രണ്ടു കഥകള്‍

കുരങ്ങനും ഡോള്‍ഫിനും

റാശിദ ബിന്‍ത് ഉസ്മാന്‍

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

(ആശയ വിവര്‍ത്തനം)

പണ്ടുപണ്ട് കച്ചവടച്ചരക്കുമായി ഒരു കപ്പല്‍ ദൂരദേശത്തേക്ക് പുറപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ താന്‍ വളര്‍ത്തുകയായിരുന്ന ഒരു പെണ്‍കുരങ്ങിനെയും തന്റെ യാത്രയില്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ കടലിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. അവരുടെ കപ്പല്‍ തകര്‍ന്നുപോയി. എല്ലാവരും വെള്ളത്തിലേക്ക് വീണു. താന്‍ മുങ്ങിമരിക്കുമെന്ന് കുരങ്ങിന് ഉറപ്പായി. പെട്ടെന്ന് ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെടുകയും കുരങ്ങിനെ ഒരു ദ്വീപിന്റെ തീരത്തെത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. തീരത്തെത്തിയപ്പോള്‍ കുരങ്ങിനോട് ഡോള്‍ഫിന്‍ ചോദിച്ചു: 

''നിനക്ക് ഈ സ്ഥലം ഏതെന്ന് അറിയാമോ?''

''അതെ, എനിക്കറിയാം. ഈ കരയിലെ രാജാവ് എന്റെ അടുത്ത സുഹൃത്താണ്. സത്യത്തില്‍ ഞാന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു രാജ്ഞിയാണെന്ന കാര്യം നിനക്കറിയാമോ?'' ഇതായിരുന്നു പൊങ്ങച്ചക്കാരിയായ കുരങ്ങിന്റെ മറുപടി.

ആ കരയില്‍ ഒരാളും ജീവിക്കുന്നില്ലെന്ന് അറിയാവുന്ന ഡോള്‍ഫിന്‍ പറഞ്ഞു: 

''ശരിയാണ്. നിങ്ങള്‍ ഒരു രാജ്ഞിയായിരിക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ രാജ്യത്തെ ഒരു രാജാവുമാകാം.''

കുരങ്ങന്‍ ചോദിച്ചു: ''ഞാന്‍ എങ്ങനെയാണ് ഈ രാജ്യത്തെ രാജാവാകുന്നത്?'' 

ദൂരത്തേക്ക് നീന്തിക്കൊണ്ട് ഡോള്‍ഫിന്‍ പറഞ്ഞു: ''അത് വളരെ എളുപ്പമാണ്. ഈ കരയിലെ ഒരേയൊരു ജീവിയെന്ന നിലയ്ക്ക് നിങ്ങള്‍ ഇനി മുതല്‍ സ്വാഭാവികമായും ഒരു രാജാവാണ്.''

കൂട്ടുകാരേ! ഒരിക്കലും നുണ പറയരുത്. പൊങ്ങച്ചം കാണിക്കുകയുമരുത്. ഇസ്‌ലാം ഇത് രണ്ടും വിലക്കിയിട്ടുണ്ട്. നുണപറയുന്നവരും പൊങ്ങച്ചം നടിക്കുകയും ചെയ്യുന്നവര്‍ ഒടുവില്‍ വലിയ ആപത്തിലായിരിക്കും ചെന്ന് ചാടുക.

സ്വാര്‍ഥനായ കുറുക്കനും കൊക്കും

മരപ്പൊത്തില്‍ താമസിക്കുകയായിരുന്ന ഒരു കൊക്കിനെ സ്വാര്‍ഥനായ ഒരു കുറുക്കന്‍ ഒരു ദിവസം ഉച്ചഭക്ഷണത്തിനായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് കൊക്ക് കുറുക്കന്റെ വീട്ടിലേക്ക് പോകുകയും തന്റെ നീണ്ട കൊക്കുകൊണ്ട് വാതിലില്‍ മുട്ടുകയും ചെയ്തു. കുറുക്കന്‍ വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു: ''അകത്തേക്ക് വരൂ. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം.''

കൊക്ക് ഭക്ഷണം കഴിക്കുവാനായി ഇരുന്നു. അതിന് നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. നല്ല സ്വാദിഷ്ഠമായ ഭക്ഷണത്തിന്റെ മണവും വരുന്നു. കുറുക്കന്‍ ഒരു പരന്ന പാത്രത്തില്‍ സൂപ്പ് വിളമ്പി. അവന്‍ വളരെ വേഗത്തില്‍ ഒറ്റവലിക്ക് തന്നെ അത് കുടിച്ചുതീര്‍ത്തു. പാവം കൊക്ക്! പരന്ന പാത്രമായതിനാലും തന്റെ നീളന്‍ കൊക്ക് കാരണത്താലും അതിന് സൂപ്പ് വലിച്ചുകുടിക്കുവാനായില്ല. കൊക്ക് അമളി പറ്റിയത് പുറത്തുകാണിക്കാതെ ചെറുതായി ചിരിച്ചുകൊണ്ട് വിശപ്പു സഹിച്ച് ഇരുന്നു. സ്വാര്‍ഥനായ കുറുക്കന്‍ ചോദിച്ചു: ''നീയെന്താ സൂപ്പ് കഴിക്കാത്തത്? ഇഷ്ടമായില്ലേ?''

കൊക്ക് പറഞ്ഞു: ''എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിന് വളരെ നന്ദി. നാളെ വൈകുന്നേരം ഭക്ഷണത്തിനായി എന്റെ വീട്ടിലേക്ക് വരൂ.''

അടുത്ത ദിവസം കൊക്കിന്റെ വീട്ടില്‍ കുറുക്കന്‍ പോയി. കൊക്ക് സൂപ്പ് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു. നീണ്ട ഉയരമുള്ള പാത്രത്തിലായിരുന്നു അത് വിളമ്പിയത്.  കൊക്ക് തന്റെ സൂപ്പ് വളരെ വേഗം കുടിച്ചു. എന്നാല്‍ കുറുക്കന് അത് കുടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിശന്നു വലന്നുകൊണ്ട് കുറുക്കന് തിരിച്ചുപോകേണ്ടിവന്നു.

കൂട്ടുകാരേ! നാമാരും സ്വാര്‍ഥന്മാരും ചതിയന്മാരുമാകരുത്. അത് ഒടുവില്‍  നമുക്കു തന്നെ വിനയായിത്തീരും.