തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കരുത്

ഉസ്മാന്‍ പാലക്കാഴി

2018 മാര്‍ച്ച് 31 1439 റജബ് 13

(ആശയ വിപുലീകരണം)

ഒരിക്കല്‍ കുറേ കച്ചവടക്കാര്‍ ചേര്‍ന്ന് കൂടുതല്‍ ലാഭം കിട്ടുന്ന ഒരു രാജ്യത്തേക്ക് തങ്ങളുടെ കച്ചവടച്ചരക്കുമായി പോകുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടലിലുടെ യാത്ര ചെയ്താലേ അവിടെ എത്താന്‍ കഴിയൂ. രണ്ടുനിലകളുള്ള ഒരു കപ്പല്‍ അവര്‍ അതിനായി സ്വന്തമാക്കി. യാത്രയുടെ ദിവസം എല്ലാവരും ഒത്തുചേര്‍ന്നു. കപ്പലിലെ സ്ഥലത്തെ ഭാഗിച്ച് ഓരോരും അവനവനുള്ള ഭാഗം സ്വന്തമാക്കി. അങ്ങളെ മുകള്‍ത്തട്ടില്‍ കിട്ടിയവര്‍ മുകളില്‍ തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് കയറിയിരുന്നു. ബാക്കിയുള്ളവര്‍ താഴെയും.

കപ്പല്‍ ഓടിത്തുടങ്ങി. കടല്‍ ശാന്തമാണ്. കപ്പല്‍ സാധാനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. യാത്രക്കാരെല്ലാം വളരെ വലിയ സന്തോഷത്തിലായിരുന്നു. തിന്നും കുടിച്ചും കടലിന്റെ സൗന്ദര്യം ആസ്വദിച്ചും അവര്‍ സമയം കഴിച്ചു. താഴെയുള്ള യാത്രികര്‍ വെള്ളം ആവശ്യമായി വരുമ്പോള്‍ മുകളിലേക്ക് കയറി കയറില്‍ കെട്ടിയ ബക്കറ്റ് തായെഴയിറക്കി വെള്ളം നിറച്ച് അതുമായി താഴേക്ക് പോകും. 

ഒരിക്കല്‍ ഒരു യാത്രികന് വെള്ളം ആവശ്യമായി. അയാള്‍ ബക്കറ്റും കയറുമെടുത്ത് മുകളിലേക്ക് ചെന്നു. വെള്ളം കോരിയെടുത്ത് അതുമായി അയാള്‍ താഴേക്ക് പോകുന്നതിനിടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളെ അറിയാതെ ചവിട്ടി അയാളുടെ മീതെ വീണു. ബക്കറ്റ് താഴെ വീണു; വെള്ളം പരന്നൊഴുകി. തറയില്‍ കിടക്കുന്നവര്‍ നനഞ്ഞു. മേലെ തട്ടിലെ യാത്രക്കാരെല്ലാം ഒച്ചവെച്ചു. അയാളോട് കയര്‍ത്തു സംസാരിച്ചു. അയാള്‍ മാപ്പു പറഞ്ഞ് വെള്ളമില്ലാതെ താഴേക്ക് പോയി.

ഇത് താഴെ തട്ടിലുള്ളവരെ പ്രയാസപ്പെടുത്തി. ഇതിനൊരു പരിഹാരം കാണുവാന്‍ അവര്‍ കൂട്ടായി ചിന്തിച്ചു. ഒരാള്‍ വലിയൊരു ആണിയും ചുറ്റികയും കയ്യിലെടുത്ത് പറഞ്ഞു: 

''ഞാന്‍ എനിക്കു കിട്ടിയ ഭാഗത്ത് ചെറിയൊരു ദ്വാരമുണ്ടാക്കാം. നമുക്ക് ആവശ്യമായ വെള്ളം അതിലുടെ കിട്ടും. ഇനി മുകളിലേക്ക് പോക്കും താേഴക്ക് ഇറങ്ങലും വേണ്ടാ...''

താഴെയുള്ളവര്‍ എല്ലാവരും ഇത് അംഗീകരിച്ചു. 

അങ്ങെന അയാള്‍ കപ്പിലിന് ദ്വാരമുണ്ടാക്കുവാന്‍ തുടങ്ങി. മുകള്‍ത്തട്ടിലെ യാത്രക്കാര്‍  ഇൗ സംഭാഷണം കേട്ടു. അവര്‍ വേഗം താഴേക്ക് ചെന്നു. കൂട്ടത്തില്‍ ഒരു വൃദ്ധനുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ ഓടിച്ചെന്ന് ദ്വാരമുണ്ടാക്കുന്നവനില്‍നിന്ന് ചുറ്റികയും ആണിയും പിടിച്ചുവാങ്ങി.

വൃദ്ധന്‍ േേചാദിച്ചു: ''എന്ത് വിഡ്ഢിത്തമാണീ ചെയ്യുന്നത്? നിന്റെ ബുദ്ധി നഷ്ടപ്പെട്ടുവോ?''

അന്നേരം അയാര്‍ പറഞ്ഞു: ''ഞങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. വെള്ളത്തിനായി മുകളില്‍ കയറിയിറങ്ങി ഞങ്ങള്‍ക്ക് മടുത്തു.'' 

വൃദ്ധന്‍ പറഞ്ഞു: ''നീ ചെയ്യുന്നത് വലിയ തെറ്റാണ്. എല്ലാവര്‍ക്കും ഇതുകൊണ്ട് അപകടമുണ്ടാകും.''

അയാള്‍ പറഞ്ഞു: ''ഞാന്‍ ദ്വാരമുണ്ടാക്കുന്നത് എനിക്ക് കിട്ടിയ ഭാഗത്താണ്. എനിക്ക് ഇവിട ഇഷ്ടമുള്ളത് ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്.''  

വൃദ്ധന്‍ സ്‌നേഹത്തോടെ പറഞ്ഞു: ''മകനേ, നിന്റെയീ പ്രവര്‍ത്തനത്താല്‍ കപ്പല്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങും. നമ്മളെല്ലാം മുങ്ങിമരിക്കും.''

മറ്റുള്ളവരിലേക്ക് തിരിഞ്ഞു കൊണ്ട് വൃദ്ധന്‍ പറഞ്ഞു: ''ഈ തെറ്റില്‍ നിങ്ങളും പങ്കാളികളാണ്. ഇയാളുടെ പൊട്ടന്‍ തീരുമാനത്തെ നിങ്ങളും അംഗീകരിച്ചു. അയാളെ അതില്‍ നിന്ന് തടയുവാന്‍ നിങ്ങള്‍ ശ്രമിച്ചതുമില്ല. എന്റെ കുടെ നിങ്ങളെല്ലാവരും നിലകൊള്ളുക. അല്ലെങ്കില്‍ നമ്മള്‍ ഒന്നിച്ച് മുങ്ങിമരിക്കും.''

മറ്റുള്ളവര്‍ക്കെല്ലാം അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. അവര്‍ കൂടെ നില്‍ക്കാമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

കൂട്ടുകാരേ, തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കണം. തിരുത്താന്‍ പറയണം. അല്ലെങ്കില്‍ അതിന്റെ അനന്തരഫലം നമ്മളും അനുഭവിക്കേണ്ടി വരും.