മത്സരം

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

ബിലാല്‍ സല്‍സ്വഭാവിയായ ഒരു കുട്ടിയാണ്. അവന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. ഒരു അപകടത്തില്‍ പെട്ടാണ് അവന്റെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാല്‍ അവന്‍ അതില്‍ തളര്‍ന്നുപോയിട്ടില്ല. നിരാശപ്പെട്ട് ജീവിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ കഴിയുന്നത്ര കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവന്‍ പഠിച്ചു കഴിഞ്ഞു. 

ബിലാലിന്റെ അയല്‍വാസിയായ സമപ്രായക്കാരനാണ് അംജദ്. വലിയ പണക്കാരന്റെ മകന്‍. അവന്‍ മഹാ അഹങ്കാരിയും വികൃതിയുമാണ്. ഒരു ദിവസം ബിലാലിനെ കളിയാക്കുവാനായി അംജദ് പറഞ്ഞു: ''നമുക്ക് അടുത്ത ഗ്രമമായ അസീറിലേക്ക് ഒരു ഓട്ട മത്സരം നടത്തിയാലോ? നീ തയ്യാറുണ്ടോ?''

അതിന് ബിലാല്‍ മറുപടിയൊന്നും പറഞ്ഞില്ല. കണ്ണുകാണാത്ത തന്നെ അപമാനിക്കലാണ് അംജദിന്റെ ഉദ്ദേശമെന്ന് അവന് മനസ്സിലായി. കണ്ണു കാണാത്ത താന്‍ ഒറ്റക്ക് പല തവണ അവിടെയുള്ള കുടുംബക്കാരെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കണ്ണ് കാണുന്ന ഒരാളുടെ കൂടെ ഓടി ജയിക്കാനാകുമോ? അവന്‍ ചിന്തിച്ചു. 

''എന്താ ഒന്നും മിണ്ടാത്തത്? ധൈര്യമുണ്ടെങ്കില്‍  എന്റെ വെല്ലുവിളി ഏറ്റെടുക്ക്. നീ ജയിച്ചാല്‍ എന്റെ വിലകൂടിയ പുതിയ ഷര്‍ട്ട് നിനക്ക് ഞാന്‍ സമ്മാനമായി നല്‍കാം'' അംജദ് വിടാന്‍ ഒരുക്കമില്ലായിരിന്നു.

''ഉറപ്പാണോ?''ബിലാല്‍ ചോദിച്ചു.

അംജദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ''നീ ജയിച്ചാല്‍ ഞാനത് തന്നിരിക്കും.''

''മത്സരം നടക്കുന്ന ദിവസവും സമയവും ഞാന്‍ തീരുമാനിക്കും. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല'' ബിലാല്‍ നിബന്ധന വെച്ചു. 

കണ്ണ് കാണാത്ത ബിലാല്‍ ഒരിക്കലും ജയിക്കില്ല എന്ന ഉറപ്പില്‍ അംജദ് അത് അംഗീകരിച്ചു.

നിലാവില്ലാത്ത ഒരു രാത്രിയാണ് ബിലാല്‍ തിരഞ്ഞെടുത്തത്. അംജദിന് അത് അംഗീരിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല എന്ന് ബിലാല്‍ പറഞ്ഞതിന്റെ രഹസ്യം അപ്പോഴാണ് അംജദിന് മനസ്സിലായത്. വെളിച്ചമില്ലാതെ ഇരുട്ടില്‍ ഓടണം. എന്തു ചെയ്യും? ഓടുക തന്നെ! 

ബിലാല്‍ കണ്ണു കാണാതെ യാത്ര ചെയ്ത് പരിജയിച്ച വഴിയിലൂടെ നടന്ന് അസീറിലെത്തി. ഇരുട്ടായതിനാല്‍ അംജദിന് ഓടാനെന്നല്ല നടക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഒരുപാട് ദൂരമൊന്നുമില്ലെങ്കിലും കുറേ കഴിഞ്ഞതിനുശേഷം കുഴികളില്‍ വീണും മറ്റുമുള്ള പരിക്കുകളോടെയാണ് അവന്‍ അസീറിലെത്തിയത്. 

തന്നെ കാത്ത് നില്‍ക്കുകയായിരുന്ന ബിലാലിനെ അവന്‍ കണ്ടെത്തി. 

''അംജദ് ഇപ്പോള്‍ എങ്ങനെയുണ്ട്?'' ബിലാല്‍ ചോദിച്ചു.

''സുഹൃത്തേ, എന്നോട് ക്ഷമിക്കണം'' അംജദ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.

''എനിക്ക് ജയിച്ചതിന് നിന്റെ ഷര്‍ട്ടൊന്നും തരേണ്ട. നിന്റെ അഹങ്കാരം ഒന്നവസാനിപ്പിക്കണം എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ'' ബിലാല്‍ പറഞ്ഞു.

''ബിലാല്‍! നീ എന്റെ കണ്ണ് തുറപ്പിച്ചു. കണ്ണിന് കാഴ്ചയില്ലാത്തത് നിന്റെ കുഴപ്പമല്ല. കാഴ്ചയുള്ള ഞാന്‍ അതിന്റെ പേരില്‍ അഹങ്കരിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരച്ചറിയുന്നു.''

''സ്‌നേഹിതാ, അല്ലാഹു എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എന്ത് കഴിവുണ്ടെങ്കിലും ആരും ആരുടെമേലും അഹന്ത കാണിച്ചു കൂടാ. വാ, നമുക്ക് പോകാം.''

ഇരുവരും കൈകള്‍ കോര്‍ത്തു പിടിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി.


'യാത്രാ മുഹൂര്‍ത്തം'

ഉസ്‌മാൻ പാലക്കാഴ‍ി

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

ജനലഴികള്‍ക്കിടയിലൂടെ ഒഴുകിയെത്തിയ സൂര്യവെളിച്ചം മുഖത്ത് തട്ടിയപ്പോള്‍ ജമാല്‍ കണ്ണ് തുറന്നു. തലയിണയുടെ ചുവട്ടില്‍നിന്ന് വാച്ചെടുത്ത് സമയം നോക്കി. അവന്റെ മുഖത്ത് പരിഭ്രമവും ദുഃഖവും കോപവും ഒരേസമയം പ്രകടമായി. അവന്‍ ചാടിയെണീറ്റു. 

''ഉമ്മാ...'' ജമാല്‍ അലറുകയായിരുന്നു.

''എന്താ ജമാലേ?'' അടുക്കളയില്‍നിന്നും ഉമ്മ.

''ഞാന്‍ എന്നെ അതിരാവിലെ വിളിക്കാന്‍ പറഞ്ഞതല്ലേ? ഇപ്പോള്‍ സമയം എട്ടുമണിയായി. ഇനി വണ്ടി കിട്ടുമോ ആവോ...''

ബ്രഷില്‍ പേസ്റ്റു തേച്ച് സോപ്പും തോര്‍ത്തുമെടുത്ത് അടുത്തുള്ള കുളത്തിലേക്ക് കലിതുള്ളിക്കൊണ്ട് അവന്‍ ഓടിപ്പോയി.

''എന്താ ആമിനേ്വാ...? എന്തിനാ ഓനിങ്ങനെ ജദ്‌ബെളക്ണത്'' എന്ന് ചോദിച്ചുകൊണ്ട് രാവിലെ ചായക്കടയിലേക്ക് പോയിരിക്കുകയായിരുന്ന പോക്കര്‍ കോലായിലേക്ക് കയറി. 

''ഓന് ഇന്ന് ബോംബായീക്ക് പോകണംന്ന് പറഞ്ഞീന്നത് ങ്ങള് മറന്നോ? ഇന്നന്നെ പോണം പോലും. സുബയ്ക്ക് വിളിച്ചാമ്പറഞ്ഞതാ. വിളിച്ച്ട്ട് കാര്യല്ലാത്തതോണ്ട് ഞാന്‍ വിളിച്ചില... അങ്ങനെ ഒര്പതിവ് ഓന് ഇല്ലല്ലോ.''

''രണ്ടീസം കയ്ഞ്ഞിട്ട് പോയാ പോരേ ഓന്? ഇന്നും നാളിം ഒര് നല്ല ബിസയത്തിന് ഒരുങ്ങി പൊറപ്പെടാമ്പാടില്ലാന്ന് ഓനറീലേ? ഇന്ന് മുഹര്‍റം ഒമ്പതല്ലേ? നഹസിന്റെ ദിവസത്തിലാ ഓന്റെ പോക്ക്?''

''ഓനെന്ത് മൊഹറം? എന്ത് നഹസ്? ദീനിനെപ്പറ്റി വല്ല ബോദോം ഓന്‌ണ്ടോ?''

സംസാരം മതിയാക്കി ആമിന അടുക്കളപ്പണിയില്‍ മുഴുകി. പോക്കര്‍ പഴയ ചാരുകസേരയില്‍ ചിന്താമഗ്‌നനായി ഇരുന്നു.

ജമാല്‍ പെട്ടെന്ന് കുളി കഴിഞ്ഞിറങ്ങി. പ്രാതല്‍ ഒരുവിധം കഴിച്ചെന്ന് വരുത്തി. വേഗത്തില്‍ വസ്ത്രം മാറി പെട്ടിയുമെടുത്ത് ''ഞാന്‍ പോകുന്നു'' എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങി.

''ജമാലേ, ഈ പോക്ക് നല്ലീനല്ല... ഇന്ന് പോണ്ടാന്ന് ഞാനാ പറയ്ണത്...അന്റെ വാപ്പ പോക്കരാണ് പറയ്ണത്...'' അദ്ദേഹത്തിന്റെ ശബ്ദത്തിന് അല്‍പം കനമുണ്ടായിരുന്നു.

''ജമാലേ... രണ്ടീസം കയ്ഞ്ഞ്ട്ട് പോകാ... നഹസിന്റെ ദിവസം തന്നെ ന്റെ കുട്ടി പോകണ്ടാ... ഇന്നും നാളിം ഒര് ബയ്ക്ക് പൊറപ്പടമ്പാട്ല്ലാന്ന് ഉസ്താദ്മാര് അന്നെ പടിപ്പിച്ചിട്ടില്ലേ?'' ആമിനയുടെ കണ്ണുകള്‍ ഇത് പറയുമ്പോള്‍ നിറഞ്ഞിരുന്നു.  

''ഉമ്മാ, ഞാന്‍ ഇന്നത്തേക്ക് ടിക്കറ്റെടുത്തതാ... ഒരു ജോലിക്കു വേണ്ടി കാലം കുറെയായി അലയാന്‍ തുടങ്ങിയിട്ട്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവിടെ എത്തണമെങ്കില്‍ ഇന്നു തന്നെ പോകണം. ഞാന്‍ പോകുന്നു'' ജമാല്‍ തിരിഞ്ഞു നോക്കാതെ നടന്നകന്നു.

''മോനേ...'' ആമിന മകന് പിണയാനിരിക്കുന്ന ആപത്തിനെക്കുറിച്ചോര്‍ത്ത് തേങ്ങിക്കരഞ്ഞു. പോക്കര്‍ തളര്‍ന്നിരുന്നു.

അന്ന് ആ വീട്ടില്‍ ശ്മശാന മൂകത തളംകെട്ടിനിന്നു. രാത്രി ഭക്ഷണം കഴിക്കാതെ ആമിനയും പോക്കരും നേരത്തെ തന്നെ കിടന്നു. നേരമേറെ കഴിഞ്ഞിട്ടും നിദ്ര അവരെ സ്പര്‍ശിക്കാതെ അറച്ചുനിന്നു. കൂരിരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് രണ്ടുപേരും കിടന്നു. മുറ്റത്തെ മാവിന്‍കൊമ്പിലിരുന്ന് കുറ്റിച്ചൂളാന്‍ കരയുന്നു... നായകള്‍ ഓരിയിടുന്നു... അതോടെ രണ്ടുപേരുടെയും ഭയം ഇരട്ടിച്ചു. അന്ന് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ വിവരങ്ങളറിയാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. 

''ന്റെ കുട്ടിക്കെന്തേലും പറ്റ്വോ ആവോ... രണ്ട് മൂന്നം ദിവസം വണ്ടീലിരിക്കണ്ടതല്ലേ. വണ്ടി പാളം തെറ്റ്യേ... തീ പുട്‌ച്ച്യേ... എന്തേലും...'' ആമിനയുടെ കണ്ഠമിടറി.

''ഇജ്ജ് ബേജാറാകണ്ട ആമിന്വോ..മമ്പര്‍ത്തെ തങ്ങളെ കാവല്‌ണ്ടെങ്കി ഓന് ഒന്നും പറ്റൂലാ...'' ആധി ഉള്ളിലൊതുക്കി പോക്കര്‍ ഭാര്യയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

രാവേറെച്ചെന്നപ്പോള്‍ നിദ്ര രണ്ടുപേരെയും തഴുകിത്തലോടിയെത്തി. ഒപ്പം മറ്റൊന്നും...! 

ആമിന അടുപ്പിലെ തീ കെടുത്താതെ അതിനു മുകളില്‍ വിറക് ഉണങ്ങാന്‍ വെച്ചിരുന്നു. തീയില്‍ തട്ടിയ ചുള്ളിക്കമ്പ് നീറി നീറി വിറകിനു തീപിടിച്ചു. തീ മുകളിലേക്ക് പടര്‍ന്നു പിടിച്ചു. അടുക്കളയുടെ തൊട്ടടുത്തായിരുന്ന ജമാലിന്റെ റൂമിനെ തീ വിഴുങ്ങി. പൊട്ടിയ ഓട്ടു കഷ്ണം റൂമില്‍ വന്നു പതിച്ചപ്പോഴാണ് പോക്കരും ആമിനയും ഞെട്ടിയുണര്‍ന്നത്. നിലവിളിച്ചുകൊണ്ട് ഇരുവരും പുറത്തേക്കോടി. നിലവിളി കേട്ട അയല്‍വാസികള്‍ ഉറക്കച്ചടവോടെ ഓടിവന്ന് തീ കെടുത്തുന്നതില്‍ വ്യാപൃതരായി. അടുക്കളയും ജമാലിന്റെ റൂമും പാടെ കത്തിനശിച്ചു. ഉയരുന്ന പുകച്ചുരുളുകളിലേക്ക് നോക്കിക്കൊണ്ട് ആമിന പറഞ്ഞു: ''ന്റെ ബദ്‌രീങ്ങളേ... ജമാല് ഇന്നന്നെ പോയത് നന്നായി. അല്ലെങ്കി... ഓന് ആ മുറീല്... പൊറത്തെറങ്ങാമ്പറ്റാതെ...''