ധീരനായ പുത്രന്‍

റാശിദ ബിന്‍ത് ഉസ്മാന്‍

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ്. കൊള്ളക്കാര്‍ തേര്‍വാഴ്ച നടത്തുന്ന കാലം. അന്ന് മനുഷ്യരെ അടിമകളാക്കി വില്‍പന നടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. അത്‌കൊണ്ടു തന്നെ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്യുവാനും ആളുകളെ തട്ടിക്കൊണ്ട് പോകുവാനുമായി വഴിയോരങ്ങളില്‍ പതുങ്ങിയിരിക്കാറുണ്ടായിരുന്നു.

ഒരു ദിവസം എന്തോ ആവശ്യത്തിന് പോകുകയായിരുന്ന പാവപ്പെട്ട ഒരു മനുഷ്യനെ കൊള്ളക്കാര്‍ പിടിച്ചുവെച്ചു. കൊള്ളക്കാരുടെ തലവന്‍ പറഞ്ഞു: ''നിങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കാതിരിക്കണമെങ്കില്‍ നൂറ് സ്വര്‍ണ നാണയം തരണം.''

''എന്റെ പക്കല്‍ യാതൊന്നുമില്ല. എന്നെ വിട്ടയക്കണം'' വൃദ്ധന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു.

''എങ്കില്‍ നിങ്ങളെ ഞാന്‍ തടവുകാരനാക്കുകയാണ്'' തലവന്‍ പറഞ്ഞു.

''എങ്കില്‍ എനിക്ക് ഈ വിവരം വീട്ടില്‍ അറിയിക്കണം. അവര്‍ എന്തെങ്കിലും വഴി കണ്ടെത്തുമോ എന്ന് നോക്കട്ടെ'' വൃദ്ധന്‍ പറഞ്ഞു.

വൃദ്ധന്‍ കാര്യങ്ങളെല്ലാം വിശദമാക്കുന്ന ഒരു കത്ത് എഴുതി. ''എനിക്കറിയാം എന്നെ സ്വതന്ത്രനാക്കുവാനുള്ള ധനം കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന്. എനിക്ക് ഇങ്ങനെയൊരു വിപത്ത് സംഭവിച്ചിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുവാന്‍ മാത്രമാണ് ഞാനിത് എഴുതുന്നത്'' എന്നാണ് അയാള്‍ കത്തിന്റെ അവസാനത്തില്‍ എഴുതിയത്.

ഈ വൃദ്ധന് ധീരനും ബുദ്ധിമാനുമായ ഒരു മകനുണ്ടായിരുന്നു. അവന്റെ കയ്യിലാണ് കത്ത് കിട്ടിയത്. ഉടനെ അവന്‍ കൊള്ളക്കാരുടെ സങ്കേതം തേടി യാത്രയായി. കൊള്ളക്കാരെ കണ്ടെത്തിയപ്പോള്‍ അവന്‍ പറഞ്ഞു:

''മോചന ദ്രവ്യം നല്‍കാതെ നിങ്ങള്‍ എന്റെ പിതാവിനെ വിട്ടയക്കില്ല എന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോട് അതിന് യാചിക്കുന്നുമില്ല. അദ്ദേഹം വൃദ്ധനും ദുര്‍ബലനുമാണ്. അദ്ദേഹത്തെ അടിമച്ചന്തയില്‍ വിറ്റാല്‍ നിങ്ങള്‍ക്ക് വലിയ തുകയൊന്നും കിട്ടാന്‍ പോകുന്നില്ല. പകരം നിങ്ങള്‍ എന്നെ എടുത്തോളൂ. അദ്ദേഹത്തെ വിട്ടയക്കൂ. എന്നെ വിറ്റാല്‍ നിങ്ങള്‍ക്ക് നല്ല തുക ലഭിക്കാതിരിക്കില്ല. ഞാന്‍ നല്ല ആരോഗ്യവാനും യുവാവുമാണ്.''

ഇതു കേട്ട കൊള്ളക്കാര്‍ അമ്പരപ്പോെട പരസ്പരം നോക്കി. ആ ഓഫര്‍ അവര്‍ക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നേതാവിനോട് വിവരം പറയട്ടെ എന്നായി കൊള്ളക്കാര്‍. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കൊള്ളത്തലവനും അത്ഭുതമായി. കേട്ടത് വിശ്വസിക്കുവാന്‍ അയാള്‍ക്കായില്ല. അയാള്‍ യുവാവിനെ കാണുവാനെത്തി. യുവാവ് അയാളോട് നേരിട്ട് അക്കാര്യം പറഞ്ഞു.

കൊള്ളത്തലവന്‍ യുവാവിന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ''ഭൂമിയില്‍ ഇപ്പോഴും ഇതുപോലുള്ള ധീരന്മാരായ, പിതാവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ തയ്യാറുള്ള മക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലേ?  നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നീ കാരണം നിന്റെ പിതാവിനെ ഞാന്‍ വിട്ടുതരുന്നു. നിങ്ങള്‍ രണ്ടുപേരും സ്വതന്ത്രരാണ്. നിങ്ങള്‍ക്ക് പോകാം.''

ആപത്തില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തോടെ പിതാവും മകനും വീട്ടിലേക്ക് തിരിച്ചു.