ബെല്‍റ്റ്
റാഷിദ ബിന്‍ത് ഉസ്മാന്‍
2017 സെപ്തംബര്‍ 16 1438 ദുൽഹിജ്ജ 25
ആശയ വിവര്‍ത്തനം
നിഹാല്‍ ഒരു വികൃതിക്കുട്ടിയാണ്. വഴക്കാളിയും പരുക്കന്‍ സ്വഭാവക്കാരനുമായ അവന്‍ സഹോദരങ്ങളെ ഉപദ്രവിക്കുന്നതില്‍ ഒരു മടിയുമില്ലാത്തവനാണ്. അവന്റെ ഈ സ്വഭാവം അവന്റെ ഉമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. അവര്‍ എപ്പോഴും അവനെ ഉപദേശിക്കും:
''പൊന്നു മോനേ, മറ്റുള്ളവരെ ഇങ്ങനെ വേദനിപ്പിക്കരുത്. ആരോടും പരുഷമായി പെരുമാറരുത്.''
പക്ഷേ, നിഹാല്‍ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കില്ല.
അവന്‍ പറയും: ''അത് എന്റെ തെറ്റല്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്യുന്നില്ല. അവര്‍ എന്നെ ദേഷ്യപ്പെടുത്തുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ പെരുമാറുന്നത്.''
ഒരു ദിവസം രാവില ഉമ്മ അവനോട് പറഞ്ഞു:
''മോനേ, ഇന്ന് വൈകുന്നേരം വരെ നീ ആരോടും വഴക്കിടാതിരുന്നാല്‍ ഞാന്‍ ഒരു സമ്മാനം തരും.''
നിഹാല്‍ ചോദിച്ചു: ''അന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും വാങ്ങിത്തരാതിരുന്ന ആ ബെല്‍റ്റ് വാങ്ങിത്തരുമോ?''
''തീര്‍ച്ചയായും വാങ്ങിത്തരും'' ഉമ്മ ഉറപ്പ് കൊടുത്തു.
ഇൗ സംഭാഷണമെല്ലാം നിഹാലിന്റെ സഹോദരങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ പല രൂപത്തിലും പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു. നിഹാലിന് കടുത്ത ദേഷ്യം വരാതിരുന്നില്ല. എല്ലാവരെയും ചീത്ത പറയാനും അടിക്കാനുമൊക്കെയുള്ള അരിശം വരുന്നുണ്ട്. പക്ഷേ, അവന്‍ അതെല്ലാം അടക്കിപ്പിടിച്ചു. ഇന്നത്തേക്ക് മനസ്സിനെ നിയന്ത്രിച്ചേ തീരൂ. ഇല്ലെങ്കില്‍ മനോഹരമായ ആ ബെല്‍റ്റ് ഉമ്മ വാങ്ങിത്തരില്ല.
വൈകുന്നേരം വരെ അവന്‍ അങ്ങനെ കഴിഞ്ഞു കൂടി. വൈകുന്നേരമായപ്പോള്‍ ഉമ്മ അവനോട് പറഞ്ഞു:
''ഒരു ബെല്‍റ്റിനു വേണ്ടി നിന്നെ നിയന്ത്രിക്കാനും ഉമ്മയെ അനുസരിക്കാനും നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചിരിക്കുന്നു. എങ്കില്‍ സ്രഷ്ടാവായ അല്ലാഹുവിനെ ഓര്‍ത്ത് നിനക്ക് എപ്പൊഴും ഇങ്ങനെ നല്ല കുട്ടിയായി ജീവിച്ചു കൂടേ? അല്ലാഹു പ്രതിഫലമായി നല്‍കുക ബെല്‍റ്റു പോലുള്ള നിസ്സാര വസ്തുവല്ല.സ്വര്‍ഗമാണ്, സ്വര്‍ഗം.''
ഉമ്മ നിഹാലിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''ഉമ്മാ, ഇനി മുതല്‍ ഞാന്‍ ആരെയും ഉപദ്രവിക്കില്ല. ചീത്ത പറയില്ല. ആരോടും ദേഷ്യപ്പെടില്ല. എനിക്ക് സ്വര്‍ഗത്തില്‍ പോകണം.''
അത് കേട്ടപ്പോള്‍ ഉമ്മ അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു''എന്റെ മോന്‍ നല്ല കുട്ടിയാണ്. നല്ലവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കില്ല.''