സമയത്തിന്റെ വില
തന്‍വീല്‍
2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
ഫാത്വിമയും അമലും അമ്മായി വരുന്നത് ദൂരെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു.
''ഉമ്മാ....! സല്‍മമ്മായി വരുന്നൂ.....'' അമല്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഫാത്വിമ മുറ്റത്തേക്കിറങ്ങി. അവള്‍ സന്തോഷത്തോടെ പറഞ്ഞു: ''ഹായ് സല്‍മമ്മായി...!''
''അസ്സലാമു അലൈക്കും'' സല്‍മ സലാം ചൊല്ലി.
''വ അലൈക്കുമുസ്സലാം വറഹ്മതുല്ലാഹ്'' എല്ലാവരും ഒന്നിച്ച് സലാം മടക്കി.
''ഉച്ച മുതല്‍ നീ വരുന്നതും കാത്ത് നില്‍പ്പാണ് രണ്ടുപേരും..'' ഉമ്മ സല്‍മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
സല്‍മ അമ്മായി വന്നാല്‍ പിന്നെ ഫാത്വിമക്കും അമലിനും പെരുന്നാളാണ്! അത്രയ്ക്കിഷ്ടമാണ് അവര്‍ക്ക് സല്‍മയെ.
കൊച്ചു കൊച്ചു കഥകളും പാട്ടും പഴംചൊല്ലും ക്വുര്‍ആന്‍ പാരായണവുമായി പിന്നെ വീട്ടില്‍ നല്ല രസം തന്നെയാണ്. ഫാത്വിമയുടെയും അമലിന്റെയും ഉപ്പയുടെ ചെറിയ പെങ്ങളാണ് സല്‍മ. കോളേജില്‍ പഠിക്കുന്നു.
''ഇക്കാക്ക എപ്പോള്‍ വരും ഇത്താത്താ..?'' സല്‍മ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.
''ഇന്ന് ഇത്തിരി വൈകും'' ഉമ്മ പഞ്ഞു.
''എന്നാ ഇന്ന് കുറേ നേരം കഥപറഞ്ഞിരിക്കാലോ അമ്മായീ...'' അമലാണത് പറഞ്ഞത്.
''ങാ... അത് തരക്കേടില്ല! ഉപ്പ വരാന്‍ വൈകുന്നതിലുള്ള ബേജാറല്ല! ഓന് കഥകേള്‍ക്കാനുള്ള തിടുക്കമാ...'' ഫാത്വിമ ചൊടിച്ചു.
''അത് ശരിയാ...'' ഉമ്മയും അവളുടെ കൂടെ കൂടി.
''അവന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഉപ്പക്കും ഉമ്മക്കും വേണ്ടി നിത്യേന പ്രാര്‍ഥിക്കുന്ന മക്കളാ എന്റേത്.പിന്നെ നല്ല നല്ല കഥകളും ചരിത്രങ്ങളും മറ്റും കഴിയുന്നത്ര കേള്‍ക്കാനും കേള്‍പ്പിക്കാനും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം'' സല്‍മ അമ്മായി അവന്റെ പക്ഷം ചേര്‍ന്നു.
ഉമ്മ ചായയും കടിയും എടുത്ത് വെച്ചു. എല്ലാവരും ചായ കുടിക്കാന്‍ റെഡിയായി.
മേശമേലുണ്ടായിരുന്ന സല്‍മയുടെ ഫോണ്‍ അമലിന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അത് എടുത്ത് സോഫയില്‍ ചെന്നിരുന്നു.
''മോനേ, ഇങ്ങനെ എപ്പോഴും മൊബൈലില്‍ കളിക്കുന്നത് ശരിയല്ല. നീ അത് അവിടെ വെച്ച് ചായകുടിക്കാന്‍ വാ...'' ഉമ്മ പറഞ്ഞു.
മനമില്ലാ മനസ്സോടെ അമല്‍ ഫോണ്‍ കിട്ടിയേടത്തുതന്നെ വെച്ച് ചായ കുടിക്കാന്‍ ചെന്നിരുന്നു.
ഉമ്മയും സല്‍മയും കുടുംബ കാര്യങ്ങളും മറ്റും സംസാരിച്ചിരിക്കെ അബ്ദു വീണ്ടും മൊബൈല്‍ കയ്യിലെടുത്തു.
''അമ്മായീ... ഓന്‍ ചായ കുടിച്ച് തീരുംമുമ്പ് ഫോണെടുത്തു...'' ഫാത്വിമ വിളിച്ചു പറഞ്ഞു.
സല്‍മയും ഉമ്മയും എഴുന്നേറ്റു.
''വാ.. ഇനി നമുക്ക് കഥ തുടങ്ങാം'' സല്‍മ പറഞ്ഞു. അമലിന് ഫോണ്‍ ഒഴിവാക്കാന്‍ ഇഷ്ടക്കുറവുണ്ടെങ്കിലും അമ്മായി വിളിച്ചപ്പോള്‍ ഓടിച്ചെന്നു.
സല്‍മ കഥ പറഞ്ഞു തുടങ്ങി:
''പണ്ട് ഒരു നാട്ടില്‍ ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ വയല്‍ വിത്തിടുന്നതിന് വേണ്ടി ഉഴുതുമറിക്കുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ തൂമ്പ ഉറപ്പുള്ള എന്തിലോ ചെന്നു കൊണ്ടു. കര്‍ഷന്‍ മണ്ണ് ഇളക്കി മാറ്റി അതിനടിയില്‍ എന്താണെന്ന് നോക്കി. അത് ഒരു പെട്ടിയായിരുന്നു. അദ്ദേഹം അതെടുത്ത് വളരെയധികം ആകാംക്ഷയോടെ മാറിയിരുന്ന് പൊളിച്ച് നോക്കി. അതില്‍ നിറയെ കറുത്ത ചെറിയ ചെറിയ കല്ലുകള്‍...
ആരായിരിക്കും ഈ കറുത്ത കുഞ്ഞുകല്ലുകള്‍ ഇങ്ങനെ പെട്ടിയിലാക്കി കുഴിച്ചിട്ടിരിക്കുന്നത്? കര്‍ഷകന്‍ ആലോചിച്ചു. ഹാ..! ഏതായാലും കുഞ്ഞുകല്ലുകളാണല്ലോ. ഇതുകൊണ്ടൊരു പണിയുണ്ട്.
വിളഞ്ഞ് നില്‍ക്കുന്ന പാടത്ത് ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ പറവകള്‍ വരും. അവയെ ഈ കുഞ്ഞുകല്ലുകള്‍ വാരിയെറിയാം. ഒരേറിനു തന്നെ എല്ലാറ്റിനെയും പറത്താന്‍ കഴിയും. കര്‍ഷകന്‍ ആത്മഗതം ചെയ്തു.
അയാള്‍ ആ കല്ലുകളുള്ള പെട്ടി സൂക്ഷിച്ചു വെച്ചു.
ദീവസങ്ങളും മാസങ്ങളും കഴിഞ്ഞു. വയല്‍ നിറയെ ധാന്യങ്ങള്‍. മുഴുവന്‍ വിത്തുകളും മുളച്ച് കതിരായി ധാന്യമണികള്‍ വിളഞ്ഞു നില്‍ക്കുന്നു. കര്‍ഷകന് സന്തോഷമായി. നാളെ വയലിലേക്ക് വരുമ്പോള്‍ ആ പെട്ടി കൂടി കൊണ്ട് വരണം. വയലിന്റെ ഒരു ഓരത്തിരുന്ന് പെട്ടിയിലുള്ള കല്ലുകളെടുത്തെറിഞ്ഞാല്‍ ധാന്യം തിന്നാന്‍ വരുന്ന പക്ഷികളെല്ലാം പറന്നു പോകും. കര്‍ഷകന്‍ ചിന്തിച്ചു.
അയാള്‍ അടുത്ത ദിവസം രാവിലെ പെട്ടിയുമായി വയലിലേക്കെത്തി. നനയും കളപറിക്കലും കഴിഞ്ഞ് അദ്ദേഹം വയലിന്റെ വക്കിലിരുന്നു. അന്നേരം തെക്ക് ഭാഗത്തുനിന്നും ഒരു കൂട്ടം പ്രാവുകള്‍ വയലിലിറങ്ങി. അയാള്‍ പെട്ടിയില്‍ നിന്നും കല്ലുകള്‍ വാരിയെറിഞ്ഞു. പക്ഷികളെല്ലാം കൂട്ടമായി പറന്നു പോയി.
അന്ന് അത് പലപ്രാവശ്യം ആവര്‍ത്തിച്ചു. പക്ഷികള്‍ വരുമ്പോഴൊക്കെ അയാള്‍ കല്ലുകള്‍ വാരിയെടുത്ത് എറിഞ്ഞു.
അടുത്ത ദിവസം പെട്ടിയില്‍ ഏതാനും കല്ലുകള്‍ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ അയാള്‍ ഒന്നോ രണ്ടോ കല്ലുകളെടുത്താണ് എറിഞ്ഞിരുന്നത്.
അതിനിടയില്‍ ഒരു രത്‌നവ്യപാരി ആ വഴിക്ക് കടന്നുപോയി. കര്‍ഷന്‍ എറിഞ്ഞ കല്ലുകളില്‍ ഒന്ന് അയാളുടെ മുന്നില്‍ ചെന്ന് വീണു. അയാള്‍ ആ കല്ലെടുത്ത് നോക്കി. എന്നിട്ട് നേരെ കര്‍ഷകന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു:
''ഈ പെട്ടിയിലുള്ള കല്ലുകള്‍ എനിക്ക് തരുമോ...?''
കര്‍ഷകന്‍ പറഞ്ഞു: ''ഇല്ല.''
രത്‌നവ്യാപാരി ആ കല്ലുകള്‍ക്ക് അഞ്ഞൂറു സ്വര്‍ണനാണയം തരാമെന്ന് പറഞ്ഞു. കര്‍ഷകന്‍ തരില്ലെന്നറിയിച്ചു. വീണ്ടു രത്‌ന വ്യാപാരി അതിന് അയ്യായിരം സ്വര്‍ണനാണയം തരാമെന്ന് പറഞ്ഞു. അപ്പോള്‍ കര്‍ഷകന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു: ''നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഈ കല്ലുകള്‍ക്ക് നിങ്ങള്‍ ഇത്രയും വിലയിടുന്നതെന്താണ്.''
അപ്പോള്‍ രത്‌നവ്യാപാരി ആ കല്ലുകള്‍ അപൂര്‍വ ഇനം രത്‌നക്കല്ലുകളാണെന്ന് അയാളെ അറിയിച്ചു. ഹോ...! അപ്പോഴാണ് കര്‍ഷകന്ന് താന്‍ ഇന്നലെ മുതല്‍ ചളിയിലെറിഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുകല്ലുകളുടെ വില മനസ്സിലായത്. അയാള്‍ ഉടന്‍ ആ ചെളിയില്‍ നിന്നും കല്ലുകള്‍ തപ്പിയെടുക്കാന്‍ തുടങ്ങി. എന്നാല്‍ ഏതാനും കല്ലുകള്‍ മാത്രമാണ് അയാള്‍ക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞത്. അയാള്‍ ആര്‍ത്തിയോടെ ഇരുന്നും ചേറില്‍ കിടന്നുരുണ്ടും കല്ലുകള്‍ തിരയാന്‍ തുടങ്ങി. അവിടെയെല്ലാം ധാന്യക്കതിരുകള്‍ നാശമാവുകയും ചെയ്തു. കിട്ടിയ കല്ലുകളുടെ വില നല്‍കി രത്‌നവ്യാപാരി പോവുകയും ചെയ്തു. ഇതോടെ കഥ കഴിഞ്ഞു...'' സല്‍മ അമ്മായി പറഞ്ഞു നിര്‍ത്തി.
''ഹോ... അയാളുടെ കാര്യം കഷ്ടം...! കിട്ടിയതെന്താണെന്നറിയാതെ വാരിവലിച്ച് എറിഞ്ഞു തീര്‍ത്തു അല്ലേ അമ്മായീ..?'' അമല്‍ ചോദിച്ചു.
''അതെ, അതു പോലെ നിന്റെ കയ്യിലും വളരെയധികം വിലയേറിയതും ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതുമായ ഒരു കാര്യമുണ്ട്. നീയും ആ കര്‍ഷകനെ പോലെ അത് ഒരിക്കലും തിരിച്ചികിട്ടാന്‍ കഴിയാത്ത രൂപത്തില്‍ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്'' സല്‍മ പറഞ്ഞു.
''അതെന്താണ് അമ്മായീ...?'' അമലും ഫാത്വിമയും വളരെ ആകാംക്ഷയോടെ ചോദിച്ചു.
''സമയം...! രത്‌നക്കല്ലുകളെക്കാള്‍ വിലയുള്ള സമയം. അതാണ് നീ ഒരു മൊബൈലില്‍ ഗെയിം കളിച്ചും മറ്റുമൊക്കെയായി കളഞ്ഞു തീര്‍ക്കുന്നത്. അതിനാല്‍ സമയത്തെ വളരെ കൃത്യമായി സൂക്ഷിച്ച് ഉപയോഗിക്കണം. അത് പാഴാക്കരുത്.''
''പരലോകത്ത് അത് ചോദ്യം ചെയ്യപ്പെടുമോ അമ്മായീ...?'' ഫാത്വിമ ചോദിച്ചു.
''അതെ, സമയം അഥവാ ആയുസ്സ്, ആരോഗ്യം, സമ്പത്ത്, അറിവ് എന്നിവയെക്കുറിച്ചെല്ലാം ചോദിക്കപ്പെടും. അതിന് ഉത്തരം പറയാതെ പരലോകത്ത് കാലടികള്‍ മുന്നോട്ട് വെക്കാന്‍ കഴിയില്ല നമുക്കാര്‍ക്കും... ബാങ്കു വിളിക്കാന്‍ സമയമായി...''
അപ്പോഴേക്കും മഗ്‌രിബ് നമസ്‌കാരത്തിന് സമയമായെന്നറിയിച്ച് ബാങ്കുവിളിയുയര്‍ന്നു. എല്ലാവരും വുദൂഅ് ചെയ്യാനായി പിരിഞ്ഞു.