തുള വീണ മനസ്സുകൾ

അറബി കഥ - പുനരാഖ്യാനം: തൻസീൽ

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

പണ്ടുപണ്ട്‌ ഒരു ഗ്രാമത്തിൽ മഹാവികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു. അവൻ തന്റെ മാതാപിതാക്കൾക്ക്‌ അസഹനീയമാംവിധം പ്രയാസങ്ങളുണ്ടാക്കി. അയൽക്കാർക്കും സമപ്രായക്കാർക്കും അവൻ ഒരു ശല്യമായി മാറി. മാതാപിതാക്കൾ നിരന്തരം അവനെ ഉപദേശിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.

തന്റെ ഇഷ്ടത്തിന്‌ എതിരായി ആര്‌ എന്ത്‌ പറഞ്ഞാലും അത്‌ അനുസരിക്കാൻ അവൻ തയ്യാറാവുകയില്ലെന്ന്‌ മാത്രമല്ല, അവരോട്‌ കയർത്തു സംസാരിക്കുകയും ചെയ്യും. തന്നെക്കാളും ചെറിയവരാണ്‌ അടുത്തേക്ക്‌ വരുന്നതെങ്കിൽ അവരെ ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും.

എല്ലാവരും `വികൃതിക്കുട്ടി`?എന്ന്‌ അവനെ വിളിക്കാൻ തുടങ്ങി. സ്കൂളിലെ കൂട്ടുകാരും അയൽക്കാരുമെല്ലാം തന്നെ അകറ്റുന്നുണ്ടെന്ന തോന്നൽ ഇടയ്ക്ക്‌ അവനുണ്ടാകാറുണ്ട്‌. അപ്പോഴൊക്കെ നന്നാകണമെന്ന്‌ അവന്‌ തോന്നും. പക്ഷേ, എത്ര ശ്രമിച്ചിട്ടും ദേഷ്യം അടക്കിവെക്കാൻ അവന്‌ കഴിഞ്ഞില്ല. ഇത്‌ അവനെക്കാളേറെ മാതാപിതാക്കളെ ആശങ്കയിലാക്കി. പലപ്പോഴായി പല വിധത്തിൽ പലരും അവനെ ഉപദേശിച്ചെങ്കിലും അവനിൽ മാറ്റമുണ്ടായില്ല. അതിനാൽ അവൻ കൂടുതൽ ഒറ്റപ്പെട്ടു തുടങ്ങി. അവനുമായി കൂട്ടുകൂടുവാനും കളിക്കുവാനും കൂട്ടുകാർ മടികാണിച്ചു.

ഒരുദിവസം അവൻ തനിച്ച്‌ വീടിനു സമീപത്തുള്ള പുഴയോരത്ത്‌ ഓളങ്ങളിൽ കണ്ണുംനട്ടിരിക്കുകയായിരുന്നു. അന്നേരം ഉപ്പ അവന്റെ അടുത്ത്‌ ചെന്നിരുന്ന്‌ അവന്റെ മുടിയിഴകളിൽ സ്നേഹത്തോടെ തലോടിക്കൊണ്ട്‌ അവനോട്‌ തമാശകൾ പറയാൻ തുടങ്ങി. കൊച്ചു കുഞ്ഞായിരിക്കുമ്പോൾ അവൻ ചെയ്ത കുസൃതികളെ സംബന്ധിച്ചും മറ്റും പറഞ്ഞുകൊണ്ടിരുന്നു. ഉപ്പയുടെ വാത്സല്യത്തോടെയുള്ള ഇടപെടലും ഉമ്മയും ഉപ്പയും തനിക്കു വേണ്ടി സഹിച്ച പ്രയാസങ്ങളും മറ്റുമൊക്കെ കേട്ടപ്പോൾ ഇപ്പോൾ തന്നോട്‌ ആരും ഇങ്ങനെയല്ലല്ലോ പെരുമാറുന്നത്‌ എന്ന്‌ അവൻ ചിന്തിച്ചു. തന്റെ മോശം സ്വഭാവംകൊണ്ടായിരിക്കും അതെന്നും അവൻ ഊഹിച്ചു.

എനിക്ക്‌ മാറണം. ഇനി ഞാൻ ആരോടും ചീത്തയായി പെരുമാറുകയില്ല; എത്ര ദേഷ്യം വന്നാലും ശരി, അവൻ തീരുമാനിച്ചു. അവനും ഉപ്പയും പുഴവക്കിൽനിന്നും വീട്ടിലേക്ക്‌ തിരിച്ചുനടന്നു. അകത്തെത്തിയപ്പോൾ അടുക്കളയിൽ നിന്നും ഓടിവന്ന പൂച്ച അവനെ നോക്കി ഒന്ന്‌ മുരണ്ടു. തന്നെ നോക്കി മുരണ്ടതിലുള്ള ദേഷ്യംകൊണ്ട്‌ അവൻ നിലത്തുകിടന്നിരുന്ന ക്രിക്കറ്റ്‌ ബോൾകൊണ്ട്‌ പൂച്ചക്ക്‌ ഒരേറു കൊടുത്തു. അത്‌ കണ്ട ഉമ്മ അവനോട്‌ പറഞ്ഞു: “എത്ര പറഞ്ഞാലും നീ എന്താ മോനേ ഇങ്ങനെ? എന്തിനാ അതിനെ എറിയുന്നേ?”

അത്‌ കേട്ടപ്പോൾ അവന്‌ ദേഷ്യം കൂടി. പക്ഷേ, ഉപ്പ അവന്റെ കൈപിടിച്ചു. അതോടെ അവന്റെ ദേഷ്യം മാറി.

പിറ്റേന്ന്‌ ഉപ്പ ജോലി കഴിഞ്ഞ്‌ വന്നത്‌ ഒരു പ്ളാസ്റ്റിക്‌ ബാഗ്‌ നിറയെ ആണികളുമായിട്ടായിരുന്നു. ആ ബാഗിൽ ഒരു ചെറിയ ചുറ്റികയും ഉണ്ട്‌. ഉപ്പ അവനോട്‌ പറഞ്ഞു:

“ഇന്ന്‌ മുതൽ നിനക്ക്‌ ദേഷ്യം വരുമ്പോൾ വീടിനു പിന്നിൽ ചെന്ന്‌ കയ്യാലയിൽ ഈ ബാഗിലുള്ള ആണികളിൽ നിന്നും ഓരോന്നെടുത്ത്‌ ചുറ്റികകൊണ്ട്‌ തറക്കുക. ദേഷ്യം തീരുന്നത്‌ വരെ നല്ല ശക്തിയിൽ കയ്യാലയിൽ തറച്ചുകൊണ്ടിരിക്കുക. ദേഷ്യം വരുമ്പോഴെല്ലാം ഇതുപോലെ ചെയ്യുക.”

അന്ന്‌ മുതൽ അവൻ അങ്ങനെ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ എല്ലാ ദിവസങ്ങളിലും ധാരാളം ആണികൾ വളരെ ശക്തമായി കയ്യാലയിൽ അവൻ തറച്ചു. പിന്നീട്‌ ഇടയ്ക്കിടയ്ക്കായി; അത്പോലെ തന്നെ തറക്കുന്ന ആണികളുടെ എണ്ണവും തറക്കുന്നതിന്റെ ശക്തിയും കുറഞ്ഞു വന്നു. ദിവസങ്ങൾ കഴിഞ്ഞു വരുന്നതിനനുസരിച്ച്‌ ഇടവേളകളുടെ ദൈർഘ്യം വർധിക്കുകയും തറക്കുന്ന ആണികളുടെ എണ്ണം കുറയുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്‌ അവന്‌ ദേഷ്യം വന്നാൽ തന്നെ പെട്ടെന്ന്‌ മാറുന്ന സ്ഥിതിയായി.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഉപ്പ അവനെയും കൂട്ടി വീടിനു പിൻവശത്തെ കയ്യാലക്കരികിലേക്ക്‌ ചെന്നു. കയ്യാലയിൽ നിറയെ ആണികൾ...! ആദ്യഭാഗത്ത്‌ ആണികൾ കയ്യാലയിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്‌. കഠിനമായ ദേഷ്യത്തിന്റെ അടയാളമാണത്‌. പിന്നീടങ്ങോട്ട്‌ ആണികൾ വല്ലാതെ ആഴ്ന്നിറങ്ങിയിട്ടില്ല. എണ്ണം വളരെ കുറയുകയും ചെയ്തിട്ടുണ്ട്‌.

ഉപ്പ അവനോട്‌ തറച്ച ആണികൾ ഓരോന്നായി വരും ദിവസങ്ങളിൽ പറിച്ചെടുക്കാൻ പറഞ്ഞു. അന്ന്‌ മുതൽ ഉപ്പ പറഞ്ഞ പോലെ അവൻ ആണികൾ ഓരോന്നായി പറിച്ചെടുക്കാൻ ആരംഭിച്ചു. അവസാന നാളുകളിൽ തറച്ച ആണികൾ വളരെ പെട്ടെന്ന്‌ തന്നെ അവന്‌ പറിച്ചെടുക്കാനായി. എന്നാൽ ആദ്യനാളുകളിൽ അവൻ തറച്ച ആണികൾ അവന്‌ ഇളക്കാൻ പോലും കഴിഞ്ഞില്ല.

അടുത്ത ദിവസം അവൻ ഉപ്പയോട്‌ താൻ ആണികൾ പറിച്ചെടുത്ത വിവരം അറിയിച്ചു. ഉപ്പ അവനെയും കൂട്ടി കയ്യാലയ്ക്കരിലേക്ക്‌ പോയി. ആദ്യദിവസങ്ങളിൽ തറച്ച ആണികൾ ഇളക്കാൻ പറ്റാത്തതും പിന്നീട്‌ തറച്ചവ പറിച്ചെടുത്തതും പറിച്ചെടുത്തേടത്തെല്ലാം തറച്ച പാടുകളും കണ്ടു. ഉപ്പ അവനോട്‌ വളരെയധികം സ്നേഹവാത്സല്യത്തോട്‌ കൂടി പറഞ്ഞു: “മോനേ, ഈ കയ്യാലയെ നീ മുമ്പ്‌ ദേഷ്യപ്പെട്ടവരുടെ മനസ്സായി കരുതുക. അതിൽ തറച്ച ആണികളെല്ലാം അവരുടെ മനസ്സിൽ നിന്റെ സംസാരം കാരണം തറഞ്ഞ വേദനകളാണെന്നും കരുതുക. ആ മനസ്സുകളിൽ തറഞ്ഞ ആണികൾ പറിച്ചെടുത്താലും അതിന്റെ പാടുകൾ കാലപ്പഴക്കം കൊണ്ടേ മാറൂ. എന്നാലും ചില ആണികൾ പറിച്ചെടുക്കാനാവാത്ത വിധം മനസ്സുകളിൽ അവശേഷിക്കും.”

അപ്പോൾ ദുഃഖഭാരത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


അല്ലാഹുവിൻ വൈഭവം

അബൂഫായിദ

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

വറ്റിവരണ്ടു കിടക്കുന്ന ഭൂമിയി-
ലേക്കൊന്നു നോക്കുവെൻ കുട്ടികളേ
ഇറ്റുജലമില്ല ഒറ്റ പുൽകൊടിയില്ല
ഏറ്റമുറപ്പുള്ള മണ്ണു മാത്രം
ഇറ്റുജലമില്ല ഒറ്റ പുൽകൊടിയില്ല
ഏറ്റമുറപ്പുള്ള മണ്ണു മാത്രം

മാനത്തിൽ വാതിൽ തുറന്നുകൊണ്ടാ മണ്ണി-
ലേക്കു മഴ പെയ്തിറങ്ങിടുമ്പോൾ
ജീവൻ തുടിക്കുന്നു, നൂറായിരം സസ്യ
ജാലങ്ങൾ പൊട്ടിമുളച്ചിടുന്നു
ജീവൻ തുടിക്കുന്നു, നൂറായിരം സസ്യ
ജാലങ്ങൾ പൊട്ടിമുളച്ചിടുന്നു

പച്ച പുതക്കുന്നു പൂക്കളും കായ്കളും
കണ്ണിനു കുളിർമഴയായിടുന്നു
എന്തൊരതിശയം എത്ര മനോഹരം
എല്ലാതുമല്ലാഹുവിൻ വൈഭവം
എന്തൊരതിശയം എത്ര മനോഹരം
എല്ലാതുമല്ലാഹുവിൻ വൈഭവം

ചിന്തിച്ചു നോക്കുവെൻ കൂട്ടുകാരേ നമ്മ-
ളീ ലോകം വിട്ടുപിരിഞ്ഞുവെന്നാൽ
ഇതുപോലെ നമ്മളെ വീണ്ടും ജനിപ്പിക്കാൻ
ഏകനാമല്ലാക്ക്‌ കഴിയുകില്ലേ?
ഇതുപോലെ നമ്മളെ വീണ്ടും ജനിപ്പിക്കാൻ
ഏകനാമല്ലാക്ക്‌ കഴിയുകില്ലേ?