തിരിച്ചറിവിന്റെ വഴിയില്‍

റാശിദ ബിന്‍ത് ഉസ്മാന്‍

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

(ആശയ വിവര്‍ത്തനം)

അവന്റെ വലിയുമ്മ നമസ്‌കാര സമയത്തെക്കുറിച്ച് താക്കീത് നല്‍കുന്നത് അന്നും അവന്‍ കേട്ടു.: ''മോനേ, നമസ്‌കാരത്തെ അതിന്റെ അവസാന സമയത്തേക്ക് നീ നീട്ടിവെക്കരുത്.''

വലിയുമ്മക്ക് എഴുപത് വയസ്സായി. എങ്കിലും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ അവര്‍ അത്യുല്‍സാഹത്തോടെ നമസ്‌കരിക്കാനൊരുങ്ങും. ഉറക്കിലാണെങ്കിലും എഴുന്നേറ്റ് നമസ്‌കരിക്കും. ഉപ്പയും ഉമ്മയും നേരത്തെ മരിച്ചതിനാല്‍ വലിയുമ്മയാണ് അവനെ വളര്‍ത്തുന്നത്. 

എന്നാല്‍ അങ്ങനെ എഴുന്നേല്‍ക്കാനൊന്നും അവന്‍ തയ്യാറായിരുന്നില്ല. നമസ്‌കരിക്കുകയൊക്കെ ചെയ്യും; അത് ഏറ്റവും അവസാന സമയത്തായിരിക്കുമെന്ന് മാത്രം. അതുവരെയും അവന്‍ നീട്ടിവെക്കും. എന്നിട്ട് വളരെ പെട്ടെന്ന് നിര്‍വഹിക്കും. അതാണ് അവന്റെ പതിവ്. പള്ളി വളരെ ദൂരത്തായതിനാല്‍ വീട്ടില്‍ വെച്ചാണ് നമസ്‌കാരം.

ഒരു ദിവസം ഇശാഅ് നമസ്‌കാരത്തിന് പതിനഞ്ചു മിനുട്ട് ബാക്കിയുള്ളപ്പോള്‍ അവന്‍ മഗ്‌രിബ് നമസ്‌കരിച്ചു. അവന്റെ നമസ്‌കാരത്തെക്കുറിച്ച് വലിയുമ്മ ആശ്ചര്യപ്പെടാറുള്ളത് അവന്‍ നമസ്‌കാരത്തിനിടയില്‍ ഓര്‍ത്തു. വലിയുമ്മയാകട്ടെ സാവധാനത്തില്‍ വളരെ ശാന്തമായാണ് നമസ്‌കരിക്കാറുള്ളത്. അന്ന് അവന്‍ അല്‍പം സമയമെടുത്ത് തന്നെ നമസ്‌കരിക്കുകയും അവിടെ തന്നെ കിടന്ന് അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

അട്ടഹാസങ്ങളും നിലവിളികളും കേട്ടാണ് അവന്‍ ഉണര്‍ന്നത്. അവന്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചുറ്റിലും നോക്കി. എങ്ങും നിറയെ ആളുകള്‍! ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചിലര്‍ എന്തിനോ കാത്തു നില്‍ക്കും പോലെ... ഒടുവില്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് അവന്‍ മനസ്സിലാക്കി. ഭയവും ആശങ്കയും അവനെ പൊതിഞ്ഞു. അവന്റെ ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. 

ഇത് വിധി ദിവസമാണ്! ജീവിച്ചിരിക്കുന്ന സമയത്ത് ഈ ദിവസത്തെക്കുറിച്ച് കുറെ കേട്ടിടുണ്ട്. എന്നാല്‍ അതൊക്കെ എത്രയോ കാലം കഴിഞ്ഞല്ലേ നടക്കുക എന്നാണവന്‍ കരുതിയത്. അത്തരം ചിന്ത അവനില്‍ ഒരു മാറ്റവും വരുത്തിയതുമില്ല. ഈ കാത്തിരിപ്പും ഭയവും സഹിക്കാന്‍ കഴിയുന്നില്ല. ചോദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുന്നു. അവന്‍ പരിഭ്രാന്തിയോടെ ആളുകളോട് മാറിമാറി ചോദിച്ചു: 'എന്റെ പേര് വിളിച്ചോ?'

ആരും അവന് ഉത്തരം നല്‍കിയില്ല. പെട്ടെന്ന് അവന്റെ പേര് വിളിച്ചു. ആളുകള്‍ ഇരുവശേത്തക്കും മാറി അവന് പോകാന്‍ വഴിയൊരുക്കി. പരിചയമില്ലത്ത എണ്ണമറ്റ ആളുകള്‍ക്കിടയിലൂടെ അവന്‍ മുന്നോട്ട് ചെന്നു. മലക്കുകള്‍ക്കു മുമ്പില്‍ അവന്‍ തലതാഴ്ത്തി നിന്നു. അവന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഒരു സ്‌ക്രീനിലെന്നവണ്ണം അവന് കാണിക്കപ്പെട്ടു. കൂട്ടത്തില്‍ അവന്‍ വ്യക്തമായി ചില കാഴ്ചകള്‍ കണ്ടു. അവന്റെ ഉപ്പ ആളുകള്‍ക്ക് നന്മചെയ്യാനായി ഓടിനടക്കുന്നു. ഉമ്മ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്നു.  

ഞാനും നല്ല കാര്യങ്ങള്‍ ഒരുപാട് ചെയ്തിട്ടുെണ്ടന്ന് വിളിച്ചുപറയാന്‍ അവന്‍ കൊതിച്ചു. എന്നാല്‍ അവിടെ കാണിക്കപ്പെട്ടത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ്. താന്‍ വളെര കുറച്ച് നന്മകളേ ചെയ്തിട്ടള്ളൂ എന്ന് അവനറിയാം. അവന്‍ വിയര്‍പ്പില്‍ കുളിച്ചുനിന്നു; അവസാന വിധി പ്രതീക്ഷിച്ചുകൊണ്ട്. 

അന്നേരം രണ്ടു മലക്കുകള്‍ അവിടെയെത്തി. അവരുടെ കൈകളില്‍ വലിയ ലിസ്റ്റുണ്ട്. അവന്റെ കാലുകള്‍ വിറച്ചു. നരകത്തിലേക്കുള്ള ആളുകളുടെ പേര് വിളിക്കാന്‍ തുടങ്ങി. അതില്‍ തന്റെ പേരുണ്ടാകരുതേ എന്നവന്‍ ആഗ്രിച്ചു. പക്ഷേ, അവന്റെ പേരും വിളിച്ചു. അവന്‍ നിലവിളിയോടെ ചോദിച്ചു:''ഞാനെങ്ങനെ നരകത്തില്‍ പോകും? ഞാന്‍ നല്ല കാര്യങ്ങള്‍  ചെയ്തിട്ടുണ്ടല്ലോ.'' 

എന്നാല്‍ മലക്കുകള്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ അവനെ പിടിച്ചുവലിച്ച് നരകത്തിലേക്ക് കൊണ്ടുേപായി. നിലവിളി കേട്ട് തന്നെ ആരും സഹായിക്കാന്‍ വരാത്തതില്‍ അവന് സങ്കടം വന്നു.  

''നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ കര്‍മമാണെന്ന് അല്ലാഹു പറഞ്ഞത് നീഅറിഞ്ഞിട്ടില്ലേ? അഞ്ചു നേരം പുഴയില്‍ കുളിക്കുന്നയാളുടെ ദേഹം അഴുക്കില്‍ നിന്ന്ശുദ്ധിയാകുന്ന പോലെ അഞ്ചുനേരത്തെ നമസ്‌കാരം പാപങ്ങളെ കഴുകിക്കളയുമെന്ന് നബി ﷺ  പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?'' മലക്കുകള്‍ ചോദിച്ചു. 

അവന്‍ ഞെട്ടിപ്പോയി! നമസ്‌കാരം...നമസ്‌കാരം...

മലക്കുകള്‍ അവനെ നരകത്തിലേക്ക് വലിച്ചിഴക്കുകയാണ്. തീജ്വാലകളുടെ ചൂട് അരിച്ചെത്തുന്നുണ്ട്; അവന്റെ മുഖത്തെ പൊള്ളിക്കുന്നുണ്ട്. ഒരു മലക്കിന്റെ തള്ളലില്‍ നരകത്തീയിലേക്ക് വീഴാന്‍ നേരം അവനെ ആരോ പുറകിലേക്ക് വലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് വെളുത്ത താടിയുള്ള ഒരു വൃദ്ധനെയാണ്. 

''നിങ്ങളാരാണ്?'' അവന്‍ സന്തോഷത്തോടെ ചോദിച്ചു.

''ഞാന്‍ നമസ്‌കാരമാണ്.''

''എന്തേ ഇത്ര വൈകിയത്? ഞാന്‍ തീയിലേക്ക് പതിക്കുമായിരുന്നു. അവസാന നിമിഷത്തിലാണല്ലോ എന്നെ നീ രക്ഷിച്ചത്.'' 

ആ വൃദ്ധന്‍ തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''നീ എന്നെയും അവസാന സമയത്തേക്ക് വൈകിപ്പിച്ചിരുന്നില്ലേ? അത് നീ മറന്നോ?'' 

പെട്ടെന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്. ഇശാഅ് നമസ്‌കാരത്തിനുള്ള ബാങ്കുവിൡ അവന്റെ കാതുകളില്‍ മുഴങ്ങി. 

''മോനേ, ബാങ്കുവിളിച്ചു'' വലിയുമ്മ വിളിച്ചു പറഞ്ഞു. 

കണ്ടതെല്ലാം വെറും സ്വപ്‌നമായിരുന്നെന്ന് അവന് അപ്പോഴാണ് ബോധ്യമായത്. അവന്‍ ധൃതിയില്‍ എഴുന്നേറ്റ് വുദൂഅ് ചെയ്യാന്‍ പോയി; ജീവിതത്തില്‍ ഇനിയൊരിക്കലും നമസ്‌കാരം വൈകിപ്പിക്കില്ലെന്ന തീരുമാനത്തോടെ.