പൂച്ചയെ കെട്ടിയിട്ടു കൊന്നവള്‍

ഉസ്മാന്‍ പാലക്കാഴി

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

അയ്യയ്യോ കഷ്ടം കഷ്ടം എന്തൊരു പൂച്ചയിത്

വയ്യല്ലോ സഹിക്കുവാന്‍ ഇതിന്റെ ശല്യം തെല്ലും

എലികളനുദിനം പെരുകീടുന്നു വീട്ടില്‍

വലിയ നഷ്ടമവ വരുത്തി വെച്ചീടുന്നു.

സമയമില്ല പൂച്ചയ്ക്കവയെ നശിപ്പിക്കാന്‍

സമയമുണ്ട് കട്ടു തിന്നുവാന്‍ മുടിപ്പിക്കാന്‍

കൊല്ലണം കള്ളിപ്പൂച്ചയിതിനെ വിട്ടുകൂടാ

പൊല്ലാപ്പ് മാറുവാനായ് മറ്റൊരു വഴിയില്ല

ഇത്തരം ചിന്തകളാല്‍ പെണ്ണവളൊരു ദിനം

ഇത്തിരി പോലും ദയ കാട്ടാതെ കെട്ടിയിട്ടാ

പൂച്ചയെ കൊല്ലാനായി, ഭക്ഷണം കൊടുക്കാതെ

സ്വന്തമായ് ഇരതേടി പോകാനും വഴിയില്ല!

ഭക്ഷണത്തിന്റെ ഗന്ധം മൂക്കില്‍വന്നടിക്കുമ്പോള്‍

പാവമാ ജീവി കിടന്നയ്യയ്യോ പിടയുന്നു

നാളുകള്‍ നീങ്ങി പൂച്ചയാകെയും തളര്‍ന്നുപോയ്

ഒരുനാളത് കൊടും പട്ടിണിയാലെ ചത്തു

ഭക്ഷണം കൊടുക്കാതെ പൂച്ചയെ കെട്ടിയിട്ടു

കൊന്നൊരാ പെണ്ണതിനാല്‍ നരകത്തിലാണെന്ന്

നമ്മുടെ നബി നമ്മെ അറിയിച്ചതാണല്ലോ

നന്മയില്‍ മുന്നേറുവാന്‍ നമുക്ക് കഴിയണം.

ഏതാരു ജീവിയോടും കാരുണ്യം കാണിക്കേണ്ട

ബാധ്യത നമ്മള്‍ക്കുണ്ടെന്നറിയൂ കൂട്ടുകാരേ...

0
0
0
s2sdefault