കുട്ടിയും പഞ്ചവര്‍ണക്കിളിയും

റാഷിദ ബിന്‍ത് ഉസ്മാന്‍

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

കുട്ടി:

മൈലാഞ്ചിക്കൊമ്പിലിരുന്നു പാടും

പഞ്ചവര്‍ണക്കിളീ ചൊല്ലിടാമോ

പട്ടുപോല്‍ മിനുമിനുത്തുള്ള നിന്റെ

മേനിയില്‍ മെല്ലെ ഞാന്‍ തൊട്ടീടട്ടെ?


 

കിളി:

തൊട്ടുേനാക്കാനെന്നെ കിട്ടുകില്ല

കുട്ടീ നീ ദൂരത്തിരുന്നു കണ്ടോ

പാട്ട് ഞാനാവോളം പാടിത്തരാം

കേട്ടിരിക്കാനായി നേരമുണ്ടോ?


 

കുട്ടി:

കൂട്ടുകൂടാന്‍ നീ ഒരുക്കമെങ്കില്‍

പാട്ടെത്രയും കേട്ട് ഞാനിരിക്കാം

ഒട്ടും ഭയക്കാതെ പാറിവരൂ

കൂട്ടായിട്ടെന്‍ തോളില്‍ വന്നിരിക്കൂ


 

കിളി:

കൂട്ടുകൂടാനേറെ പൂതിയുണ്ടേ

കൂട്ടിലിടുമെന്ന പേടിയാണേ

കാട്ടിലും മേട്ടിലും പാറിപ്പാറി

കുട്ടീ ഞാനീവിധം ജീവിച്ചോട്ടെ