‍ പോലും അവള്‍ക്കായില്ല. അതിനുമുമ്പേ അവള്‍ ചതഞ്ഞരഞ്ഞു. ആ സമയം മകളെ കാണാത്തതില്‍ വിഷമിച്ച് കരഞ്ഞുകൊണ്ട് തള്ളക്കൊതുക് വീട്ടിലിരിക്കുകയായിരുന്നു; അവള്‍ ഇപ്പോള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ.

കൂട്ടുകാരേ, അനുസരണക്കേടിന്റെ അനന്തര ഫലം ആപത്താണ്. മാതാപിതാക്കള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറയുന്നത് നമ്മുടെ ഗുണത്തിനു വേണ്ടിയായിരിക്കും. നമുക്ക് അപകടം സംഭവിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ നമ്മെ എപ്പോഴും ഉപദേശിക്കുന്നത്. നാം അതില്‍ വെറുപ്പു കാണിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്യരുത്.