കൃഷിക്കാരന്റെ നല്ല മനസ്സ്

റാശിദ ബിന്‍ത് ഉസ്മാന്‍

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

(ആശയ വിവര്‍ത്തനം)

ആ രാജാവ് നീതിമാനും നല്ലവനുമായിരുന്നു. എങ്കിലും അദ്ദേഹത്തെ മോശം രാജാവായി ചിത്രീകരിക്കുവാന്‍ ചില ദുഷ്ടബുദ്ധിക്കാര്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിനടക്കുമായിരുന്നു അവര്‍. കാര്യമായ ഒന്നും രാജാവിനെതിരില്‍ പറയുവാന്‍ അവര്‍ക്ക് കിട്ടിയിരുന്നില്ല.

എവിടെയെങ്കിലും റോഡ് തകരാറിലായാല്‍ പോലും അതിന്റെ പേരില്‍ അവര്‍ രാജാവിനെ കുറ്റം പറയും. സ്വന്തമായി സേവനം അവര്‍ ഒന്നും ചെയ്യില്ല. ഒക്കെ രാജാവ് ചെയ്യിക്കണം.

അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചകലെ ഒരു സ്ഥലത്ത് വഴി തടസ്സപ്പെടുത്തുന്ന രൂപത്തില്‍ വലിയ ഒരു കല്ല് കുന്നിന്‍ മുകളില്‍നിന്ന് ഉതിര്‍ന്നുവീണ് കിടക്കുന്ന വാര്‍ത്ത പടര്‍ന്നു. ആരുമത് എടുത്തു മാറ്റുവാന്‍ ശ്രമിച്ചില്ല. 

താന്‍ ഭടന്‍മാരെ അയച്ച് മാറ്റും വരെ മറ്റാരും അത് എടുത്തുമാറ്റില്ല എന്ന് അറിയാവുന്ന രാജാവ് വേഷം മാറി തനിച്ച് അങ്ങോട്ട് യാത്രയായി. അദ്ദേഹം അവിടെ മറഞ്ഞിരുന്ന് ശ്രദ്ധിക്കുവാന്‍ തുടങ്ങി. ധനികരായ കച്ചവടക്കാരും കൊട്ടാരത്തിലെ തന്നെ പല ജോലിക്കാരും അതുവഴി കടന്നുപോയി. ആരും തന്നെ അത് നീക്കുവാന്‍ തുനിഞ്ഞില്ല. 

അങ്ങനെയിരിക്കെ ഒരു കൃഷിക്കാരന്‍ അതുവഴി വന്നു. അദ്ദേഹത്തിന്റെ തലയില്‍ പച്ചക്കറികളുടെ ഭാരിച്ച ചുമടുണ്ട്. ആളുകളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന വിധത്തില്‍ വഴിയില്‍ വലിയ പാറക്കല്ല് കിടക്കുന്നത് കൃഷിക്കാരന്‍ കണ്ടു. അയാള്‍ തന്റെ തലയിലുണ്ടായിരുന്ന ചുമട് താഴെയിറക്കി, എന്നിട്ട് പാറക്കല്ല് നീക്കുവാന്‍ ശ്രമിച്ചു. ആ സമയം അതുവഴി പലരും കടന്നുപോയെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കുവാന്‍ തയ്യാറായില്ല. 

കൃഷിക്കാരന്‍ വളരെ പ്രയാസപ്പെട്ട് ഏറെ നേരം പരിശ്രമിച്ചതിന്റെ ഫലമായി കല്ല് ഒരു ഭാഗത്തേക്ക് തള്ളിനീക്കുവാന്‍ സാധിച്ചു. അയാള്‍ക്ക് വളരെ സന്തോഷമായി. പച്ചക്കറികളടങ്ങുന്ന ചുമട് വീണ്ടും തലയിലേറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആ കല്ല് കിടന്നിരുന്ന ഭാഗത്ത് ഒരു പണക്കിഴി കിടക്കുന്നത് കണ്ടത്. അയാള്‍ അതെടുത്ത് തുറന്നു നോക്കി. അത്ഭുതം...! അതില്‍ നിറയെ സ്വര്‍ണ നാണയങ്ങള്‍! അതില്‍ ഒരു കടലാസും ഉണ്ടായിരുന്നു. കൃഷിക്കാരന്‍ അതെടുത്ത് അതില്‍ എഴുതിയിരുന്നത് വായിച്ചു. അത് രാജാവിന്റെ എഴുത്തായിരുന്നു. ഈ കല്ല് വഴിയില്‍നിന്ന് ആര് നീക്കം ചെയ്യുന്നുവോ അവര്‍ക്കുള്ളതാണ് ഈ സ്വര്‍ണ നാണയങ്ങള്‍ എന്നാണ് അതില്‍ എഴുതിയിരുന്നത്. 

പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ലാത്തതിനാല്‍ അയാള്‍ ആ സ്വര്‍ണനാണയങ്ങള്‍ എടുക്കാന്‍ മടിച്ചു. എന്നാല്‍ രാജാവ് തൃപ്തിപ്പെട്ട് സമ്മാനിച്ചതാണെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ സ്വര്‍ണ നാണയങ്ങള്‍ സന്തോഷത്തോടെ തന്റെ പച്ചക്കറികള്‍ നിറച്ച കുട്ടയിലിട്ട് യാത്ര തുടര്‍ന്നു. രാജാവ് മറഞ്ഞിരുന്ന് ഇതെല്ലാം കാണുന്നുണ്ടെന്ന വിവരം അയാള്‍ അറിഞ്ഞതുമില്ല.

കൂട്ടുകാരേ... വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യല്‍ സത്യവിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഹമ്മദ് നബി ﷺ പഠിപ്പിച്ച കാര്യം നിങ്ങള്‍ക്കറിയുമോ? നമുക്ക് ചെയ്യാന്‍ സാധിക്കുന്ന നല്ല കാര്യങ്ങള്‍ നാം തന്നെ ചെയ്യുക; അതിന് മറ്റാരെയും കാത്തുനില്‍ക്കേണ്ടതില്ല. ഈ കഥയിലെ പാവപ്പെട്ട കൃഷിക്കാരന്‍ തന്നെ സഹായിക്കാന്‍ ആരും തയ്യാറാകാതിരുന്നിട്ടും വളരെ പ്രയാസപ്പെട്ട് ചെയ്തത് ഒരു സല്‍പ്രവര്‍ത്തനമാണ്. അയാള്‍ അതിന് ഇഹലോകത്ത് ആരെങ്കിലും പ്രതിഫലം തരുമെന്ന് ആഗ്രഹിച്ചല്ല അത് ചെയ്തത്.