ബലിപെരുന്നാള്‍

ഉസ്മാന്‍ പാലക്കാഴി

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ഈദുല്‍ അദ്ഹാ വന്നല്ലോ

ആഘോഷത്തിന്‍ ദിനമല്ലോ

പുത്തനുടുപ്പു ധരിച്ചീടാം

നിസ്‌കാരത്തിനു പോയീടാം

ഇബ്‌റാഹീം നബിയെന്നോരും

മകനാം ഇസ്മാഈല്‍ നബിയും

ജീവിതപാതയില്‍ നേരിട്ട

ത്യാഗം നമ്മള്‍ ഓര്‍ക്കേണം

ഇസ്മാഈലാം പൂമോനെ

ബലിനല്‍കാനായ് അല്ലാഹു

കല്‍പന നല്‍കിയ നേരത്ത്

ഇബ്‌റാഹീം നബി മകനോടായ്

ചൊല്ലി കാര്യം വേഗത്തില്‍:

'മോനേ, എന്ത് പറയുന്നു?'

'റെബ്ബാരുവന്റെ കല്‍പനയോ,

എങ്കില്‍ എന്നെയറുത്തോളൂ

ബാപ്പാ എന്നെക്കാണാമേ

ഏറെ ക്ഷമയുള്ളോനായി'

എന്നുരചെയ്ത് മകനപ്പോള്‍

റബ്ബിന്‍ വിധിയില്‍ തൃപ്തനുമായ്.

മകനെക്കൂട്ടി ഇബ്‌റാഹീം

എത്തി മിനയില്‍ ബലിനല്‍കാന്‍

കത്തിയെടുത്തു നബിയുല്ലാ

കഴുത്തുനീട്ടി പൊന്‍മകനും

കത്തി കഴുത്തില്‍ വെച്ചപ്പോള്‍

എത്തി റബ്ബിന്‍ വിളിയാളം:

'ഇബ്‌റാഹീം നീ വിജയിച്ചു

എന്റെ കടുത്ത പരീക്ഷണമില്‍'

മകനെയറുക്കല്‍ ഒഴിവാക്കാന്‍

പകരം ആടിനെ ബലിനല്‍കാന്‍

കല്‍പന നല്‍കി അല്ലാഹു

നമിച്ചിരുപേരും അല്ലാനെ

ഇതിന്റെയോര്‍മ പുതുക്കി നാം

എല്ലാവര്‍ഷവും ദുല്‍ഹജ്ജ്

പത്തിന് പെരുന്നാളാഘോഷം

നടത്തിടുന്നു സാമോദം