ഒളിച്ചുകളി

റാശിദ ബിന്‍ത് ഉസ്മാന്‍

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

(ആശയ വിവര്‍ത്തനം)

സ്‌കൂളില്ലാത്ത ദിവസം എന്തെങ്കിലും കളികളില്‍ മുഴുകല്‍ ഇഹ്‌സാന്റെയും കൂട്ടുകാരുടെയും പതിവാണ്. അന്ന് കളിക്കുവാന്‍ ഒത്തുകൂടിയപ്പോള്‍ പലരും പല അഭിപ്രായങ്ങളും പറഞ്ഞു; ഏത് കളിയാണ് വേണ്ടത് എന്ന വിഷയത്തില്‍. ഒടുവില്‍ ഒളിച്ചുകളിയാകാമെന്ന തീരുമാനത്തില്‍ എല്ലാവരും യോജിച്ചു. 

എല്ലാവരും തൊട്ടടുത്തുള്ള മരങ്ങളുടെ മറവിലും വീടുകളുടെ പുറകിലുമൊക്കെയായി ഒളിച്ചു. ഇഹ്‌സാന്‍ കുറച്ചു ദൂരെ വഴിവക്കിലുള്ള വലിയ ഒരു മരത്തിന്റെ മറവിലാണ് ഒളിച്ചുനിന്നത്. അവിടെ അവനെ കണ്ടുപിടിക്കുവാന്‍ പെട്ടെന്നൊന്നും കഴിയില്ല.

അവന്‍ മറഞ്ഞുനിന്ന് പതുക്കെ കളിസ്ഥലത്തേക്ക് പാളിനോക്കുന്ന സമയത്താണ് അപരിചിതനായ ഒരു വൃദ്ധന്‍ അതുവഴി വന്നത്. 

''കുട്ടീ എന്താ ഇങ്ങനെ ഒളിച്ചിരിക്കുന്നത്?'' ഇഹ്‌സാനോട് അയാള്‍ ചേവദിച്ചു.

ഇഹ്‌സാന്‍ ചുണ്ടിന്മേല്‍ വിരല്‍ വെച്ച് മിണ്ടരുതെന്ന് വൃദ്ധനോട് ആംഗ്യം കാണിച്ചു. വൃദ്ധന്‍ അത്ഭുതത്തോടെ ഇഹ്‌സാനെ നോക്കി. അയാള്‍ക്ക് അവന്‍ ഒളിച്ചുകളിയിലാണെന്ന കാര്യം മനസ്സിലായില്ല.

''മോനേ, എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു. ഞാന്‍ ഒരാളുടെ വീട് തിരക്കി ദൂരെനിന്നും വരുന്നതാ.''

അപ്പോഴും അവന്‍ മിണ്ടരുതെന്ന് കാണിച്ചു.

''നീ എന്തിനാ എന്നോട് മിണ്ടരുതെന്ന് പറയുന്നത്? ഞാന്‍ നിന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അന്വേഷിക്കുവാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ നിന്നെ ഉപദ്രവിക്കുവാനൊന്നും വന്നതല്ല.'' 

ഈ സമയത്ത് ഒളിച്ചവരെ കണ്ടുപിടിക്കേണ്ട കുട്ടിയുടെ ശ്രദ്ധ അങ്ങോട്ടുപതിഞ്ഞു. ഒരാള്‍ മരത്തിനു സമീപത്തു നിന്ന് ആരോടോ സംസാരിക്കുന്നു. അവിടെ ആരോ ഒളിച്ചിരിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. അവന്‍ പതുക്കെ അങ്ങോട്ട് നടന്നുചെന്നു. 'ഇഹ്‌സാനെ കണ്ടേ' എന്നും പറഞ്ഞ് അവന്‍ തിരിച്ചോടി.

ഇഹ്‌സാന് ഏറെ ദേഷ്യം വന്നു. 

''നിങ്ങള്‍ കാരണമാ അവന്‍ എന്നെ കണ്ടുപിടിച്ചത്'' അവന്‍ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു.

''മോനേ, നീ കളിയിലാണെന്ന് ഞാനറിഞ്ഞില്ല. ഞാന്‍ അതറിയാതെയാണ് നിന്നോട് വഴി ചോദിച്ചത്. വഴിയറിയാത്തവന് വഴികാണിച്ചുകൊടുത്താലുള്ള പ്രതിഫലമെന്താണെന്ന് നബില പഠിപ്പിച്ചത്‌നീ അറിഞ്ഞിരുന്നെങ്കില്‍ കളിയെക്കാള്‍ എന്റെ ആവശ്യം നീ പരിഗണിക്കുമായിരുന്നു.''

വഴികാണിക്കല്‍ ഒരു സല്‍കര്‍മമാണെന്ന് ഇഹ്‌സാന് അറിയില്ലായിരുന്നു. അയാളുടെ പറഞ്ഞത് കേട്ടപ്പോള്‍ അവന് പ്രയാസമായി.

''എന്നോട് ക്ഷമിക്കണം. ഞാന്‍ കളിയില്‍ പെട്ട് നിങ്ങളെ പരിഗണിച്ചില്ല. എനിക്കതില്‍ ദുഃഖമുണ്ട്. നിങ്ങള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത്?'' ഇഹ്‌സാന്‍ ചോദിച്ചു.

''സാരമില്ല, മോന്‍ കളിയില്‍ മുഴുകിയതുകൊണ്ടല്ലേ?'' വൃദ്ധന്‍ അവന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും മറ്റു കുട്ടികള്‍ ചുറ്റും കൂടി. 

വൃദ്ധന്‍ തനിക്ക് കാണേണ്ട ആളെ പറഞ്ഞുകൊടുത്തു.

''ആ വീട് എനിക്കറിയാം. ഞാന്‍ കാണിച്ചുതരാം'' ഇഹ്‌സാന്‍ അയാളുടെ കൈപിടിച്ച് മുന്നോട്ടു നടന്നു.

കൂട്ടുകാരേ, ഒരാള്‍ വഴിയന്വേഷിക്കുമ്പോള്‍ നമുക്കറിയുമെങ്കില്‍ അയാളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.