ഒരു ജീവിയെയും ഉപദ്രവിക്കരുത്

അസ്‌റ അബ്ദുല്‍ ഹയ്യ് 

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

ഹാജറയും സാറയും അടുത്ത കൂട്ടുകാരികളാണ്. ഹാജറ മതബോധമുള്ള കുടുംബത്തിലെ കുട്ടിയായതിനാല്‍ സാറയെക്കാള്‍ മികച്ച സ്വഭാവവും നല്ല അറിവും അവള്‍ക്കുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സ്‌കൂളില്‍ പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു.

ഒരുദിവസം രണ്ടുപേരും സകൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ വഴിയിരികില്‍ ഒരു കിളിക്കുഞ്ഞ് മരണാസന്നയായി കിടക്കുന്നത് കണ്ടു. അതിനെ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്നു. 

ഹാജറ പറഞ്ഞു: ''പാവം കിളിക്കുഞ്ഞ്. അത് ചാകാനായിട്ടുണ്ട്. നമുക്കതിനെ രക്ഷിക്കാം. അല്‍പം വെള്ളം കൊടുക്കാം.''

അപ്പോള്‍ സാറ പറഞ്ഞു: ''നിനക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ സമയം കളയുന്നു.''

''നീ ഈ പറയുന്നത് ശരിയല്ല. ദാഹിക്കുന്ന ഏത് ജീവിക്കും വെള്ളം നല്‍കി ദാഹമകറ്റുന്നത് പുണ്യകര്‍മമാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്'' ഹാജറ പറഞ്ഞു.

''നേരാണോ നീ പറയുന്നത്?'' സാറ അത്ഭുതത്തോടെ ചോദിച്ചു. 

''അതെ, ദാഹിച്ചു വലഞ്ഞ നായക്ക് കിണറ്റിലിറങ്ങി വെളളം നല്‍കിയ മനുഷ്യന്‍ അക്കാരണത്താല്‍ സ്വര്‍ഗാവകാശിയായെന്ന് നബി ﷺ പറഞ്ഞത് നീ പഠിച്ചിട്ടില്ലേ?''

ഇതും ചോദിച്ച് ഹാജറ കിളിക്കുഞ്ഞിനെ കയ്യിലെടുത്തു. അതിന്റെ ശരീരത്തിലുണ്ടായിരുന്ന ഉറുമ്പുകളെയെല്ലാം തട്ടിക്കളഞ്ഞു. ബാഗിലുണ്ടായിരുന്ന വാട്ടര്‍ബോട്ടിലില്‍ നിന്ന് അല്‍പം വെള്ളം അതിന്റെ വായില്‍ ഒഴിച്ചുകൊടുത്തു. അത് വെള്ളം കുടിച്ചിറക്കി. അന്നേരമാണ് തള്ളപ്പക്ഷി മുകളില്‍ വട്ടമിട്ടു പറക്കുന്നത് അവര്‍ കണ്ടത്. കുറച്ചപ്പുറത്ത് മരത്തില്‍ നിന്ന് ചാടിയ കിളിക്കൂട് കിടക്കുന്നത് അപ്പോഴാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഹാജറ കിളിക്കുഞ്ഞിനെ ആ കൂട്ടില്‍ വെച്ചു. ഉറുമ്പുകള്‍ പോകുകയും വെള്ളം അകത്തു ചെല്ലുകയും ചെയ്തതിനാല്‍ കിളിക്കുഞ്ഞ് ഉഷാറായി. അത് പതുക്കെ കൂട്ടില്‍ എഴുന്നേറ്റ് നിന്നു. അവര്‍ അല്‍പം മാറി നിന്നപ്പോള്‍ തള്ളപ്പക്ഷി കൂട്ടില്‍ പറന്നിറങ്ങി. അത് തന്റെ കൊക്കിനിടയില്‍ വെച്ചിരുന്ന തീറ്റ കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്തു. കുറച്ചു നേരം ആ രംഗം നോക്കിനിന്ന ശേഷം ഹാജറയും സാറയും വീട്ടിലേക്ക് മടങ്ങി. 

പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ സാറ പറഞ്ഞു: ''ഇന്നലെ നീ കിളിക്കുഞ്ഞിനെ രക്ഷിച്ച കാര്യമായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സു നിറയെ. ഞാന്‍ ഇതുവരെ ജന്തുക്കളെ ഉപദ്രവിച്ചിട്ടേയുള്ളൂ. ഇനി ഞാന്‍ ഒന്നിനെയും ഉപദ്രവിക്കില്ല.''

ഹാജറക്ക് അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അവള്‍ പറഞ്ഞു: ''നമ്മള്‍ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞാല്‍ പിന്നെ അത് ആവര്‍ത്തിക്കരുത്. അറിയാതെ ചെയ്തത് അല്ലാഹു പൊറുത്തുതരും.''

''ഞാന്‍ എന്റെ വീട്ടില്‍ വരുന്ന ഒരു പാവം പൂച്ചയെ കല്ലെടുത്തെറിഞ്ഞ് കുറെ വേദനിപ്പിച്ചിട്ടുണ്ട്. അതുപോലെ ഓന്തിനെയും അരണയെയും കാണുമ്പോള്‍ എറിയാറുണ്ട്. അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതാണ്'' സാറ ദുഃഖത്തോടെ പറഞ്ഞു.

''നീ മാത്രമല്ല, പല കുട്ടികളും ചെയ്യുന്ന കാര്യമാണിത്. പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നല്‍കാതെ കൊന്ന ഒരു സ്ത്രീ നരകത്തിലാണെ് നബി ﷺ പറഞ്ഞത് ജന്തുക്കളെ ഉപദ്രവിക്കുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അറിയിക്കുന്നു'' ഹാജറ പറഞ്ഞു.

അപ്പോഴേക്കും അവര്‍ സ്‌കൂളിലെത്തി. സലാം പറഞ്ഞുകൊണ്ട് രണ്ടു പേരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.