സ്വാബിറിന്റെ നോമ്പ്

ഉസ്മാന്‍ പാലക്കാഴി

2018 മെയ് 19 1439 റമദാന്‍ 03

സ്വാബിര്‍ സമര്‍ഥനും മിടുക്കനുമായ ഒരു ബാലനാണ്. ഉപ്പയുടെയും ഉമ്മയുടെയും കൂടെ നമസ്‌കരിക്കുവാന്‍ അവന് വലിയ താല്‍പര്യമാണ്. സ്‌കൂളില്‍ പോയാലും തിരിച്ചുവന്നാലും അവന്‍ നമസ്‌കാരം ഒഴിവാക്കാറില്ല. അങ്ങനെയിരിക്കവെയാണ് നോമ്പുകാലം വന്നത്. വീട്ടിലുള്ളവരെല്ലാം നോമ്പ് നോല്‍ക്കുന്നതുപോലെ താനും നോമ്പ് നോല്‍ക്കുമെന്ന് അവന് വാശിയുണ്ടായിരുന്നു. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന വലിയ പ്രതിഫലം അല്ലാഹുവില്‍ നിന്ന് തനിക്കും കിട്ടണമെന്ന് അവന്‍ ആഗ്രഹിച്ചു. 

റമദാന്‍ ആദ്യദിനം സന്തോഷത്തോടെ സ്വാബിര്‍ അത്താഴം കഴിക്കാന്‍ എഴുന്നേറ്റു. അത്താഴത്തിനു ശേഷം ഉപ്പയുടെ കൂടെ പള്ളിയിലേക്ക് സ്വുബ്ഹി നമസ്‌കരിക്കുവാന്‍ പോയി. നേരത്തെ എഴുന്നേറ്റതിനാല്‍ പള്ളിയില്‍ നിന്ന് വന്നശേഷം അവന് ഉറക്കംവന്നു. സ്‌കൂള്‍ അവധിയാണല്ലോ എന്ന ചിന്തയില്‍ അവന്‍ കിടന്നുറങ്ങി. 

ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വാബിറിന് വലിയ ദാഹം. എന്നും രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു കഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായ കുടിക്കുന്ന പതിവ് അവനുണ്ട്. അന്ന് അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ അവിടെ ഉമ്മയുമില്ല, ചായയുമില്ല. അവന്‍ പൂമുഖത്തേക്ക് ഉമ്മയെ തിരഞ്ഞുചെന്നു. അവര്‍ ക്വുര്‍ആന്‍ ഓതുകയാണ്. 

''ഉമ്മാ, ഭയങ്കര ദാഹം! നല്ല ചൂടും. കുറച്ച് തണുത്ത വെള്ളം കുടിക്കട്ടെ?'' സ്വാബിര്‍ ചോദിച്ചു.

''മോനേ, നീ നോമ്പിന്റെ കാര്യം മറന്നോ?'' ഉമ്മ ചോദിച്ചു.

''മറന്നിട്ടൊന്നുമില്ല ഉമ്മാ... നല്ല ദാഹം...''

''ദാഹവും വിശപ്പുമൊക്കെ നോമ്പ് നോല്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും മോനേ. നീ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെ ക്വുര്‍ആന്‍ ഓതിയും മറ്റും സമയം ഉപയോഗപ്പെടുത്താന്‍ നോക്ക്'' ഉമ്മ അവനെ ഉപദേശിച്ചു.

എന്നാല്‍ സ്വാബിറിന് ദാഹം കൂടിക്കൊണ്ടേയിരുന്നു! ഉമ്മയറിയാതെ അടുക്കളയില്‍ ചെന്ന് വെള്ളം കുടിക്കാമെന്നവന്‍ തീരുമാനിച്ചു. അവന്‍ അടുക്കളയില്‍ ചെന്ന് ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജില്‍നിന്ന് തണുത്ത വെള്ളമെടുത്തു. അത് വായിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങിയ നേരത്താണ് ഉമ്മ അവിടെ എത്തിയത്.

''മോനേ, നീ എന്താ ഈ കാണിക്കുന്നത്? നിനക്ക് നോമ്പില്ലേ?'' ഉമ്മ ചോദിച്ചു.

''ഹേയ്... ഒന്നുമില്ല...'' വെള്ളം കുടിക്കുവാനൊരുങ്ങിയത് ഉമ്മ കണ്ട ജാള്യതയില്‍ അവന്‍ പറഞ്ഞു.

''നീ വെള്ളം കുടിക്കുകയാണോ?''

''ഉമ്മാ ഭയങ്കര ദാഹം... അതുകൊണ്ട്...'' 

''മോനേ, നോമ്പിന്റെ പ്രതിഫലം കിട്ടണമെങ്കില്‍ കുറച്ചൊക്കെ സഹിച്ചേ തീരൂ. ഇസ്‌ലാം കാര്യങ്ങളില്‍ നാലാമത്തേതാണ് നോമ്പ് എന്ന് നിനക്കറിയാമല്ലോ?''

''അറിയാം ഉമ്മാ...''

''റയ്യാന്‍ എന്ന പ്രത്യേക കവാടത്തിലൂടെ നോമ്പുകാര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന് നീ പഠിച്ചിട്ടില്ലേ?''

''ഉണ്ട്, ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്.''

''ആരോഗ്യപരമായും നോമ്പുകൊണ്ട് പല ഗുണങ്ങളുണ്ട്. വിശപ്പിന്റെ പ്രയാസം മനസ്സിലാക്കാനും നോമ്പുകാരന് കഴിയും. ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത പാവങ്ങളുടെ അവസ്ഥയറിയാനും നോമ്പുകാരന് കഴിയും. അപ്പോള്‍ നമുക്ക് അവരോട് ദയയും സ്‌നേഹവുമുണ്ടാകും...'' 

ഉമ്മ ഇങ്ങനെ കുറെ കാര്യങ്ങള്‍ സ്വാബിറിനെ പറഞ്ഞു മനസ്സിലാക്കി. അതോടെ അവന്റെ ദാഹവും വിശപ്പും മാറി.  ഇന്‍ശാ അല്ലാഹ്, ഈ റമദാനിലെ ഒരു നോമ്പും ഒഴിവാക്കില്ലെന്ന് അവന്‍ ഉറപ്പിച്ചു. ഉമ്മ അവനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരു മുത്തം സമ്മാനിച്ചു