പരദൂഷണത്തിന്റെ പരിണിതി

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

ഒരാള്‍ ഒരടിമയെ വാങ്ങാന്‍ അടിമച്ചന്തയില്‍ എത്തി. 

''നല്ല അടിമ ഏതാണ്?'' അയാള്‍ ചാദിച്ചു.

 കച്ചവടക്കാരന്‍ ഒരടിമയെ തൊട്ടുകാണിച്ച് പറഞ്ഞു: ''ഇവന്‍ തരക്കേടില്ല. എന്നാല്‍ ഒരു ന്യൂനതയുണ്ട്. ഇവന്‍ പരദൂഷണക്കാരനാണ്.''

''അതു സാരമില്ല; അവന്‍ എന്നെ സേവിക്കലാണ് പ്രധാനം'' അയാള്‍ പറഞ്ഞു.  

അങ്ങനെ അടിമയെ വാങ്ങി അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി.

ഒരു ദിവസം അടിമ യജമാനന്റെ ഭാര്യക്ക് ഒരു കത്തി കൊടുത്തു കൊണ്ട് പറഞ്ഞു: 

''നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടണമെങ്കില്‍ ഒരു പണി ചെയ്താല്‍  മതി.'' 

''എന്താണത്?'' അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

''രാത്രി ഉറങ്ങുമ്പോള്‍ അയാളുടെ താടിരോമത്തില്‍ നിന്നു മൂന്നെണ്ണം ഈ കത്തി കൊണ്ട് മുറിച്ചു മാറ്റുക'' അടിമ പറഞ്ഞു. 

ഒട്ടും സമയം കളയാതെ അവളുടെ ഭര്‍ത്താവായ യജമാനന്റെ അടുത്തെത്തി അയാളുടെ ചെവിയില്‍ അടിമ പറഞ്ഞു: ''കരുതണം! ഭാര്യ താങ്കള്‍ ഉറങ്ങുമ്പോള്‍ താങ്കളുടെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്! സൂക്ഷിക്കുക.'' 

യജമാനന്‍ ഉറക്കമഭിനയിച്ചു സ്വജീവന് കാവല്‍കിടന്നു! ഭാര്യയാകട്ടെ ഭര്‍ത്താവിന്റെ നിത്യഹരിത സ്‌നേഹം സ്വപ്‌നം കണ്ട് കത്തിയുമായി താടിരോമം മുറിക്കാനെത്തി. ഭാര്യയുടെ വരവറിഞ്ഞ ഭര്‍ത്താവ് പതിയെ കണ്ണ് തുറന്നു നോക്കി. അടിമ പറഞ്ഞത് സത്യംതന്നെ! അവള്‍ കത്തിയുമായാണ് വന്നിരിക്കുന്നത്.

അയാള്‍ ചാടിയെഴുന്നേറ്റ് ഭാര്യയില്‍നിന്നും കത്തി പിടിച്ചുവാങ്ങി ആ കത്തികൊണ്ട് ഭാര്യയെ തല്‍ക്ഷണം വകവരുത്തി! അടിമ ഉടനെ കൊല്ലപ്പെട്ട ഭാര്യയുടെ ഗോത്രത്തിലെത്തി വിവരം പറഞ്ഞു. ആ ഗോത്രക്കാര്‍ ഭര്‍ത്താവിന്റെ ഗോത്രത്തിനെതിരില്‍ തിരിഞ്ഞു. പിന്നീടു നടന്നത് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള ഘോരമായ യുദ്ധമാണ്. നിരവധി ജീവന്‍ പൊലിഞ്ഞു. ചോര ചാലിട്ടൊഴുകി! എങ്ങനെയുണ്ട് പരദൂഷണത്തിന്റെ ശക്തി? 

പ്രവാചകന്‍ ﷺ  ഒരിക്കല്‍ രണ്ടു ക്വബ്‌റുകളുടെ സമീപത്തുകൂടി നടന്നു പോകവെ പറഞ്ഞു:''ഈ രണ്ടു ക്വബ്‌റുകളില്‍ കഴിയുന്നവര്‍ ശിക്ഷിക്കപ്പെടുന്നു. വന്‍പാപങ്ങളുടെ പേരിലല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്; അതിലൊരാള്‍ പരദൂഷണം പറയുന്നവനായിരുന്നു...''  

മറ്റൊരിക്കല്‍ പ്രവാചകന്‍ ﷺ  പറഞ്ഞു: ''പരദൂഷണം പറയുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല.''

പരദൂഷണം ഒരു മഹാവിപത്താണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും സഹോദരങ്ങള്‍ക്കിടയിലും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലും അയല്‍വാസികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലുമെല്ലാം  ശത്രുത നട്ട് വളര്‍ത്തുന്ന; പരസ്പരം വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന മഹാപാതകമാണത്. കലാപങ്ങളിലേക്ക് നയിക്കാനും ചോരപ്പുഴയൊഴുക്കാനും ശേഷിയുള്ള മൂര്‍ച്ചയേറിയ ആയുധമാണത്. പിശാചിന്ന് ഏറ്റവും ഹൃദ്യവും അധ്വാനം കുറഞ്ഞതുമായ പണി. 

''അല്ലാഹുവിലും റസൂലിലും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൗനവലംബിക്കട്ടെ'' എന്ന നബിവചനം പ്രാവര്‍ത്തികമാക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുക.