പിശുക്കിന്റെ അന്ത്യം
ഉസ്മാന്‍ പാലക്കാഴി
2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04
ബസ്വറയിലെ ഒരു വലിയ പണക്കാരനായിരുന്നു ദഹ്‌ലാന്‍. കാശേറെയുണ്ടായിട്ടെന്തു ഫലം? ആള്‍ മഹാ പിശുക്കനാണ്! ആര്‍ക്കും ഒരു ഉപകാരവും ചെയ്യില്ല. ദരിദ്രരായ സഹോദരന്മാര്‍ അയാള്‍ക്കുണ്ട്. അവരോടു പോലും ദഹ്‌ലാന്‍ ദയകാണിച്ചിരുന്നില്ല. വിവാഹം കഴിച്ചാല്‍ ഭാര്യക്ക് ചെലവിനു കൊടുക്കേണ്ടിവരും. മക്കളുണ്ടായാല്‍ പിന്നെ പറയുകയും വേണ്ട. ചെലവോടു ചെലവു തന്നെ...! ഈ ചിന്തയാല്‍അയാള്‍ വിവാഹം കഴിക്കാതെയാണ് ജീവിച്ചിരുന്നത്. ഇനിയുമിനിയും എങ്ങനെ കൂടുതല്‍ പണമുണ്ടാക്കണം എന്ന ചിന്തയായിരുന്നു എപ്പോഴും ദഹ്‌ലാന്റെ മനസ്സുനിറയെ.
ഒരു ദിവസം ദഹ്‌ലാന്‍ ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. നേരം രാത്രിയായിട്ടുണ്ട്. അരണ്ട നിലാവെളിച്ചത്തില്‍ അയാള്‍ നദിക്കരയിലൂടെ നടക്കുകയാണ്. താന്‍ ഒരുക്കൂട്ടിവെച്ച ധനം വളരെ കുറവാണ്. ഇനിയും ധാരാളം സമ്പാദിക്കണം. അങ്ങനെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി മാറണം. അതിനെന്താണ് എളുപ്പ വഴി? ഇതായിരുന്നു അപ്പോഴും അയാളുടെ മനസ്സിലുള്ള ഏക ചിന്ത.
കുറെ ദൂരം നടന്നപ്പോള്‍ കാലുകള്‍ എന്തിലോ തടഞ്ഞു. തപ്പിനോക്കിയപ്പോള്‍ അതൊരു ചാക്കുകെട്ടായിരുന്നു. അതില്‍ അമര്‍ത്തി നോക്കിയപ്പോള്‍ കല്ലുകളാണ് അതിനുള്ളിലെന്ന് ദഹ്‌ലാന്‍ മനസ്സിലാക്കി. അയാള്‍ ആ ചാക്കുകെട്ടെടുത്ത് ചുമലില്‍ വെച്ചു. നായയോ മറ്റോ കടിക്കാന്‍ വന്നാല്‍ അതില്‍നിന്ന് കല്ലെടുത്ത് എറിയാമല്ലോ. നദിക്കരയിലൂടെയാണല്ലോ നടക്കുന്നത്. അയാള്‍ ചാക്കില്‍ നിന്ന് ഒരു കല്ലെടുത്ത് നദിയിലേക്കെറിഞ്ഞു. 'ഗ്ലും' എന്ന ശബ്ദത്തോടെ കല്ല് വെള്ളത്തില്‍ വീണു.
അയാള്‍ക്കത് രസകരമായി തോന്നി. അതുകൊണ്ട് പിന്നെയും അടുത്ത കല്ലെടുത്ത് എറിഞ്ഞു. അങ്ങനെ നദിയുടെ അടുത്തുതന്നെയുള്ള വീട്ടില്‍ എത്തുന്നതു വരെ അയാള്‍ ഓരോ കല്ലെടുത്ത് നദിയിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ ചാക്കില്‍ ബാക്കിയുണ്ടായിരുന്നത് ഒരു കല്ല് മാത്രം. അത് കുടി പുറത്തെടുത്ത് ദൂരെക്ക് എറിയാനുദ്ദേശിച്ചാണ് അയാള്‍ അത് പുറത്തെടുത്തത്. വിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ അത് കണ്ട് ഞെട്ടിപ്പോയി. അത് ഒരു സ്വര്‍ണക്കട്ടിയായിരുന്നു! താന്‍ ഇതുവരെയും നദിയിലേക്ക് എറിഞ്ഞുകളഞ്ഞത് സ്വര്‍ണമായിരുന്നു എന്ന സത്യം ദഹ്‌ലാനെ തളര്‍ത്തി. അയാള്‍ ബോധമറ്റ് വീണു.
പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ ദഹ്‌ലാന്‍ നദിയിലേക്കോടി. ഇന്നലെ രാത്രി എവിടെയെല്ലാമാണ് കല്ലുകളെറിഞ്ഞത്? ഒരു ഓര്‍മയുമില്ല. എങ്കിലും അയാള്‍ അത്യാഗ്രഹത്തോടെ നദിയിലിറങ്ങി മുങ്ങിത്തപ്പി. പലഭാഗത്തും മുങ്ങിനോക്കി. അന്ന് പകല്‍ മുഴുവനും ആര്‍ത്തിയോടെ തിരഞ്ഞെങ്കിലും ഒന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ സന്ധ്യാസമയത്ത് അയാള്‍ തളര്‍ന്ന് ഒരു മരച്ചുവട്ടിലിരുന്നു. അപ്പോഴാണ് പണ്ഡിതനായ അബൂയൂസുഫ് അതുവഴി വന്നത്. ക്ഷീണിച്ച് അവശനായി ഇരിക്കുന്ന ദഹ്‌ലാനോട് അബൂയൂസുഫ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം കേട്ടപ്പോള്‍ അബൂയൂദുഫ് പറഞ്ഞു:
''ദഹ്‌ലാന്‍! നിനക്ക് അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയിട്ടുണ്ട്. അതൊന്നും നീ ഉപകാരപ്രദമായ മാര്‍ഗത്തില്‍ ചെലവഴിക്കുന്നില്ല. പിശുക്ക് കാണിച്ച് എല്ലാം നീ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. നീ ഇന്നല്ലെങ്കില്‍ നാളെ മരിച്ച് യാത്രയാകും. ഒരുക്കൂട്ടിവെച്ചതൊന്നും നീ ക്വബ്‌റിലേക്ക് കൂടെ കൊണ്ടുപോകില്ല. എല്ലാം നിനക്ക് നഷ്ടപ്പെടും. എന്നാല്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ചാല്‍ നിനക്കത് ഉപകാരപ്രദമാണ്. അല്ലെങ്കില്‍ എന്തെന്നറിയാതെ നീ നദിയിലേക്കെറിഞ്ഞ സ്വര്‍ണക്കട്ടികള്‍ പോലെ നിന്റെ പക്കലുള്ള സമ്പത്തിന്റെ വില നീ മനസ്സിലാക്കാതെ പോകും.
ഈ വാക്കുകള്‍ ദഹ്‌ലാനെ ചിന്തിപ്പിച്ചു. തന്റെ തെറ്റ് അയാള്‍ക്ക് ബോധ്യമയി. അന്നു മുതല്‍ അയാള്‍ സമ്പത്ത് നല്ല വഴിക്ക് ചെലവഴിക്കാന്‍ തുടങ്ങി. വിവാഹം കഴിച്ച് ഭാര്യയോടൊന്നിച്ച് ജീവിക്കാന്‍ തയ്യാറായി. അതോടെ അയാളുടെ പിശുക്കും പണത്തോടുള്ള അത്യാര്‍ത്തിയും അവസാനിക്കുകയും ചെയ്തു. സഹോദരന്മാര്‍ക്കും പാവപ്പെട്ട നാട്ടുകാര്‍ക്കുമെല്ലാം സഹായം നല്‍കുന്ന, കരുണയുള്ള മനസ്സിന്റെ ഉടമയായി ദഹ്‌ലാന്‍ മാറുകയും ചെയ്തു.