മകന്‍ പഠിപ്പിച്ച പാഠം

ഉസ്മാന്‍ പാലക്കാഴി

2018 നവംബര്‍ 03 1440 സഫര്‍ 23

നല്ല സമ്പന്നനായ ഒരാള്‍ ഒരു ദിവസം തന്റെ മകനെ വിളിച്ചുകൊണ്ട് പറഞ്ഞു: ''മോനേ, നമുക്ക് നാട്ടിന്‍പുറത്തു കൂടി ഒന്ന് സഞ്ചരിച്ചാലോ?''

''എന്തിനാണ് ഉപ്പാ? നമ്മള്‍ എപ്പോഴും പട്ടണത്തിലേക്കാണല്ലോ പോകാറുള്ളത്. പട്ടണത്തില്‍ പോയാല്‍ നല്ല മട്ടന്‍ ബിരിയാണിയോ ഷവര്‍മയോ ഒക്കെ കഴിക്കാം. ഗ്രാമങ്ങളില്‍ പോയിട്ട് എന്ത് കിട്ടാനാ?'' മകന്‍ ചോദിച്ചു.

''മോനേ, എങ്ങനെയാണ് പാവങ്ങള്‍ ജീവിക്കുന്നതെന്ന് നീ നേരില്‍ കണ്ടു മനസ്സിലാക്കണം. അതിന് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം'' ഉപ്പ വിശദീകരിച്ചു.

''എന്നാല്‍ ഞാന്‍ റെഡി'' മകന്‍ സന്തോഷത്തോടെ പറഞ്ഞു.

അങ്ങനെ ഇരുവരും ഒന്നുരണ്ടു ദിവസം ഗ്രാമപ്രദേശങ്ങള്‍ ചുറ്റിസഞ്ചരിച്ചു.

തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ചു: ''എങ്ങനെയുണ്ടായിരുന്നു മോനേ യാത്ര? ഇഷ്ടമായോ?''

''തീര്‍ച്ചയായും! നല്ല അനുഭവമായിരുന്നു.''

''സാധുക്കളുടെ ജീവിതം എങ്ങനെയെന്ന് മനസ്സിലായോ?''

''മനസ്സിലായി.''

''അവരില്‍നിന്ന് എന്ത് പാഠമാണ് നീ പഠിച്ചത്?''

''ഒരുപാട് കാര്യങ്ങള്‍ പഠിച്ചു ഉപ്പാ.''

''അങ്ങനെ പറഞ്ഞാല്‍ പോരാ, വിശദീകരിച്ചു പറ'' ഉപ്പ നിര്‍ബന്ധിച്ചു.

എന്നാല്‍ ഞാന്‍ പറയാം: ''നമുക്ക് നമ്മുടെ പൂന്താട്ടത്തിനു നടുവില്‍ ചെറിയൊരു നീന്തല്‍ക്കുളമേയുള്ളൂ. എന്നാല്‍ പാവങ്ങള്‍ക്ക് നോക്കെത്താദൂരം നീളമുള്ള അരുവിയുണ്ട്. അവര്‍ക്ക് അതില്‍ നീന്തിത്തുടിക്കാം. നമ്മുടെ  മുറ്റം മുമ്പിലുള്ള മതിലില്‍ അവസാനിക്കുന്നു. കളിക്കാന്‍ കൂടുതല്‍ സ്ഥലമില്ല. എന്നാല്‍ അവരുടെ മക്കള്‍ക്ക് അതിരില്ലാത്ത സ്ഥലമുണ്ട് കളിക്കാന്‍. നാം രാത്രി പൂന്താട്ടത്തിലിരുന്ന് കാറ്റുകൊണ്ട് സംസാരിച്ചിരിക്കുന്നത് മുന്തിയ ബള്‍ബുകളുടെ വെളിച്ചത്തിലാണ്. എന്നാല്‍ അവര്‍ ആസ്വദിക്കുന്നത് ചന്ദ്രന്റെയും നക്ഷത്രങ്ങളടെയും വെളിച്ചമാണ്. നമ്മുടെ സ്ഥലം ചുറ്റുമതിലിനുള്ളില്‍ ഒതുങ്ങുന്നു. എന്നാല്‍ അവര്‍ക്ക് വിശാലമായ കൃഷിയിടങ്ങളുണ്ട്. നമുക്ക് എന്ത് ജോലി ചെയ്യാനും വേലക്കാരുണ്ട്. അവരാകട്ടെ സ്വയം വേലചെയ്യുന്നു. നാം പച്ചക്കറികളും പഴങ്ങളും മറ്റും കടയില്‍നിന്ന് കാശിന് വാങ്ങുന്നു. അവര്‍ സ്വയം കൃഷി ചെയ്തുണ്ടാക്കിയത് തിന്നുന്നു. നമുക്ക് വീടും പറമ്പും സംരക്ഷിക്കാന്‍ വലിയ മതില്‍ക്കെട്ടും കാവല്‍ക്കാരുമുണ്ട്. അവര്‍ക്ക് കാവല്‍ക്കാരില്ലെങ്കിലും കൂട്ടുകാരും അയല്‍വാസികളും പരസ്പരം എപ്പോഴും കാവലായിരിക്കും.''

മകന്റെ വാക്കുകള്‍ കേട്ട് ആ പിതാവ് ഒന്നും പറയാനാകാതെ സ്തംഭിച്ച് നിന്നു. അപ്പോള്‍ മകന്‍ പറഞ്ഞു: ''ഉപ്പാ, വാസ്തവത്തില്‍ നമ്മള്‍ എത്ര ദൗര്‍ഭാഗ്യവാന്മാരാണെന്നും ആ പാവങ്ങള്‍ എത്ര സൗഭാഗ്യവാന്മാരാണെന്നും മനസ്സിലാക്കാന്‍ അവസരമൊരുക്കിത്തന്നതിന് നന്ദി...''

മകന്റെ വാക്കുകള്‍ ആ പിതാവിന്റെ ഹൃദയത്തില്‍ കൊണ്ടു. ഈ ചെറുപ്രായത്തില്‍ അവന്‍ ജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കുന്നു. അയാള്‍ സ്‌നേഹത്തോടെ മകനെ ചേര്‍ത്തു പിടിച്ചു.