കാഴ്ചയൊരുക്കിയതാര്?

ഉസ്മാന്‍ പാലക്കാഴി

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

മാനം നിറയെ നക്ഷത്ര

പൂക്കള്‍ വിതറിയതാരാണ്?

മാരിക്കാറുകളണയുമ്പോള്‍

ഏഴുനിറത്തില്‍ മഴവില്ലിന്‍

തോരണമാലയൊരുക്കീട്ട്

സുന്ദരമാക്കുവതാരാണ്?

അമ്പിളിമാമന്‍ അംബരമില്‍

തേങ്ങാപ്പൂളിന്‍ രൂപത്തില്‍

ഏറെ മെലിഞ്ഞവനായിട്ട് 

ഉദിച്ചുയര്‍ന്നു വരുന്നല്ലോ

ഒടുവില്‍ പപ്പട രൂപത്തില്‍

തിളങ്ങിനില്‍ക്കുന്നുണ്ടല്ലോ

വീണ്ടും പഴയതുപോലാകും...

ആവര്‍ത്തനമിത് കാണുന്നു!

സൂര്യന്‍ കിഴക്കുനിന്നായി

തലപൊക്കുന്നു സുന്ദരനായ്

പിന്നെ ചുട്ടുപഴുക്കുന്നു

നോക്കാന്‍ പോലും പറ്റില്ല

പിന്നെ ചൂട് കുറയുന്നു

എങ്ങോ പോയി മറയുന്നു

എന്നും നാമിത് കാണുന്നു

എന്നാല്‍ ചിന്തിക്കാറില്ല

ആരീ കാഴ്ചയൊരുക്കുന്നു?

ആര് നിയന്ത്രിച്ചീടുന്നു?

സൂര്യനുദിക്കുന്നില്ലെങ്കില്‍

എങ്ങനെ നമ്മള്‍ ജീവിക്കും?

സ്രഷ്ടാവേകന്‍ അല്ലാഹു

അവന്റെ കഴിവുകളാണെല്ലാം

അവനെല്ലാതും സൃഷ്ടിച്ചു

അറിയുക വേണം നാമവനെ