വിലകൂടിയ സമ്മാനം

റാശിദ ബിന്‍ത് ഉസ്മാന്‍

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

(ആശയ വിവര്‍ത്തനം)

ആ യുവാവ് വളരെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു. എല്ലാ ക്ലാസുകളിലും നല്ല മാര്‍ക്കോടെയാണ് വിജയിച്ചിട്ടുള്ളത്. അവന്റെ മാതാവ് അവന്‍ ചെറിയ കുട്ടിയായിരിക്കെ മരിച്ചുപോയി. അതിനാല്‍ പിതാവ് മാത്രമാണ് സ്വന്തമെന്ന് പറയാനുള്ളത്. വളരെ ലാളിച്ചും സ്‌നേഹിച്ചുമാണ് അവന്റെ പിതാവ് അവനെ വളര്‍ത്തിയത്.

ഒടുവില്‍ അവന്‍ ഉന്നത ബിരുദം നേടി. അവന്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് അവനായിരുന്നു. 

അവന് വാഹനങ്ങളോട് വലിയ താല്‍പര്യമായിരുന്നു. ഒരു പാട് മാസങ്ങളായി അവന്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ വാങ്ങുവാന്‍ പിതാവിനോട് ആവശ്യപ്പെടുവാന്‍ തുടങ്ങിയിട്ട്. ബിരുദദാന ദിവസം സമ്മാനമായി തനിക്ക് താന്‍ ആവശ്യപ്പെട്ട കാര്‍ വാങ്ങിത്തരണമെന്ന് അവന്‍ ആവശ്യപ്പെട്ടു. നോക്കാം എന്ന് മാത്രമായിരുന്നു പിതാവിന്റെ മറുപടി. 

അങ്ങനെ ബിരുദദാന ദിവസം ആഗതമായി. അന്നേ ദിവസം തന്റെ പിതാവ് തനിക്ക് ആ കാര്‍ സമ്മാനിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അന്ന് അതിരാവിലെ അവന്റെ പിതാവ് അവനെ തന്റെ അരികില്‍  വിളിച്ചു വരുത്തി അവനോട് പറഞ്ഞു:

''മോനേ, നിന്റെ ഉമ്മ മരിച്ച ശേഷം നിന്നെ ബുദ്ധിമുട്ടൊന്നുമറിയാതെ ഞാന്‍ വളര്‍ത്തി. നീ വളരെ മിടുക്കനായി വളര്‍ന്നു. ഇന്ന് നീ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്. നിന്നെ ഞാന്‍ വളരെയേറെ സ്‌നേഹിക്കുന്നു.''

അദ്ദേഹം തന്റെ മകന് ഭംഗിയായി പൊതിഞ്ഞ ഒരു പെട്ടി സമ്മാനിച്ചു. ആകാംക്ഷയോടെയും അതിലുപരി അല്‍പം ആശങ്കയോടെയും കൂടി മകന്‍ ആ പെട്ടി തുറന്നു. അതില്‍ അവന്‍ കണ്ടത് ഒരു പുതിയ ക്വുര്‍ആന്‍ കോപ്പിയായിരുന്നു. വളരെയധികം ദേഷ്യത്തോടെ ശബ്ദമുയര്‍ത്തിക്കൊണ്ട് അവന്‍ ചോദിച്ചു: 

''ഇതാണോ നിങ്ങള്‍ എനിക്ക് വാങ്ങിയ സമ്മാനം? എത്ര നാളായി ഞാന്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ വാങ്ങിത്തരാന്‍ പറയുന്നു. എന്നിട്ട് വാങ്ങിത്തന്നിരിക്കുന്നത് ഒരു ക്വുര്‍ആന്‍ മാത്രം.''

ആ വിശുദ്ധ ഗ്രന്ഥം അവിടെ ഉപേക്ഷിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റുപോലെ അവന്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോയി. 'മോനേ, നില്‍ക്ക്. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ' എന്ന് പിതാവ് ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അവന്‍ അതൊന്നും കേട്ടില്ല. 

 അതിനു ശേഷം വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. അവന്‍ വീട്ടിലേക്ക് തിരിച്ചുവന്നില്ല. പിതാവുമായി ബന്ധെപ്പടാന്‍ ശ്രമിച്ചതുമില്ല. 

അവന്‍ മറ്റൊരു നാട്ടില്‍ കച്ചവടത്തിലേര്‍പെട്ട് വലിയ സമ്പന്നനായി മാറി. കൊട്ടാര സമാനമായ വീട് പണിതു. ആ നാട്ടില്‍നിന്നുതന്നെ വിവാഹം കഴിച്ചു. അങ്ങെന ഭാര്യയോടും മക്കളോടുമൊന്നിച്ച് സുഖമായി താമസിച്ചുവരുന്നതിനിടയിലാണ് പിതാവിനെ കാണണമെന്ന ആഗ്രഹം അവന്റെ മനസ്സിലുദിച്ചത്. ഇപ്പോള്‍ വയസ്സായിട്ടുണ്ടാകും; ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും താന്‍ ഇതുവരെ അന്വേഷിച്ചില്ലല്ലോ. വളരെയേറെ തന്നെ സ്‌നേഹിച്ച പിതാവിനോട് താന്‍ ചെയ്തത് വലിയ അക്രമം തന്നെയാണ്. അന്ന്, വീടുവിട്ട ശേഷം ആദ്യമായി അവന്‍ പിതാവിനെ ഓര്‍ത്ത് കരഞ്ഞു.

മകന്‍ പോയ ശേഷം അയാള്‍ ദുഃഖിതനായാണ് കഴിഞ്ഞുകൂടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ മകനെക്കുറിച്ച് അന്വേഷിക്കുകയും അവന്‍ കുടുംബസമേതം എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിണങ്ങിപ്പോയ മകന്‍ തന്നെ കാണുവാന്‍ വരുമോ എന്ന് നോക്കട്ടെ എന്ന ചിന്തയാല്‍ അവനെ പോയി കണ്ടില്ല.

എത്രയും പെട്ടെന്ന് പിതാവിന്റെ അടുത്ത് ചെന്നെത്തണം എന്നായി അവന്റെ ചിന്ത. അങ്ങനെ നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടെയാണ് പിതാവിന്റെ മരണവാര്‍ത്ത അയാളെ തേടിയെത്തിയത്.  

അയാള്‍ വര്‍ധിച്ച സങ്കടത്തോടെ നാട്ടിലേക്ക് പുറപ്പെട്ടു. പിതാവിന്റെ ശരീരം മറവു ചെയ്തു കഴിഞ്ഞ ശേഷമാണ് അയാള്‍ വീട്ടിലെത്തിയത്. ജനിച്ചു വളര്‍ന്ന വീട്ടിലെത്തിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത കുറ്റബോധവും സങ്കടവും തോന്നി. തന്റെ പിതാവിന്റെ പ്രധാനപ്പെട്ട രേഖകള്‍ തിരയുന്നതിനിടയില്‍ അയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഉപേക്ഷിച്ചുപോയ, പിതാവ് സമ്മാനിച്ച ആ ക്വുര്‍ആന്‍ കണ്ടെത്തി. അയാള്‍ കണ്ണീരോെട ക്വുര്‍ആന്‍ തുറന്ന് പേജുകള്‍ മറിച്ചു. വരികള്‍ വായിക്കുന്നിനിടയില്‍ ഒരു കാറിന്റെ താക്കോല്‍ താഴെ വീണു. പണ്ട് അയാള്‍ ആഗ്രഹിച്ച ആ കാറിന്റെ ഡീലറുെട പേരെഴുതിയ ഒരു ടാഗും അതിനൊപ്പമുണ്ടായിരുന്നു. ടാഗിലെ തീയതി അയാളുടെ ബിരുദദാന ദിവസത്തിന്റെ തീയതിയായിരുന്നു. 

അന്ന് സമ്മാനിച്ചത് വെറും ക്വുര്‍ആനായിരുന്നില്ല; താന്‍ ഇഷ്ടപ്പെട്ട കാറും ഉണ്ടായിരുന്നു. തന്റെ മുന്‍കോപം മൂലം സത്യം മനസ്സിലാക്കുവാന്‍ താന്‍ തയ്യാറായില്ല. അവന്‍ ആ താക്കോല്‍ കയ്യില്‍ പിടിച്ച് പൊട്ടിക്കരഞ്ഞു.