സൗഹൃദം

ദുല്‍ക്കര്‍ഷാന്‍.എ

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബഷീറും ഫാസിലും നല്ല കൂട്ടുകാരായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം കാണുമ്പോള്‍ അധ്യാപകര്‍ പോലും അത്ഭുതപ്പെടാറുണ്ട്. ഫാസില്‍ സമ്പന്നനായ ഒരു പിതാവിന്റെ മകന്‍. ബഷീറാകട്ടെ വളരെ ദരിദ്രനും. സമ്പന്നന്റെ മകനാണെന്ന അഹങ്കാരമൊന്നും ഫാസിലിനില്ല. അവന് ബഷീറിനെ വളരെ ഇഷ്ടമാണ്. 

ഒരിക്കല്‍ തന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു മുറിയന്‍ പെന്‍സില്‍ സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ നഷ്ടപ്പെട്ട ബഷീര്‍ കരഞ്ഞുകൊണ്ടാണ് ക്ലാസ്സില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലാസ്സില്‍ അക്ഷരങ്ങള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതാതിരിക്കുന്ന ബഷീറിനെ ടീച്ചര്‍ അടിക്കുവാനായി അടുത്തേക്ക് വിളിച്ചു. പേനയില്ലെന്നു പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് ദേഷ്യം വര്‍ധിച്ചു. ആ സമയത്ത് ഫാസില്‍ ആര്‍ക്കും അതുവരെ നല്‍കാതിരുന്ന, തന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന പുതിയ പേന തന്റെ കൂട്ടുകാരന്റെ നേര്‍ക്ക് നീട്ടി. ആ സ്‌നേഹപ്രകടനത്തിനു മുമ്പില്‍ ടീച്ചര്‍ തലതാഴ്ത്തി. ബഷീറിന് ഇതുപോലെ പലസഹായങ്ങളും ലഭിച്ചിട്ടുണ്ട് തന്റെ പ്രിയകൂട്ടുകാരന്‍ ഫാസിലില്‍ നിന്ന്. 

ഒരിക്കല്‍ പെരുന്നാളിനു മുമ്പ് ക്ലാസ്സില്‍ ഓരോരുത്തരും പെരുന്നാള്‍ ദിവസം ധരിക്കാന്‍ എടുത്ത പുതുവസ്ത്രങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുകയാണ്. ഓരോരുത്തരും തങ്ങള്‍ക്ക് എടുത്ത വസ്ത്രങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങി. 

റഈസ് പറഞ്ഞു: ''എനിക്ക് പുതിയ മോഡല്‍ പാന്റ്‌സും ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.''

ഷാഹിദ് പറഞ്ഞു: ''എനിക്ക് ജീന്‍സ് പാന്റും ടീ-ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.'' 

കൂട്ടുകാര്‍ ഇത് പറയുമ്പോള്‍ ബഷീര്‍ കൗതുകത്തോടെ ഓരോരുത്തരേയും നോക്കിയിരുന്നു. ഫാസിലിന്റെ ഊഴമെത്തിയപ്പോള്‍ അവന്‍ പറഞ്ഞു: ''എന്റെ ഉപ്പ പെരുന്നാളിന്റെ മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തും. എന്നിട്ട് ഉപ്പാന്റെ കൂടെ പോയി ഞാന്‍ ഡ്രസ്സെടുക്കും.'' 

അപ്പോഴേക്കും ബെല്ലടിച്ചു. സ്‌കൂള്‍ വിട്ടു. ഗെയ്റ്റിനടുത്തെത്തിയപ്പോള്‍ ഫാസില്‍ ബഷീറിനോട് ചോദിച്ചു: ''ബഷീറേ, നീ എന്താണ് എടുത്തത്?'' 

ബഷീര്‍ ഫാസിലിനെ നോക്കി ചിരിച്ചു. കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. ഇല്ല! ഫാസില്‍ സ്‌കൂള്‍ വാഹനത്തില്‍ കയറിപോയി.

ഫാസിലിന്റെ ഉപ്പ വന്നു. അവര്‍ ഡ്രസ്സെടുക്കാന്‍ ടൗണില്‍ പോയി. നല്ല ഭംഗിയുള്ള രണ്ടുകൂട്ടം ഡ്രസ്സെടുത്തു. നേരെ പോയത് ബഷീറിന്റെ വീട്ടിലേക്ക്. 

''ബഷീറേ... ബഷീറേ...'' ഫാസില്‍ മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചു. 

അകത്തുനിന്ന് ബഷീറിന്റെ ഉമ്മ പുറത്തേക്ക് വന്നു. അവര്‍ ഫാസിലിനെയും ഉപ്പയെയും വീട്ടിലേക്ക് ക്ഷണിച്ചു. ഫാസില്‍ ബഷീറിനെ അന്വേഷിച്ചു. 

''അവന്‍ പറമ്പില്‍ പന്തുകളിയിലാണ്'' ഉമ്മ പറഞ്ഞു. 

അവര്‍ മുറ്റത്തിറങ്ങി ബഷീറിനെ ഉറക്കെ വിളിച്ചു. അവന്‍ ഓടിയെത്തി. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കണ്ട് അവന്‍ അമ്പരന്നു. സലാം പറഞ്ഞ് അകത്തു കയറിയപ്പോള്‍ കൂട്ടുകാരനെയും ഉപ്പയെയും കണ്ട അവന്‍ ആശ്ചര്യപ്പെട്ടു. 

ഫാസില്‍ കയ്യിലുള്ള കവര്‍ ബഷീറിനു നേരെ നീട്ടി: ''ഇതാ, ഇത് നിനക്കുള്ള പെരുന്നാള്‍ വസ്ത്രമാണ്.''

ബഷീര്‍ വിശ്വസിക്കാനാകാതെ നില്‍ക്കുമ്പോള്‍ ഫാസിലിന്റെ ഉപ്പ പറഞ്ഞു: ''വാങ്ങ് മോനേ, നിനക്ക് പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്നില്ലെങ്കില്‍ തനിക്കും വേണ്ട എന്ന വാശിയിലായിരുന്നു എന്റെ മോന്‍.'' 

ബഷീര്‍ അത് വാങ്ങി. അവന്‍ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. അന്നേരം അവന്‍ സന്തോഷത്താല്‍ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഫാസിലിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. മക്കളുടെ നിഷ്‌കളങ്ക സ്‌നേഹം കണ്ടപ്പോള്‍ ബഷീറിന്റെ ഉമ്മയുടെയും ഫാസിലിന്റെ ഉപ്പയുടെയും കണ്ണുകളും നിറഞ്ഞൊഴുകി.


കവിതകള്‍

ഉസ്മാന്‍ പാലക്കാഴി

എന്തു രസം

ആകാശം നീലാകാശം

ആഹാ എന്തൊരു രസമാണ്

നദികള്‍ ചെടികള്‍ പൂവുകളും

കാണാനെന്തൊരു രസമാണ്

ആരുണ്ടാക്കി ഇവയെല്ലാം?

ചൊല്ലൂ ചൊല്ലൂ കുട്ടികളേ...

 

മഴ പെയ്യട്ടെ

മഴ മഴ മഴ മഴ പെയ്യട്ടെ

പുഴ പുഴ പുഴകളൊഴുകട്ടെ

പുതു പുതു ചെടികള്‍ മുളക്കട്ടെ

പുതു പുതു പൂക്കള്‍ വിരിയട്ടെ

 

അല്ലാഹു

അഹദാണഹദാണല്ലാഹു

അഖിലനിയന്താവല്ലാഹു

അകപുറമറിയുന്നല്ലാഹു

അതികരുണാമയനല്ലാഹു

അഭയംനല്‍കുവതല്ലാഹു

അന്നംനല്‍കുവതല്ലാഹു

അല്ലലകറ്റുവതല്ലാഹു

അലിവിന്നുറവാമല്ലാഹു

അറിവിന്‍ കടലാമല്ലാഹു

അധിപതിയായവനല്ലാഹു

അര്‍ശിന്നുടയോനല്ലാഹു

അര്‍ഥനക്കര്‍ഹന്‍ അല്ലാഹു

അവനേ കേള്‍ക്കൂ പ്രാര്‍ഥനകള്‍

അവനോടാകണമര്‍ഥനകള്‍

അവനെ വണങ്ങണമെല്ലാരും

അവനെ സ്തുതിക്കണമെപ്പോഴും