നാല് കുട്ടിക്കവിതകള്‍

ഉസ്മാന്‍ പാലക്കാഴി

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

ഇസ്‌ലാം കാര്യങ്ങള്‍

അഞ്ചുണ്ടിസ്‌ലാമിന്‍ കാര്യങ്ങള്

അഞ്ചും നാം നന്നായറിയേണ്ടത്

ഒന്നാമത്തേത് ശഹാദത്താണ്

നന്നായി നാവാല്‍ പറയേണ്ടത്

നാവാലെ ചൊല്ലുന്ന നേരം തന്നെ

ഉള്ളില്‍ നാം അര്‍ഥം കരുതിടേണം

'അശ്ഹദു അന്‍' എന്നാണാരംഭത്തില്‍

'ലാഇലാഹ ഇല്ലല്ലാഹു' പിന്നെ

'വ അശ്ഹദു' എന്ന് ചൊല്ലാം ശേഷം

'അന്ന മുഹമ്മദര്‍റസൂലുല്ലാഹ്'

ഇങ്ങനെ നന്നായി ചൊല്ലി നോക്കാം

ചങ്ങാതിമാരൊക്കെ കൂടെ ചൊല്ലൂ

നമസ്‌കാരം

അഞ്ചുസയമ നമസ്‌കാരം

ഇസ്‌ലാം കാര്യമില്‍ രണ്ടാണ്

നിസ്‌കാരം ഒഴിവാക്കുന്നോര്‍

മുസ്‌ലിം അല്ലെന്നറിയേണം

അല്ലാഹുവിന്‍ കല്‍പനയാം

മുത്ത് റസൂലിന്‍ ശാസനയാം

പാലിക്കേണം അത് നമ്മള്‍

സ്വര്‍ഗം കിട്ടാന്‍ നിര്‍ബന്ധം

നിസ്‌കാരത്തിന്‍ നേരത്ത്

കളിയില്‍ മുഴുകിപ്പോകരുതേ

മടികാട്ടല്ലേ കുട്ടികളേ

നരകം കിട്ടും ഓര്‍ക്കേണം

കാറ്റിനോട്

മക്കത്തുനിന്നും വരുന്ന കാറ്റേ

ദിക്കായ ദിക്കെല്ലാം എത്തും കാറ്റേ

മുത്ത് മുഹമ്മദ് മുസ്തഫ തന്‍

നാട്ടില്‍നിന്നെത്തും തണുത്ത കാറ്റേ

ഇബ്‌റാഹീം നബിയുല്ല നിര്‍മിച്ചതാം

കഅ്ബയെ തഴുകി വരുന്ന കാറ്റേ

ഹജ്ജിന്നായ് മക്കത്ത് വന്നെത്തുന്ന

ഹാജിമാര്‍ ലബ്ബൈക ചൊല്ലും നേരം

പളകത്തിലാറാടുന്നുണ്ടോ കാറ്റേ

പ്രാവുകള്‍ തസ്ബീഹ് ചൊല്ലാറുണ്ടോ

നിര്‍ഭയ രാജ്യത്തിലെത്തുന്നോര്‍ക്ക്

മര്‍ഹബ ചൊല്ലിത്തളരാറുണ്ടോ

നീലാകാശം

ആകാശം നീലാകാശം

ആഹാ കാണാന്‍ എന്തുരസം

പകലില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍

മുകളില്‍ നോക്കാന്‍ കഴിയില്ല

രാവില്‍ ചന്ദ്രന്‍ വന്നാലോ

മാനം കാണാന്‍ ബഹുകേമം

ഗമയില്‍ അമ്പിളി നില്‍ക്കുന്നു

നക്ഷത്രങ്ങള്‍ മിന്നുന്നു

മിന്നാമിന്നികളാെണന്ന് 

കണ്ടാല്‍ തോന്നും എന്നാലോ

വമ്പന്‍ വമ്പന്‍ നക്ഷത്രം

ആണേ അവയെന്‍ കുട്ടികളേ

എണ്ണാന്‍ നോക്കൂ ഉണ്ണികളേ

കഴിയില്ലാര്‍ക്കും അവയെണ്ണാന്‍

റബ്ബൊരുവന്റെ കഴിവുകളെ

ഓര്‍ക്കൂ നിങ്ങള്‍ ഉണ്ണികളേ