സര്‍വശക്തന്‍

റാഷിദ.ടി.കെ

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

വറ്റിവരണ്ടു കിടക്കുന്ന ഭൂമിയി-

ലേക്കൊന്നു നോക്കുകെന്‍ കൂട്ടുകാരേ

ഇറ്റു ജലമില്ല, ഒറ്റ പുല്‍നാമ്പില്ല

ഏറ്റമുറപ്പുള്ള മണ്ണു മാത്രം!

മാനത്തില്‍ വാതില്‍ തുറന്നുകൊണ്ടാ മണ്ണി-

ലേക്കു മഴ പെയ്തിറങ്ങിടുമ്പോള്‍

ജീവന്‍ തുടിക്കുന്നു, നൂറായിരം സസ്യ

ജാലങ്ങള്‍ പൊട്ടിമുളച്ചിടുന്നു.

പൂക്കളും കായ്കളുമാകെ നിറയുന്നു

കണ്ണിന് കുളിര്‍മഴയായിടുന്നു.

വെള്ളവും മണ്ണുമൊന്നാകിലും പൂക്കളും

കായ്കളും വൈവിധ്യമാര്‍ന്നതല്ലോ.

എന്തൊരതിശയം, എത്ര മനോഹരം!

എല്ലാതുമല്ലാഹുവിന്‍ വൈഭവം.

ചിന്തിച്ചു നോക്കുകെന്‍ കൂട്ടുകാരേ, നമ്മ-

ളീ ലോകം വിട്ടുപിരിഞ്ഞുവെന്നാല്‍

പിന്നീട് നമ്മള്‍ക്ക് ജീവനേകീടുവാന്‍

ഏകനാമല്ലാക്ക് സാധ്യമല്ലേ? 

ഇല്ലായ്മയില്‍നിന്ന് എല്ലാം പടച്ചവന്‍

എല്ലാറ്റിനും കഴിവുള്ളവനാം.