ജന്തുക്കളോടും കരുണ കാണിക്കുക

റാശിദ ബിന്‍ത് ഉസ്മാന്‍

2018 ഏപ്രില്‍ 14 1439 റജബ് 27

(ആശയ വിവര്‍ത്തനം)

സ്‌കൂളിലെയും മദ്‌റസയിലെയും വാര്‍ഷിക പരീക്ഷ കഴിഞ്ഞ സന്തോഷത്തിലാണ് ഉസാമ. ഇനി കുറെ ദിവസങ്ങള്‍ കളിയില്‍ മുഴുകാം. വിരുന്നു പോകാം...

''ഉമ്മാ, എനിക്ക് അമ്മാവന്റെ വീട്ടിലേക്ക് വിരുന്നു പോകണം'' അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്ന ഉമ്മയുടെ അടുത്തുചെന്ന് ഉസാമ പറഞ്ഞു. 

''അതിനെന്താ? പോകാമല്ലോ! സ്‌കൂളും മദ്‌റസയുമൊക്കെ പൂട്ടിയതല്ലേ. നീ മാത്രമല്ല നമ്മള്‍ എല്ലാവരും പോകും, നാളെത്തന്നെ.''

ഉമ്മയുടെ ഈ വാക്കുകള്‍ ഉസാമയെ സന്തോഷഭരിതനാക്കി. അമ്മാവന്റെ വീട്ടില്‍ കൂടെ കളിക്കാന്‍ സമപ്രായക്കാരനായ ഫാരിസുണ്ട്. വീടിനടുത്ത് കളിക്കുവാന്‍ വിശാലമായ മൈതാനമുണ്ട്. 

പിറ്റേദിവസം തന്നെ അവര്‍ വിരുന്നു പോയി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അവര്‍ തിരിച്ചുപോയത്. തിരിച്ചുവരുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞ് ഉസാമയുടെ കയ്യിലുണ്ടായിരുന്നു. അമ്മാവന്റെ മകന്‍ നല്‍കിയ സമ്മാനം. അമ്മാവന്റെ വീട്ടില്‍ ഒരു തള്ളപ്പൂച്ചയും മൂന്ന് കുഞ്ഞിപ്പൂച്ചകളുമുണ്ടായിരുന്നു. കൗതുകം തോന്നിയ ഉസാമ ഒരു പൂച്ചക്കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ചോദിച്ചു. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഭംഗിയുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഒരു സഞ്ചിയിലിട്ട് ഉസാമക്ക് നല്‍കിക്കൊണ്ട് ഫാരിസ് പറഞ്ഞു: 

''ഇവന്‍ നല്ല തീറ്റക്കാരനാ. നല്ലവണ്ണം ഭക്ഷണം നല്‍കണം.''

ഉസാമയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. അന്ന് പകല്‍ പൂച്ചക്കുഞ്ഞിന്റെ കൂടെയായിരുന്നു ഉസാമ. അതിന്റെ ചാട്ടവും കളിയുമൊക്കെ അവന്‍ ആസ്വദിച്ചു. എന്നാല്‍ രാത്രിയായപ്പോഴേക്കും അവന് മടുത്തു. ഇതിനെ കൊണ്ടുവരേണ്ടായിരുന്നു എന്ന് അവന് തോന്നി. ആരും കാണാതെ അവന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടന്ന് മുറ്റത്തെ പൂന്തോട്ടത്തിന്റെ മൂലയില്‍ പൂച്ചക്കുഞ്ഞിനെ കെട്ടിയിട്ടു. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാനായി തന്റെ മുറിയിലേക്ക് പോയി.  

കുറെ കഴിഞ്ഞപ്പോഴേക്കും വിശപ്പും തണുപ്പും സഹിക്കാനാവാതെ പൂച്ചക്കുഞ്ഞ് കരയാന്‍ തുടങ്ങി. നായകള്‍ കുരക്കുന്നതു കേട്ട് അത് ഭയന്നുവിറച്ചു. കെട്ടിയിട്ടതിനാല്‍ ഓടിപ്പോകാനും കഴിയില്ലല്ലോ. ഇതൊന്നും ഉസാമ അറിയുന്നുണ്ടായിരുന്നില്ല. 

കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഉസാമയുടെ പിതാവ് അവന്റെ മുറിയിലേക്ക് ചെന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വീഡിയോ സീഡിയുണ്ടായിരുന്നു. 

''അസ്സലാമു അലൈക്കും. മോനേ ഉറങ്ങുന്നതിനു മുമ്പ് ഇതൊന്ന് കാണണം'' സീഡി അവന്റെ നേരെ നീട്ടിക്കൊണ്ട് ഉപ്പ പറഞ്ഞു. 

സലാം മടക്കിക്കൊണ്ട് അവനത് വാങ്ങി. ഉപ്പ മുറിയില്‍ നിന്നും പോയ ഉടനെ ഉസാമ ആകാംക്ഷയോടെ സീഡി കംപ്യൂട്ടറിലിട്ട് പ്ലേ ചെയ്തു. മൃഗങ്ങളോട് കരുണകാണിക്കേണ്ടതിനെക്കുറിച്ചുള്ള മനോഹരമായ ഗാനങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉപ്പ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായി. തനിക്ക് കിട്ടിയ പൂച്ചക്കുഞ്ഞിനോട് കരുണ കാണിക്കണമെന്ന് ഉണര്‍ത്തുവാന്‍ തന്നെയാണ്. എന്നാല്‍ അവന്‍ സ്വയം പറഞ്ഞു: രാത്രി കുറെയായി. പുറത്ത് നല്ല തണുപ്പ്. പൂന്തോട്ടത്തില്‍ നല്ല ഇരുട്ടും. നേരം വെളുക്കട്ടെ. എന്നിട്ടാവാം... അങ്ങനെ അവന്‍ ഉറങ്ങാന്‍ കിടന്നു.

അന്ന് അവന്‍ ഒരു സ്വപ്‌നം കണ്ടു. അവനെ ഒരു കയറില്‍ കെട്ടിയിട്ടിരിക്കുന്നു. അടുത്ത് ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനുമുണ്ട്. അവരെയും കെട്ടിയിട്ടിരിക്കുകയാണ്. ഒരു വലിയ മനുഷ്യന്‍ കസേരയില്‍ ഇരിക്കുന്നു. അയാളുടെ മുമ്പില്‍ ചെറിയൊരു പൂച്ചക്കുഞ്ഞും ഒരു ഒട്ടകവും ഒരു കഴുതയുമുണ്ട്. അവ മനുഷ്യരെ പോലെ സംസാരിക്കുന്നു!

പൂച്ചക്കുഞ്ഞ് അവന്റെ നേരെ കൈചുണ്ടിക്കൊണ്ട് ആ വലിയ മനുഷ്യനോട് പറഞ്ഞു: ''ഇവന്‍ ഭക്ഷണം തരാതെ എന്നെ കെട്ടിയിട്ടു. തണുപ്പും വിശപ്പും ഭയവും സഹിക്കാതെ ഞാന്‍ നിലവിളിച്ചതൊന്നും ഇവന്‍ കേട്ടില്ല. എന്നോട് അല്‍പം പോലും കാരുണ്യം കാട്ടിയില്ല.''

ഒട്ടകം കശാപ്പുകാരനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ''ഇവന്‍ എന്നെ ഭക്ഷണത്തിനായി അറുത്തപ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അറുക്കുന്നതിനു മുമ്പ് വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. കാരുണ്യം കാണിച്ചില്ല. മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് ദയ കാണിക്കാതെയാണ് എന്നെ അറുത്തത്.'' 

കഴുത പറഞ്ഞു: ''ഈ കര്‍ഷകനോട് പ്രതികാരം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇയാള്‍ എനിക്ക് വഹിക്കാന്‍ കഴിയാത്തത്ര ഭാരം എന്നെ വഹിപ്പിച്ചു. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും കഠിനമായി മര്‍ദിക്കും. പട്ടിണിക്കിടും. താങ്കള്‍ കരുണയുള്ള ന്യായാധിപനാണെങ്കില്‍ ഇയാളോട് പകരം വീട്ടാന്‍ എന്നെ അനുവദിക്കണം.''

മൂന്നു പേരിലേക്കും തിരിഞ്ഞുകൊണ്ട് ന്യായാധിപന്‍ ചോദിച്ചു: ''ഈ പാവപ്പെട്ട മൃഗങ്ങള്‍ പറഞ്ഞ വല്ലകാര്യവും നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?''

ആര്‍ക്കും മറുപടിയില്ലായിരുന്നു. മൂന്നുപേരും തലതാഴ്ത്തിനിന്നു. 

''ഹേ പട്ടാളക്കാരേ, ഈ അക്രമത്തിന് വിധേയരായ പാവം ജീവികള്‍ക്ക് അവരോട് അക്രമം കാണിച്ചവരോട് പ്രതികാരം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കൂ'' ന്യായാധിപന്‍ കല്‍പിച്ചു. 

ഉടനെ പട്ടാളക്കാര്‍ ആ മൂന്നു മൃഗങ്ങളെയും ഉസാമയടക്കം മൂന്നുപേരെയും കൊണ്ട് ശിക്ഷ നടപ്പാക്കാനുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. 

'വേണ്ടാ...വേണ്ടാ... എന്നെ ശിക്ഷിക്കരുതേ...' എന്ന് അലറിക്കൊണ്ട് ഉസാമ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. 

താന്‍ തന്റെ മുറിയില്‍ കിടക്കുകയാണ് എന്ന് ബോധ്യമായപ്പോഴാണ് അവന് സമാധാനമായത്. ഉടന്‍ അവന്‍ ചാടിയെണീറ്റു. നേരെ അടുക്കളയിലേക്കാടി. ഫ്രിഡ്ജില്‍നിന്നും ഭക്ഷണമടുത്ത് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പുന്തോട്ടത്തിലേക്കോടി. പൂച്ചക്കുഞ്ഞിന് ഭക്ഷണവും വെള്ളവും നല്‍കി. അതിന്റെ കെട്ടഴിച്ച് വീടിനകത്ത് തണുപ്പുകൊള്ളാത്ത സുരക്ഷിതമായ സ്ഥലത്ത് അതിനെ വെക്കുകയും ചെയ്തു. പിന്നീട് ആശ്വാസത്തോടെ പോയി കിടക്കുമ്പോള്‍ ഉസാമയുടെ ചുണ്ടുകള്‍ 'അല്ലാഹുവേ, എന്നോട് പൊറുക്കണേ' എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. 

കൂട്ടുകാരേ, ഒരു സ്ത്രീ പൂച്ചക്ക് ഭക്ഷണം കൊടുക്കാതെ അതിനെ കെട്ടിയിടുകയും അതിന് സ്വന്തമായി വല്ലതും തേടിപ്പിടിച്ച് ഭക്ഷിക്കുവാന്‍ അവസരം നല്‍കാതെ തടഞ്ഞുവെക്കുകയും ചെയ്തതിന്റെ പേരില്‍ നരകത്തില്‍ പ്രവേശിച്ചതായി നബി ﷺ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ. എല്ലാ ജീവികളോടും കാരുണ്യം കാണിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമ്മള്‍ അങ്ങനെയുള്ള ഉത്തമ സ്വഭാവത്തിനുടമകളായി ജീവിക്കണം.