ആദ്യം സ്വയം മാറുക

പുനരാഖ്യാനം - തന്‍വീല്‍

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

പണ്ട് ദില്‍മുന്‍ എന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടുത്തെ ഭരണാധികാരിയായിരുന്നു അബൂമുഇസ്സ്. സുഖാഡംബരങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രാജാവ് നാടിന്റെ വളര്‍ച്ചയിലോ ജനങ്ങളുടെ ക്ഷേമത്തിലോ ശ്രദ്ധാലുവായിരുന്നില്ല.  

സന്ധ്യയായാല്‍ വിഭവ സമൃദ്ധമായ വിരുന്നൊരുക്കി കൂട്ടുകാരെ ക്ഷണിച്ചുവരുത്തിയുള്ള ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. പുലരുംവരെ നീളുന്ന സല്‍ക്കാരം കഴിഞ്ഞാല്‍ പകല്‍ മുഴുവന്‍ ഉറക്കവും! ഇതിനിടയില്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ അറിയാനോ അതിനുള്ള പരിഹാരം നിര്‍ദേശിക്കാനോ അദ്ദേഹത്തിന് സമയം ലഭിക്കാതെയായി. 

അബൂമുഇസ്സ് രാജാവിന്റെ മന്ത്രിയായിരുന്നു അബൂയഹ്‌യ. നാടിന്റെ ഈ അവസ്ഥയില്‍ വളരെയധികം ആകുലനായിരുന്നു അദ്ദേഹം. ഒരു വൈകുന്നേരം മന്ത്രി അബൂയഹ്‌യ രാജാവിനെ ചെന്നു കണ്ട് നാടിന്റെ നിലവിലുള്ള അവസ്ഥയും നാട്ടുകാരുടെ ദുരിതവുമെല്ലാം അറിയിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ചക്രവര്‍ത്തി തന്റെ രാജ്യത്തെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനും തീരുമാനിച്ചു. മന്ത്രി അബൂയഹ്‌യ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ മന്ത്രിയെയും കൂട്ടി വേഷപ്രച്ഛന്നനായി നാട്ടിലിറങ്ങാനായിരുന്നു തീരുമാനം.  

രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി തന്റെ നാടിന്റെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത രാജാവിന് തന്റെ നാട്ടിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലായി. അതിലുപരി തുടര്‍ച്ചയായി ദുഷ്‌ക്കരമായ വഴികളിലൂടെയുള്ള യാത്ര രാജാവിനെ വല്ലാതെ തളര്‍ത്തി. പാദം വിണ്ടുകീറി, മുറിവുണ്ടായി.

യാത്ര കഴിഞ്ഞ് വിശ്രമത്തിനു ശേഷം അടുത്ത ദിവസം രാജാവ് ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പൊതുവായ വികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് നാട്ടിലെ പ്രധാന വഴികളിലെല്ലാം ലെതര്‍ വിരിക്കുക എന്നതായിരുന്നു. 

നാടിന്റെ വികസനത്തിന്റെ ഭാഗമായി രാജാവ് പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനം ഖജനാവ് കാലിയാക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. 

''മന്ത്രീ, താങ്കള്‍ പറയുന്നതു പോലെ വളരെയധികം ചെലവേറിയതാണ് വഴികളില്‍ ലെതര്‍ വിരിക്കുകയെന്നത്. പക്ഷേ, താങ്കള്‍ ഇത് നോക്കൂ. വെറും മൂന്ന് നാല് ദിവസം മാത്രമെ നാം ഈ വഴികളിലൂടെ നടന്നിട്ടുള്ളൂ. അപ്പോഴേക്കും നമ്മുടെ കാല്‍പാദങ്ങള്‍... ദാ കണ്ടില്ലേ...? വിണ്ടുകീറിയിരിക്കുന്നു. അത് കൊണ്ട് തന്നെ നാം ഈ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല'' രാജാവ് പ്രഖ്യാപിച്ചു. 

മന്ത്രി അദ്ദേഹത്തോട് പറഞ്ഞു: ''പ്രഭോ, വഴികള്‍ മുഴുവനും വീതികൂട്ടുകയും നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. കാലിന് പരിക്കേല്‍ക്കാതിരിക്കാന്‍ മുന്തിയ ചെരുപ്പ് ഉണ്ടാക്കിയാല്‍ പോരേ?'' അപ്പോഴാണ് രാജാവിന് തന്റെ ബുദ്ധിയില്ലായ്മ മനസ്സിലായത്.  

ലോകം മുഴുവന്‍ മാറിയെങ്കിലേ സ്വന്തത്തിന് ഏല്‍ക്കുന്ന മുറിവുകളില്‍ നിന്ന് രക്ഷകിട്ടുകയുള്ളൂഎന്ന ധാരണ അബദ്ധമാണെന്ന തിരിച്ചറിവ് അപ്പോഴാണ് രാജാവിനുണ്ടായത്. അതോടൊപ്പം നാം സ്വയം മാറിയാല്‍ ലോകം മുഴുവന്‍ മാറ്റിയെടുത്ത അനുഭൂതി ലഭിക്കുമെന്നും മന്ത്രിക്ക് രാജാവിനെ ബോധ്യപ്പെടുത്താനായി. 


സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

ഒരിക്കല്‍ ഒരു സുല്‍ത്താന്‍ പട്ടണത്തിലൂടെ നടക്കുകയായിരിന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായി വേഷം മാറിയായിരുന്നു യാത്ര. കൂടെ ഭൃത്യനുമുണ്ട്. തന്റെ ഭരണത്തെക്കുറിച്ച് ജനങ്ങള്‍ എന്തെല്ലാം പറയുന്നു എന്നറിയലായിരുന്നു സുല്‍ത്താന്റെ ലക്ഷ്യം. 

മഞ്ഞ് വീഴുന്ന കാലമാണ്. കഠിനമായ തണുപ്പുണ്ട്. വഴിയരികില്‍ കണ്ട ചെറിയ ഒരു പള്ളിയില്‍ സുല്‍ത്താന്‍ പ്രവേശിച്ചു. പള്ളിയുടെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് രണ്ട് സാധു മനുഷ്യന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തക്കാരും സ്വന്തമായി വീടും ഇല്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് അവരുടെ താമസം. സുല്‍ത്താന്‍ അവരെ സമീപിച്ചു. അന്നേരം ഒരാള്‍ കൂട്ടുകാരനോട് തമാശ രൂപത്തില്‍ ഇങ്ങനെ പറയുന്നത് സുല്‍ത്താന്‍ കേട്ടു: ''ഞാന്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗത്തിലെത്തിയാല്‍ അതില്‍ പ്രവേശിക്കാന്‍ സുല്‍ത്താനെ ഞാന്‍ സമ്മതിക്കില്ല. കവാടത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ തടയും.''

''അതെന്തിനാ സുഹൃത്തേ?'' കൂട്ടുകാരന്‍ ചോദിച്ചു.

''നമ്മള്‍ ഇവിടെ തണുത്തു വിറച്ച് ഇരിക്കുന്നു. നമുക്ക് സ്വന്തമായി വീടില്ല. അദ്ദേഹമാകട്ടെ ഇപ്പോള്‍ തന്റെ കൊട്ടാരത്തില്‍ ചൂടേറ്റ് സുരക്ഷിതനായി കഴിയുകയാണ്. നമ്മെ പോലുള്ളവരുടെ അവസ്ഥ കണ്ടറിയുവാനും പ്രയാസങ്ങള്‍ തീര്‍ത്തുതരുവാനും അദ്ദേഹത്തിന് സമയമില്ല. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ അയല്‍ക്കാരനാക്കും?''

തമാശ ആസ്വദിച്ചുകൊണ്ട് രണ്ടുപേരും ഉറക്കെ ചിരിച്ചു. സുല്‍ത്താന്‍ അവരോട് ഒന്നും ചോദിക്കാതെ നമസ്‌കാരം നിര്‍വഹിച്ച് സ്ഥലംവിട്ടു.

പിറ്റേ ദിവസം സുല്‍ത്താന്റെ ഭടന്മാര്‍ ചെന്ന് ആ രണ്ട് മനുഷ്യരെയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. രണ്ടു പേരും പേടിച്ചരണ്ടുപോയി. എന്തിനാണാവോ സുല്‍ത്താല്‍ വിളിപ്പിച്ചത്? തങ്ങള്‍ ഇന്നലെ പറഞ്ഞ തമാശ സുല്‍ത്താന്റെ ചെവിയിലെത്തിയോ? എന്ത് ശിക്ഷയാണാവോ ലഭിക്കാന്‍ പോകുന്നത്! 

എന്നാല്‍ സുല്‍ത്താന്‍ രണ്ടുപേരെയും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കൊട്ടാരത്തിലെ ആഡംബരപൂര്‍ണമായ ഒരു മുറിയിലേക്ക് സുല്‍ത്താന്‍ അവരെ കൂട്ടിക്കൊണ്ടു പോയി.

''ഇനി മുതല്‍ നിങ്ങള്‍ക്കിവിടെ സുഖമായി കഴിയാം. ഇഷ്ടമുള്ളത് തിന്നാനും കുടിക്കാനും ലഭിക്കും. തണുപ്പ് സഹിക്കേണ്ടിവരില്ല. സ്വര്‍ഗത്തില്‍ നിങ്ങളുടെ അയല്‍വാസിയാകാന്‍ എനിക്ക് യോഗ്യത വേണം. നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.''

സുല്‍ത്താന്റെ ഈ വാക്കുകള്‍ കേട്ട് രണ്ടു പേരും ഞെട്ടിത്തരിച്ചു. തങ്ങള്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ സുല്‍ത്താന്‍ അറിഞ്ഞിരിക്കുന്നു! അത് പറഞ്ഞയാള്‍ നിറകണ്ണുകളോടെ സുല്‍ത്താനോട് പറഞ്ഞു:

''പ്രഭോ, മാപ്പാക്കണം. ഞാന്‍ തമാശയായി പറഞ്ഞതാണ്. സ്വര്‍ഗത്തില്‍ ആര്‍ക്കും ആരെയും തടയാന്‍ കഴിയില്ലല്ലോ. അങ്ങനെയൊരു മനസ്സും അവിടെ ചെന്നാല്‍ ആര്‍ക്കുമുണ്ടാകില്ല.''

''അത് സാരമില്ല. നിങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. എനിക്കതില്‍ സന്തോഷമേയുള്ളൂ.''

കൂട്ടുകാരേ, നാം നമ്മുടെ കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവണം. ''ആരെങ്കിലും ഒരു വിശ്വാസിയുടെ ഇഹലോകെത്ത പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തിന് ആശ്വാസം നല്‍കിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തില്‍നിന്ന് അല്ലാഹു അവനും ആശ്വാസം നല്‍കുന്നതാണ്'' എന്ന നബിവചനം നാം ഓര്‍ത്തുവെക്കണം.