പ്രതിഫലം
റാശിദ ബിന്‍ത് ഉസ്മാന്‍
2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12
(ആശയ വിവര്‍ത്തനം)
ഉമ്മ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്‌നാന്‍ ഒരു കടലാസുമായി അടുക്കളയിലേക്ക് ചെന്നത്. ഒന്നും പറയാതെ അവന്‍ ആ കടലാസ് ഉമ്മയുടെ നേര്‍ക്ക് നീട്ടി.
''എന്താണ് മോനേ ഇത്?'' ഉമ്മ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ ചോദിച്ചു.
''വായിച്ച് നോക്കൂ'' അദ്‌നാന്‍ പറഞ്ഞു.
ഉമ്മ തന്റെ നനഞ്ഞ കൈ തുടച്ചുകൊണ്ട് അവന്റെ കയ്യില്‍നിന്ന് കടലാസു കഷ്ണം വാങ്ങി.
അതില്‍ അവന്‍ ഇപ്രകാരം എഴുതിയിരുന്നു:
'ആടിന് പുല്ലരിഞ്ഞതിന് 35 രൂപ.'
'എന്റെ ബെഡ് റൂം വൃത്തിയാക്കിയതിന് 25 രൂപ.'
'കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ പോയതിന് 20 രൂപ.'
'ഉമ്മ പുറത്ത് പോയപ്പോള്‍ കുഞ്ഞനുജനെ നോക്കിയ വകയില്‍ 20 രൂപ.'
'മുറ്റത്തെ പുല്ല് പറിച്ചതിന് 10 രൂപ.'
'ആകെ 110 രൂപ.'
'ഇത് നാളെ എനിക്ക് തരണം.'
ഇത് വായിച്ച ഉമ്മ അല്‍പനേരം ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി. അന്നേരം അവരുടെ മനസ്സില്‍ തെളിഞ്ഞുവന്ന ഭൂതകാല സംഭവങ്ങള്‍ അവന് അറിയില്ലല്ലോ. അവര്‍ ഉടനെ ആ കടലാസിന്റെ മറുവശത്ത് ഒരു പേനയെടുത്ത് ഇപ്രകാരം എഴുതി:
'നീ എന്റെ വയറ്റില്‍ വളര്‍ന്ന ഒമ്പതുമാസക്കാലം നിന്നെ ഞാന്‍ വഹിച്ചതിന് കാശൊന്നും വേണ്ട.'
'മരണസമാനമായ വേദനയനുഭവിച്ച് നിന്നെ പ്രസവിച്ചതിന് കാശൊന്നും വേണ്ട.'
'രാത്രികളില്‍ നിന്റെ കൂടെ കിടന്ന് പരിചരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന് കാശൊന്നും വേണ്ട.'
'വര്‍ഷങ്ങളോളം നിനക്കുവേണ്ടി കഷ്ടപ്പെട്ടതിനും നീ കാരണം ഒഴുക്കേണ്ടിവന്ന കണ്ണുനീരിനും കാശൊന്നും വേണ്ട.'
'നിനക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തന്നതിനും ഭക്ഷണം നല്‍കിയതിനും എന്തിനേറെ നിന്റെ ശരീരത്തില്‍നിന്നും വിസര്‍ജ്യങ്ങള്‍ കഴുകിത്തന്നതിനും കാശൊന്നും വേണ്ട.'
'ഇതെല്ലാമൊന്ന് നീ കൂട്ടിയപോലെ കൂട്ടിനോക്കൂ. എന്റെ സ്‌നേഹത്തിന്റെ വിലയ്ക്കും കാശൊന്നും വേണ്ട.'
ഉമ്മ എഴുതിയത് വായിച്ചു തീര്‍ന്നപ്പോഴേക്കും അദ്‌നാന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു.
ഉമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ''ഉമ്മാ...! തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.''
എന്നിട്ട് പേനയെടുത്ത് ആ കടലാസില്‍ വലിയ അക്ഷരങ്ങളില്‍ അവന്‍ ഇങ്ങനെ എഴുതി: 'വില മതിക്കാനാവാത്ത സ്‌നേഹത്തിന് പകരം സ്‌നേഹം മാത്രം. എനിക്ക് തരാനുള്ളതെല്ലാം തന്നുകഴിഞ്ഞിരിക്കുന്നു.'
അത് വായിച്ച ഉമ്മ അവനെ സന്തോഷത്തോടെ ചേര്‍ത്ത് പിടിച്ചു.
കൂട്ടുകാരേ, നമ്മുടെ ഉമ്മമാര്‍ നമുക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ക്ക് വിലയിടാന്‍ നമുക്കാകില്ല. അതിനാല്‍ അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുക. അവരെ സഹായിക്കുകയും ചെയ്യുക. എന്നാലേ നമുക്ക് സ്വര്‍ഗാവകാശികളായി മാറുവാന്‍ കഴിയൂ.