വിചിത്രമായ പരീക്ഷണം

റാഷിദ ബിന്‍യ് ഉസ്മാന്‍

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

(ആശയവിവര്‍ത്തനം)

ദൂരെ കിഴക്കുള്ള ഒരു രാജ്യത്തെ രാജാവിന് വയസ്സൊരുപാടായി. തന്റെ പിന്‍ഗാമിയെ തെരഞ്ഞടുക്കാന്‍ സമയമായെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. തന്റെ മക്കളില്‍നിന്ന് ആരെയെങ്കിലും രാജാവായി തെരഞ്ഞെടുക്കുന്നതിനു പകരം വളരെ വ്യത്യസ്തമായ രീതിയില്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. 

ഒരു ദിവസം അദ്ദേഹം തന്റെ രാജ്യത്തെ മുഴുവന്‍ യുവാക്കളെയും വിളിച്ചുകൂട്ടി. എന്നിട്ട് അവരോട് പറഞ്ഞു: ''എനിക്ക് അധികാരം കൈമാറാന്‍ സമയമായിരിക്കുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് ഒരാളെ അടുത്ത രാജാവായി തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്നു.''

ഈ വാക്കുകള്‍ വിശ്വസിക്കാനാവാതെ എല്ലാവരും പരസ്പരം നോക്കി. ആകാംക്ഷയോടെയും അത്ഭുതത്തോടെയും തന്നെ നോക്കിനില്‍ക്കുന്ന യുവാക്കളെ നോക്കി രാജാവ് തുടര്‍ന്നു: 

''ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ വിത്ത് തരാന്‍ പോകുകയാണ്. നിങ്ങള്‍ അത് കുഴിച്ചിട്ട് മുളപ്പിച്ച് പരിപാലിക്കണം. എന്നിട്ട് അതുമായി ഒരു വര്‍ഷം കഴിഞ്ഞ് ഇവിടെ വരണം. നിങ്ങള്‍ കൊണ്ടുവന്ന ചെടി കണ്ട ശേഷം നിങ്ങളില്‍നിന്നും യോഗ്യനായ ഒരാളെ ഞാന്‍ രാജാവായി തെരഞ്ഞെടുക്കും.''

ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവാണ് ലിങ്ങ്. എല്ലാവര്‍ക്കും കിട്ടിയ പോലെ അവനും ഒരു വിത്ത് കിട്ടി. അതുമായി അവന്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ലിങ്ങ് മാതാവിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. അവര്‍ അവനെ ചെടിച്ചട്ടിയില്‍ മണ്ണുനിറക്കാനും വെള്ളമൊഴിക്കാനും മറ്റും സഹായിച്ചു. അത് മുളച്ചുവരുന്നുണ്ടോ എന്ന് ഓരോ ദിവസവും അവന്‍ നോക്കും. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. നാട്ടിലെ ചില യുവാക്കള്‍ അവര്‍ക്ക് കിട്ടിയ വിത്ത് മുളച്ചുവെന്നും നന്നായി വളരുന്നുണ്ടെന്നും അവനോട് പറഞ്ഞു.

 ആഴ്ചകള്‍ പലതു കഴിഞ്ഞു. ലിങ്ങിന്റെ വിത്ത് മാത്രം മുളച്ചില്ല! മറ്റുള്ളവരെല്ലാം തങ്ങളുടെ ചെടിയെക്കുറിച്ച് മേനിപറയുമ്പോള്‍ അവന് സങ്കടം തോന്നും. താന്‍ പരാജയപ്പെടുമെന്ന് അവന് തോന്നി. എന്നാല്‍ തനിക്ക് കിട്ടിയ വിത്ത് മുളക്കാത്ത കാര്യം ആരോടും അവന്‍ പറഞ്ഞില്ല. 

ഒരു വര്‍ഷം പൂര്‍ത്തിയായി. എല്ലാവരും അവരവരുടെ ചെടികളുമായി രാജകൊട്ടാരത്തിന്റെ മുറ്റത്തെത്തി. തനിക്ക് കിട്ടിയ വിത്ത് മുളക്കാത്തതിനാല്‍ രാജാവിന്റെ അടുത്തേക്ക് പോകുന്നില്ല എന്നായിരുന്നു ലിങ്ങിന്റെ തീരുമാനം. വെറുതെ പോയി അപമാനിതനാകേണ്ടല്ലോ. എന്നാല്‍ അവന്റെ മാതാവ് അവനെ പോകുവാന്‍ നിര്‍ബന്ധിച്ചു. നട്ടുനനച്ച് പരിപാലിച്ചിട്ടും മുളച്ചില്ല എന്ന വിവരം രാജാവിനെ അറിയിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ലിങ്ങിന്റെ മനസ്സ് നീറുകയായിരുന്നു. മാതാവിനെ അനുസരിക്കണമല്ലോ എന്നതിനാല്‍ ഒടുവില്‍ അവന്‍ പോയി. 

കൊട്ടാരത്തിലെത്തിയപ്പോള്‍ വ്യത്യസ്തങ്ങളായ പൂക്കളുള്ള അനേകം ചെടികള്‍ കണ്ട് ലിങ്ങ് ആശ്ചര്യപ്പെട്ടു. അവന്‍ തന്റെ മണ്ണ് മാത്രമുള്ള ചട്ടി താഴെ വച്ചു. മറ്റുള്ളവര്‍ അത് കണ്ട് അവനെ കളിയാക്കിച്ചിരിച്ചു. ചിലര്‍ സഹതാപം പ്രകടിപ്പിച്ച് പരിഹസിച്ചു: ''അയ്യോ, പാവം. രാജാവായതുതന്നെ!''

അങ്ങനെ രാജാവ് ആഗതനായി. എല്ലാവരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ലിങ്ങ് അപമാനബോധത്താല്‍ മറ്റുള്ളവരുടെ പുറകില്‍ ഒളിക്കാന്‍ ശ്രമിച്ചു.  

രാജാവ് പറഞ്ഞു: ''ഹോ, എത്ര തരം ചെടികളം പൂക്കളുമാണ് ഞാന്‍ കാണുന്നത്! നിങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് ഞാന്‍ എന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പോകുകയാണ്.'' 

അന്നേരമാണ് ഒഴിഞ്ഞ ചട്ടിയുമായി പിന്നില്‍ നില്‍ക്കുന്ന ലിങ്ങിനെ രാജാവ് കണ്ടത്. രാജാവ് ഭടന്മാരോട് അവനെ മുന്നിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ ഭയന്നുവിറച്ചു. എന്റെ വിത്ത് മാത്രം മുളച്ചിട്ടില്ല. ഒരുപക്ഷേ, രാജാവ് എന്നെ കൊന്നുകളയാന്‍ കല്‍പിക്കുമായിരിക്കും- അവന്‍ മനസ്സില്‍ കരുതി. 

''നിന്റെ പേരെന്താണ്'' രാജാവ് ചോദിച്ചു.

''ലി...ലിങ്ങ്'' വിറച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു.

യുവാക്കളെല്ലാം അവനെ കളിയാക്കിച്ചിരിച്ചു. 

''മിണ്ടരുതാരും...'' രാജാവ് കല്‍പിച്ചു.

എന്നിട്ട് ലിങ്ങിനെ നോക്കി യുവാക്കളോടായി രാജാവ് പറഞ്ഞു: ''ശ്രദ്ധിക്കുക! ഈ നില്‍ക്കുന്ന ലിങ്ങ് എന്ന് പേരുള്ള യുവാവാണ് ഇനി മുതല്‍ നിങ്ങളുടെ രാജാവ്.'' 

ഇതു കേട്ട് യുവാക്കളെല്ലാം അമ്പരന്നു. ലിങ്ങിന് രാജാവും തന്നെ കളിയാക്കുകയാണോ എന്ന് തോന്നി. കാരണം തനിക്ക് കിട്ടിയ വിത്ത് മുളച്ചിട്ടുപോലുമില്ല. പിന്നെ എങ്ങനെ രാജാവായി തെരഞ്ഞെടുക്കപ്പെടും?

എല്ലാവരും കാര്യമറിയാതെ മിഴിച്ചുനില്‍ക്കവെ രാജാവ് പറഞ്ഞു: ''ഒരു വര്‍ഷം മുമ്പ് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ വിത്ത് വീതം നല്‍കി. അത് നട്ടുവളര്‍ത്തി ഒരു വര്‍ഷത്തിനു ശേഷം കൊണ്ടുവരാനും പറഞ്ഞു.''

''ഞങ്ങളെല്ലാവരും നട്ടുവളര്‍ത്തി ചെടികളുമായി വന്നു. എന്നാല്‍ വെറും ചട്ടിയുമായി വന്ന ഇവന്‍ എങ്ങെനയാണ് രാജാവുക?'' ചില യുവാക്കള്‍ ചോദിച്ചു. 

''നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ തന്നത് ഒരിക്കലും മുളക്കാത്ത വിത്തുകളായിരുന്നു. ലിങ്ങ് ഒഴികെ എല്ലാവരും ചെടികളുമായി വന്നു. ഞാന്‍ തന്ന വിത്ത് മുളക്കാത്തതിനാല്‍ നിങ്ങളെല്ലാവരും വേറെ വിത്ത് നട്ടാണ് ചെടികളുണ്ടാക്കിയത്. അധികാരം കിട്ടാനുള്ള അത്യാഗ്രഹത്താല്‍ നിങ്ങളെല്ലാവരും വഞ്ചന കാണിച്ചു. ലിങ്ങ് മാത്രമാണ് സത്യസന്ധത കാണിച്ചത്. നിങ്ങള്‍ ചെയ്തതുപോലെ അവനും ചെയ്യാമായിരുനു. എന്നാല്‍ വിശ്വസ്തനും സത്യസന്ധനുമായ അവന്‍ അതിന് തയ്യാറായില്ല. അതിനാല്‍ രാജാവാകാനുള്ള യോഗ്യത ലിങ്ങിന് മാത്രമാണുള്ളത്.''

രാജാവ് രാജകിരീടം ലിങ്ങിന്റെ തലയില്‍ വെച്ചുകൊടുക്കുമ്പോള്‍ മറ്റു യുവാക്കളെല്ലാം ലജ്ജിച്ച് തലതാഴ്ത്തി.

കൂട്ടുകാരേ, വഞ്ചനയും കള്ളത്തരവും നമ്മെ നാശത്തിലേക്കാണ് നയിക്കുക. എന്നാല്‍ വിശ്വസ്തതയും സത്യസന്ധതയും നമ്മെ വിജയികളാക്കും. അവര്‍ക്ക് ആരുടെ മുമ്പിലും അപമാനിതരാകേണ്ടി വരില്ല. അതിനാല്‍ സത്യസന്ധരായി ജീവിക്കുവാന്‍ എല്ലാവരും പരിശ്രമിക്കുക.