കറുത്ത അടയാളമുള്ള പഴം

റാഷിദ ബിന്‍ത് ഉസ്മാന്‍

2018 ശവ്വാല്‍ 23 1439 ജൂലായ് 07

ആബിദ്ജാന്‍ ഒരു സമ്പന്ന യുവാവായിരുന്നു. നീന്തല്‍ക്കുളവും ടെന്നീസ് കോര്‍ട്ടും അടങ്ങിയ വലിയ വീടുകളും വലിയ പട്ടണങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ ധനികരില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അയാള്‍. ആബിദ് ജനങ്ങളെ വഞ്ചിക്കുമായിരുന്നില്ല. കള്ളംപറഞ്ഞ് കച്ചവടം നടത്തുമായിരുന്നില്ല. അദ്ദേഹം തന്റെ ധനത്തിന്റെ നല്ലൊരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു.

ആബിദ്ജാന് ഒരേയൊരു മകളാണുള്ളത്. പേര് അസ്മാജാന്‍. ഒറ്റമകളായതുകൊണ്ട് തന്നെ ആബിദ്അവളെ നന്നായി ശ്രദ്ധിച്ചാണ് വളര്‍ത്തിയത്. അസ്മാജാന്‍ നല്ല കുട്ടിയും പിതാവിനെ പോലെ ദയാലുവുമായിരുന്നു; നല്ല അച്ചടക്കവും വൃത്തിയുമുള്ളവള്‍. അവള്‍ എത്ര തണുപ്പാണെങ്കിലും എന്നും രാവിലെ കുളിക്കും. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ നന്നായി വൃത്തിയാക്കല്‍ അവളുടെ ശീലമായിരുന്നു. തനിക്ക് കിട്ടുന്ന പണത്തില്‍നിന്ന് ധര്‍മം കൊടുക്കുന്നത് അവള്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.  അഞ്ചുനേരം കൃത്യമായി നമസ്‌കരിക്കുവാന്‍ അവള്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല. ദിവസവും നിശ്ചിത സമയത്ത് അവള്‍ ക്വുര്‍ആന്‍ ഓതും.

അവള്‍ ഭക്ഷണത്തെ കുറ്റം പറയില്ല. ഇഷ്ടഭക്ഷണത്തിനായി വാശിപിടിച്ച് കരയാറുമില്ല. അവളുടെ പിതാവ് അവള്‍ക്ക് ഏറ്റവും രുചികരമായ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ തയ്യാറായിരുന്നെങ്കിലും അവള്‍ അതിലൊന്നും താല്‍പര്യം പ്രകടിപ്പിച്ചില്ല. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളോടും വേവിച്ച ധാന്യഭക്ഷണത്തോടുമായിരുന്നു അവള്‍ക്ക് താല്‍പര്യം. എന്ത് കഴിച്ചാലും അവള്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യും.

എന്നാല്‍ അവള്‍ വാഴപ്പഴം കഴിച്ചിരുന്നില്ല. അത് കാണുമ്പോള്‍ തന്നെ അവള്‍ക്ക് ഓക്കാനം വരും. അത്‌കൊണ്ടു ആബിദ്ജാന്‍ വീട്ടില്‍ വാഴപ്പഴം കൊണ്ടുവരാറില്ല. കുടുംബക്കാര്‍ വിരുന്ന് വരുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കും.

ഒരുദിവസം ആബിദ് ജാന്‍ അസ്മയോട് ചോദിച്ചു: ''പ്രിയപ്പെട്ട മോളേ, നിനക്ക് പഴം ഇഷ്ടമില്ലാത്തതിന്റെ കാരണം എന്താണ്?''

അസ്മ പറഞ്ഞു: ''ക്ഷമിക്കണം ഉപ്പാ. അതിനുപുറത്തെ കറുത്ത പാടുകളാണ് പ്രശ്‌നം. അത് കാണുമ്പോള്‍ ഛര്‍ദിക്കാന്‍ വരും. ചീഞ്ഞാലല്ലേ അങ്ങനെ കറുത്തുപോവുക?''

''ഓ അതാണ് നിന്റെ പ്രശ്‌നമല്ലേ? ഇത് പരിഹരിക്കാവുന്ന നിസ്സാര പ്രശ്‌നമാണ്. ഞാന്‍ നാളെ കറുത്ത പാടുകളില്ലാത്ത പഴം കൊണ്ടുതരാം'' ആബിദ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പിറ്റേദിവസം അയാള്‍ കറുത്ത ചെറിയ പാട്‌പോലുമില്ലാത്ത പഴവുമായി വീട്ടിലെത്തി. ശുദ്ധമായ മഞ്ഞനിറമുള്ള പഴം. അതിന്റെ അഗ്രഭാഗത്ത് ചെറിയ പച്ചക്കളറുമുണ്ട്. ആബിദ്ജാന്‍ ഒരു പഴമെടുത്ത് മകളുടെ കയ്യില്‍കൊടുത്ത് തൊലി കളയാന്‍ ആവശ്യപ്പെട്ടു.

അവള്‍ പഴത്തിന്റെ തൊലിയുരിഞ്ഞ് തൂവെള്ളനിറമുള്ള പഴത്തിലേക്ക് അത്ഭുതത്തോടെ നോക്കി.

''ഇനി തിന്നോളൂ'' ആബിദ് പറഞ്ഞു.

അവള്‍ മടിച്ചുമടിച്ച് പതിയെ അത് തിന്നു.

''എങ്ങനെയുണ്ട് മോളേ?''ആബിദ് ചോദിച്ചു.

''കാണാന്‍ നല്ല ചന്തം. എന്നാല്‍ രുചി അത്ര നല്ലതല്ല'' അസ്മ പറഞ്ഞു.

''ശരി ഇനി ഇത് നോക്കൂ'' കറുത്ത അടയാളങ്ങളുള്ള ഒരു പഴം അയാള്‍ സഞ്ചിയില്‍നിന്ന് പുറത്തെടുത്ത് മകളുടെ കയ്യില്‍ കൊടുത്ത് പറഞ്ഞു.

അവള്‍ മനമില്ലാമനസ്സോടെ അത് വാങ്ങി. അതിന്റെ തൊലി നീക്കംചെയ്തു. ആദ്യം കിട്ടിയ പഴത്തെക്കാള്‍ മൃദുലമായ പഴം. എന്നാല്‍ കറുത്ത പാടുകള്‍ കണ്ടതിനാല്‍ തിന്നാന്‍ തോന്നിയില്ല.

''മടിക്കേണ്ട, കഴിച്ചുനോക്ക്'' ആബിദ് പറഞ്ഞു.

അസ്മ അല്‍പം പ്രയാസത്തോടെയാണെങ്കിലും തിന്നാന്‍ തുടങ്ങി.

''എങ്ങനെയുണ്ട്?'' ആബിദ് ചോദിച്ചു.

''കറുത്ത പാടുകള്‍ കണ്ടതിനാല്‍ ചീഞ്ഞപോലെ തോന്നി. എന്നാല്‍ ആദ്യം തിന്ന പഴത്തെക്കാള്‍ സ്വാദുണ്ട്'' അസ്മയുടെ വാക്കുകളില്‍ വിസ്മയം.

''മോളേ, ഇപ്പോള്‍ നീ കാര്യം മനസ്സിലാക്കിയല്ലോ. ഇതാണ് എനിക്ക് നിന്നോട് പയാനുള്ളത്. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത്. ഇൗ പഴം പോലെ എല്ലാ മനുഷ്യരിലും കറുത്ത പാട് ഉണ്ടാകും. നിനക്ക് എല്ലാവരിലെയും എല്ലാതും ഇഷ്ടപ്പെടണെന്നില്ല. എന്നാലും എല്ലാവരെയും ഇഷ്ടപ്പെടണം. തെറ്റ് മാത്രം നോക്കിയാല്‍ ഒരാളെയും സുഹൃത്താക്കാന്‍ കഴിയില്ല. കാരണം കുറ്റവും കുറവുമില്ലാത്ത മനഷ്യരില്ല. ഗുരുതരമായ തെറ്റുകള്‍ ചെയ്ത് ജീവിക്കുന്നവരെ കൂട്ടുകാരാക്കുന്നത് ദോഷകരമാണ്. എന്നാല്‍ മാനുഷികമായ കൊച്ചുകൊച്ചു തെറ്റുകളും വീഴ്ചകളും നോക്കി നല്ലവരല്ലെന്ന് വിലയിരുത്തരുത്. ബാഹ്യമായ സൗന്ദര്യത്തിലേക്ക് നോക്കിയും ആളുകളെ വിലയിരുത്തരുത്.''

പിതാവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ട അസ്മ പഞ്ഞു: ''നല്ല ഒരു ഗുണപാഠമാണ് ഉപ്പ ഈ പഴത്തിലൂടെ എന്നെ പഠിപ്പിച്ചത്. ഇനി മുതല്‍ ഞാനിതെല്ലാം ശ്രദ്ധിച്ച് ജീവിക്കാം.''