സന്മനസ്സ്

അബൂറാഷിദ

2017 ഏപ്രില്‍ 22 1438 റജബ് 25

ഒരു ഞായറാഴ്ച. മഴക്കാലമാണെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥ. മഴയുടെ നേരിയൊരു ലക്ഷണം പോലുമില്ല. സ്‌കൂളില്ലാത്ത ദിവസമായതിനാല്‍ മഴയില്ലെങ്കില്‍ മദ്‌റസ വിട്ടുവന്നതിനുശേഷം ക്രിക്കറ്റു കളിക്കാന്‍ കുട്ടുകാരോടൊപ്പം പദ്ധതിയിട്ടതാണ്. ആഗ്രഹം പോലെ അന്തരീക്ഷം തെളിഞ്ഞതാണ്. സുനീറിന് ആഹ്ലാദമായി. അവന്‍ ൈമതാനത്തേക്ക് പുറപ്പെട്ടു. കൂട്ടുകാരെല്ലാം ചായ കുടിച്ച് അവിടെ എത്തിയിട്ടുണ്ടാകും. റഫീഖ് അവന്റെ വീട്ടിലുണ്ടാകും. അവനെയും വിളിക്കണം. വരുമോ എന്നറിയില്ല. ക്രിക്കറ്റിനെക്കാള്‍ വായനയോടാണ് അവനു താല്‍പര്യം. ഒഴിവുസമയം കിട്ടിയാലുടന്‍ ഏതെങ്കിലും പുസ്തകമെടുത്ത് വായന തുടങ്ങും. അവന്റെ വീട്ടിലാണെങ്കില്‍ എമ്പാടും പുസ്തകങ്ങളുമുണ്ട്. വേണമെങ്കില്‍ വരട്ടെ; വിളിച്ചു നോക്കാം.

ഇങ്ങനെ മനസ്സില്‍ ഓരോന്നു വിചാരിച്ചുകൊണ്ട് ടാറിടാത്ത പഞ്ചായത്തു റോഡിലൂടെ നടന്നു നീങ്ങവെ ദൂരെയൊരാള്‍ റോഡില്‍ എന്തോ പണിയിലേര്‍പെട്ടിരിക്കുന്നത് സുനീറിന്റെ ശ്രദ്ധയില്‍ പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്ന ഒരു ചളിക്കുണ്ടാണവിടെയുള്ളത്. അതിലൂടെ നടന്നുപോകാന്‍ വലിയ പ്രയാസമാണ്. കാലുകള്‍ ചളിയില്‍ ആണ്ടു പോകും. മഴക്കാലമായാല്‍ അവിടെ എല്ലാ വര്‍ഷവും അങ്ങനെയാണ്. ആരുമത് നന്നാക്കാന്‍ ശ്രമിക്കാറുമില്ല. ഇന്ന് ആര്‍ക്കാണാവോ അതിന് സന്മനസ്സു തോന്നിയിരിക്കുന്നത്! 

കുറച്ച് അടുത്തെത്തിയപ്പോള്‍ സുനീറിന് ആളെ മനസ്സിലായി. റഫീഖ്! റഫീഖ് റോഡു നന്നാക്കുകയോ? അത്ഭുതം തന്നെ! സ്‌കൂളില്‍ കുടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടി. മാത്രമല്ല പണക്കാരനായ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍. അവന്‍ എന്തിനീ പണിയെടുക്കുന്നു? എന്തോ രഹസ്യം അതിലുണ്ട്. 

അടുത്തെത്തിയപ്പോള്‍ സുനീര്‍ സലാം പറഞ്ഞു. റഫീഖ് പുഞ്ചിരിയോടെ സലാം മടക്കി.

''എന്താ റഫീഖ്, നീ റോഡു നന്നാക്കുന്ന പണി ഏറ്റെടുത്തോ? എന്താണു കൂലി?''-തെല്ലു പരിഹാസം കലര്‍ന്ന മട്ടിലാണ് സുനീര്‍ ചോദിച്ചത്.

''സ്‌നേഹിതാ, ആരും കൂലിപ്പണി എന്നെ ഏല്‍പിച്ചിട്ടില്ല. ഈ റോഡ് ചളിയും വെള്ളവും നിറഞ്ഞു വൃത്തികേടായി കിടക്കുന്നതും ഇതിലൂടെ ആളുകള്‍ കടന്നുപോകാന്‍ വിഷമിക്കുന്നതും ഞാന്‍ കാണാറുണ്ട്. ഇന്നലെ ഒരു വൃദ്ധന്‍ ഈ ചളിക്കുണ്ടില്‍ കാല്‍വഴുതി വീണു. പാവം! എനിക്ക് വളരെ സങ്കടം തോന്നി. നാളെ എന്നെക്കൊണ്ട് കഴിയുംവിധം ഇതു നന്നാക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. ഇനി ആരും ഇതില്‍ വീണുപോകരുത്. അതിനായി കല്ലുകള്‍ പെറുക്കിക്കൊണ്ടുവന്ന് ഈ ചളിയിലിട്ട് നടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നു. വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാം. നന്നുപോകുന്നവര്‍ക്ക് ചളി തെറിച്ച് വസ്ത്രം വൃത്തികേടാകാതെ സൂക്ഷിക്കാം. ഇത് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ഒരു പുണ്യകര്‍മം കൂടിയാണ്.''

''നബി(സ്വ) പഠിപ്പിച്ചെന്നോ? റോഡു നന്നാക്കാനോ!''സുനീറിന് വിശ്വസിക്കാനായില്ല.

''അതെ! വഴിയില്‍നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ പുണ്യകര്‍മമാണെന്നും അത് ഈമാനില്‍ പെട്ടതാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്''- റഫീഖ് വിശദീകരിച്ചു.

''ഇതിനും പടച്ചവന്‍ പ്രതിഫലം തരുമെന്നോ?''

''അതെ, അവന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ചെയ്താല്‍.''

''സ്‌നേഹിതാ! എങ്കില്‍ ഞാനെന്തിനു മടിക്കണം? ക്രിക്കറ്റു കൡയൊക്കെ പിന്നെ! നമ്മള്‍ നന്നാക്കിയ വഴിയിലൂടെ ആളുകള്‍ പ്രയാസമില്ലാതെ നടന്നുപോകുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു. എല്ലാ മുസ്‌ലിംകള്‍ക്കും ഈ ചിന്തയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു''- ഇങ്ങനെ പറഞ്ഞുകൊണ്ട് സുനീര്‍ കൂട്ടുകാരന്റെ കൂടെ ജോലിയില്‍ വ്യാപൃതനായി.