വഴി മാറിപ്പോയ വന്‍ വിപത്ത് 

ദുല്‍ക്കര്‍ഷാന്‍. എ

2017 ജൂലായ് 22 1438 ശവ്വാല്‍ 28

നല്ല മഴ! തുള്ളി മുറിയാത്ത മഴ! രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടി തോന്നും. പുതച്ചുമൂടി കിടന്നുറങ്ങാന്‍ എന്തു സുഖമാ...! പറഞ്ഞിട്ടെന്താ; ഉമ്മ സമ്മതിക്കില്ല ഉറങ്ങാന്‍. സുബ്ഹി നമസ്‌കരിക്കണം. നമസ്‌കാരം കഴിഞ്ഞാല്‍ മദ്‌റസയില്‍ പോകണം. 

വീടിന്റെ മുന്‍ഭാഗത്ത് നെല്‍ച്ചെടികള്‍ തലയാട്ടിനില്‍ക്കുന്ന മനോഹരമായ വയല്‍. വയല്‍ വരമ്പിലൂടെ വേണം മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകാന്‍.

തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പുഴയും തോടും കുളങ്ങളും വയലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. വീട് പാടവക്കിലായതുകൊണ്ട് കിണറ്റില്‍ വെള്ളം നിറയാനായിട്ടുണ്ട്. തൊടിയില്‍ അങ്ങിങ്ങായി ഉറവുപൊട്ടി ഒലിക്കുന്ന വെള്ളം...!

അബ്ദുല്‍ മജീദിനും സുഹ്‌റാക്കും രണ്ടു മക്കളാണുള്ളത്. മൂത്തവന്‍ സ്വാലിഹ. അവള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. ഇളയവന്‍  സ്വാലിഹ് മൂന്നിലും. 

സ്‌കൂള്‍  യൂണിഫോം തയ്ച്ചുകിട്ടി. പുതിയ പാഠ പുസ്തകങ്ങള്‍ കിട്ടി. പുതിയ നോട്ടുപുസ്തകങ്ങളും ബാഗും കുടയും ചെരുപ്പുമെല്ലാം വാങ്ങിയിട്ടുണ്ട്. 

സ്വാലിഹ അവളുടെ പുസ്തകങ്ങള്‍ സ്വന്തമായി പൊതിഞ്ഞു. സ്വാലിഹ് ഉമ്മയെ കാത്തിരിക്കുകയാണ്. 'ഉമ്മയുടെ അടുക്കള ജോലി ഇനിയും തീര്‍ന്നില്ലേ.' ക്ഷമ നശിച്ച സ്വാലിഹ് വിളിച്ചു ചോദിച്ചു.

'ദേ വരുന്നു' ഉമ്മ മറുപടി പറഞ്ഞു. 

വൈകാതെ ഉമ്മ അടുക്കളയില്‍ നിന്നും വന്നു. സ്വാലിഹിന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞുകൊടുത്തു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വാലിഹിന്റെയും സ്വാലിഹയുടെയും മനസ്സില്‍ നിറയെ പുതിയ യൂണിഫോം ധരിച്ച്, പുത്തന്‍ മണമുള്ള പുസ്തകങ്ങളുമായുള്ള യാത്രയായിരുന്നു. 

പാടവരമ്പിലൂടെ പുള്ളിക്കുടയും ചൂടി യൂണിഫോമിലേക്ക് ചളി തെറിക്കാതെ ശ്രദ്ധിച്ചു നടന്നു. ഇടയിലൂടെ ചാലിട്ടൊഴുകുന്ന വെള്ളവും അതിലെ കുഞ്ഞുപരലുകളും... ഇടക്ക് ചെറിയ മാളങ്ങളില്‍ നിന്ന് പുറത്തേക്ക് കൈ നീട്ടിയിരിക്കുന്ന ഞണ്ടുകള്‍... വെള്ളത്തിലേക്ക് എടുത്തു ചാടുന്ന തവളകള്‍...നോക്കി നില്‍ക്കാന്‍ കൗതുകമുള്ള കാഴ്ചകള്‍. 

സ്‌കൂളിലെത്തിയപ്പോഴേക്കും കുറചൊക്കെ നനഞ്ഞിരുന്നു. പാടെ നനഞ്ഞൊട്ടിയ കുട്ടികളുമുണ്ട്.സമയം പത്തു മണി. ബെല്ലടിച്ചു, കുട്ടികള്‍ എല്ലാവരും ക്ലാസ്സില്‍ കയറി. ടീച്ചര്‍ വന്നു. പ്രാര്‍ഥന ചൊല്ലി. പിന്നെ കണക്കിന്റെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും പരിസരപഠനത്തിന്റെയുമൊക്കെ ലോകത്തിലേക്ക്... 

സമയം ഉച്ചയായി. ചിലര്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. സ്വാലിഹ് പാത്രവുമായി ഭക്ഷണം നല്‍കുന്ന വരിയില്‍ ചെന്നു നിന്നു. ചോറും സാമ്പാറും ചെറുപയര്‍ ഉപ്പേരിയുമാണ് ഇന്ന്. 

സ്‌കൂള്‍ വിടുമ്പോള്‍ മഴക്ക് കുറവുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റും മഴയുമായി. സ്വാലിഹ അനുജന്റെ കൈപിടിച്ച് നടന്നു. 

പെട്ടെന്നാണ് സ്വാലിഹയുടെ കണ്ണില്‍ ആ കാഴ്ച പെട്ടത്. വലിയൊരു മരം കടപുഴകി മറിഞ്ഞ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണിരിക്കുന്നു. ചെറിയ കൈത്തോട്ടില്‍ തട്ടിയാണ് കമ്പികള്‍ കിടക്കുന്നത്. വൈദ്യതി കമ്പി പൊട്ടിവീണു കിടക്കുന്നതുകണ്ടാല്‍ അടുത്തു ചെല്ലരുതെന്ന് ഉമ്മ പറഞ്ഞത് സ്വാലിഹക്ക് ഓര്‍മവന്നു. പെട്ടെന്ന് അവള്‍ നിന്നു. മുന്നോട്ട് പോകാന്‍ ശ്രമിച്ച അനുജനെ അവള്‍ തടഞ്ഞു. പുറകില്‍ ഒരു കൂട്ടം കുട്ടികള്‍ ആര്‍പ്പുവിളുകളുമായി വരുന്നുണ്ട്. അവര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാതെ അപകടത്തില്‍ ചാടിയേക്കും. എന്തു ചെയ്യും? അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ''ആരും മുന്നോട്ട് വരരുത്. കറന്റ് കമ്പി പൊട്ടിവീണിട്ടുണ്ട്. ഷോക്കടിക്കും.''

കാര്യം മനസ്സിലാക്കിയ സ്വാലിഹും ഉറക്കെ അതേറ്റു പറഞ്ഞു. അപകടം മനസ്സിലാക്കിയ മറ്റുകുട്ടികളും ഉറക്കെ ശബ്ദമുണ്ടാക്കി. അതുവഴി വരികയായിരുന്ന മുതിര്‍ന്ന ഒരാള്‍ ഓടിവന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ഓഫീസിലേക്കും കൂട്ടുകാര്‍ക്കും വിളിച്ചു പറഞ്ഞു. താമസിയാതെ ആ ഭാഗത്തേക്കുള്ള വൈദ്യുതി കണക്ഷന്‍ ഓഫാക്കി. 

അപ്പോഴേക്കും മഴ ശമിച്ചിരുന്നു. അനവധി ആളുകള്‍ അവിടേക്ക് പാഞ്ഞെത്തി. അവര്‍ കുട്ടികള്‍ അപകടത്തില്‍ പെടാത്തതില്‍ അല്ലാഹുവിനോട് നന്ദി പറഞ്ഞു. സ്വാലിഹ എന്ന മിടുക്കിയുടെ ശ്രദ്ധ അപകടത്തില്‍ നിന്ന് കുറെ കുട്ടികളെ രക്ഷിക്കാന്‍ കാരണമായി എന്നറിഞ്ഞ നാട്ടുകാര്‍ അവളെ അനുമോദിച്ചു. അപകടം മുന്നില്‍ കാണുമ്പോള്‍ പകച്ചു നില്‍ക്കാതെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചത് ഉമ്മയുടെ ഉപദേശം കൊണ്ടാണല്ലോ. ഉമ്മയോട് ഇക്കാര്യം പറയണം. അവള്‍ അനുജന്റെ കൈപിടിച്ച് വീട് ലക്ഷ്യമാക്കി ഓടി.