നന്ദിയും ക്ഷമയും
കെ.എ. ബഷീര്‍
2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30
വാഫിമോന്‍ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തി.
'ഉമ്മാ, ഉപ്പാ, എനിക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.'
അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയ വിജയമാണത്. ഉറക്കമില്ലാത്ത നാളുകള്‍ക്കുള്ള സമ്മാനം.
'നന്നായി മോനേ, അല്‍ഹംദുലില്ലാഹ്'- അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് പിതാവ് അവന്റെ അടുത്തേക്ക് വന്നു.
ചുമലില്‍ കൈവെച്ചുകൊണ്ട് അദ്ദേഹം സൗമ്യഭാവത്തില്‍ ചോദിച്ചു: 'മോനേ, നീ ഉറക്കമൊഴിച്ചിരുന്നു പഠിച്ചു. അതിന്റെ ഗുണം നിനക്ക് കിട്ടി. എന്നാല്‍ നീ നിന്റെ റബ്ബിന് വേണ്ടി ഒരു രാത്രിയെങ്കിലും ഉറക്കമൊഴിച്ചിട്ടുണ്ടോ?'
അവന് അതിന് മറുപടിയുണ്ടായിരുന്നില്ല. തഹജ്ജുദ് നമസ്‌കരിക്കുവാന്‍ ഉപ്പ വിളിച്ചിട്ടും എനിക്ക് പഠിക്കണം എന്നു പറഞ്ഞ് വായനയില്‍ മുഴുകിയിരുന്നത് അവന്‍ ഓര്‍ത്തു.
'അല്ലാഹു നിന്നെ പൂര്‍ണ ആരോഗ്യവാനാക്കി, ബുദ്ധിശക്തിയും ഓര്‍മശക്തിയും നല്‍കി. ആ റബ്ബിന് നന്ദി ചെയ്യല്‍ നിന്റെ കടമയാണ്.'
മരണത്തിന് ശേഷമുള്ള ജീവിതമാണ് ശാശ്വതമെന്നും ലഭിച്ച നേട്ടത്തിന് നന്ദി കാണിക്കണമെന്നും അദ്ദേഹം മകനെ ഉപദേശിച്ചു. വാഫിമോന് ഉപ്പ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഇനി മുതല്‍ താന്‍ നന്ദിയും അനുസരണയുമുള്ള കുട്ടിയായി ജീവിക്കുമെന്ന് അവന്‍ ഉറപ്പിച്ചു.
നേര്‍പഥത്തിന്റെ വായനക്കാരായ കൂട്ടുകാരേ, നിങ്ങളില്‍ പല പ്രായക്കാരുമുണ്ടാകും. എല്ലാവരും മനസ്സിലാക്കുവാന്‍ ചില കാര്യങ്ങള്‍ പറയട്ടെ.
ജീവിതം ഒരു പരീക്ഷണവേദിയാണ.് അതില്‍ വിജയിക്കേണ്ടത് ഓരോ മുസ്‌ലിമിന്നും അനിവാര്യമാണ്. 'നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍' (67:2) എന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുള്ളത്.
നബിമാരും അവരുടെ അനുയായികളും നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അവരെല്ലാം ക്ഷമിച്ചു. നമ്മുടെ നബി മുഹമ്മദ് ﷺ യും സ്വഹാബികളും മര്‍ദിക്കപ്പെട്ടു. അവര്‍ ക്ഷമിച്ചു. സ്വന്തം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു.
പ്രവാചകന്‍മാര്‍ അവര്‍ നേരിട്ട പരീക്ഷണങ്ങളിലെല്ലാം ക്ഷമയിലൂടെ വിജയം കൈവരിച്ചവരാണ്. പ്രതിന്ധികളില്‍ തളരാതെ ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അല്ലാഹു കൈവെടിയുകയില്ല.
ഇബ്‌റാഹീം നബിൗ തന്റെ മകനായ ഇസ്മാഈലിനെ അല്ലാഹുവിന്റെ കല്‍പനപ്രകാരം ബലിയറുക്കുവാന്‍ തയ്യാറായ കാര്യം കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ആ സംഭവം നമുക്ക് ക്വുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട്‌നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്''(37:102-107).
പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു. മകനെ ബലിയറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ ഹറുത്താല്‍ മതിയെന്നും അല്ലാഹു അവരെ സന്തോഷവര്‍ത്ത അറിയിക്കുകയും ചെയ്തു.
മുഹമ്മദ് നബി ﷺ പറയുന്നു: 'സത്യവിശ്വാസിയുടെ കാര്യം അത്ഭുകരം തന്നെ. നിശ്ചയം അവന്റെ എല്ലാം അവന് ഗുണകരമാണ്. സത്യവിശ്വാസിയല്ലാത്ത ഒരാള്‍ക്കും അതില്ല. അവന് വല്ല നന്മയും വന്ന്‌ചേര്‍ന്നാല്‍ അവന്‍ നന്ദി ചെയ്യും. അപ്പോള്‍ അത് അവന് ഗുണകരമാണ്. വല്ല വിപത്തും അവന് വന്ന് ചേര്‍ന്നാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് ഗുണകരമാണ്' (മുസ്‌ലിം).
കുട്ടികളേ, ക്ഷമ മഹത്തായ ഒരു അനുഗ്രഹമാണ്. ക്ഷമകൊണ്ട് അളവറ്റ അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്ക് സാധിക്കും. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന അല്ലാഹുവിനോട് സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു' (ക്വുര്‍ആന്‍ 2:153).
ബുദ്ധിമാനായ മനുഷ്യന്‍ എത്രവലിയ പരീക്ഷണം നേരിട്ടാലും ക്ഷമപാലിക്കും. കോപിക്കുകയോ സങ്കടപ്പെടുകയോ ഇല്ല. അതെല്ലാം അല്ലാഹുവിന്റെ വിധിയാണെന്ന് അവന്‍ മനസ്സിലാക്കും. ക്ഷമിച്ചാലും ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കും. ക്ഷമിച്ചാല്‍ പ്രതിഫലമുണ്ട്. വിപത്ത് സംഭവിക്കുമ്പോള്‍ ക്ഷമ കൈക്കൊള്ളുകയും 'ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍' എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെ അനുഗ്രഹവും കരുണയും ലഭിക്കും. വീട്ടിലും സ്‌കൂളിലും മറ്റെല്ലാ സ്ഥലങ്ങളിലും ക്ഷമ കാണിച്ചുകൊണ്ട് ജീവിക്കുവാന്‍ നാം പഠിക്കണം.