മറക്കില്ലൊരിക്കലും

അക്രം വളപട്ടണം

2017 മെയ് 06 1438 ശഅബാന്‍ 9

അസ്‌ലം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌നേഹത്തോടേ എല്ലാവരും അവനെ അസ്‌ലൂ'എന്ന് വിളിക്കും. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇസ്‌ലാമിക ചുറ്റുപാടിലാണ് അസ്‌ലു വളര്‍ന്നുവന്നത്. പഠനത്തില്‍ അവന്‍ സ്‌കൂളിലും മദ്‌റസയിലും ഒരുപോലെ മുന്നിട്ടുനിന്നു. ഓട്ടോ ഡ്രൈവറായ അബൂക്കയാണ് അസ്‌ലുവിന്റെ പിതാവ്. ദിവസവും കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് തന്റെ പൊന്നുമോനെ വളര്‍ത്താന്‍ അബൂക്ക ധാരാളം കഷ്ടപ്പെട്ടിരുന്നു. ഉമ്മ ആത്തിക്ക സങ്കടങ്ങളറിയിക്കാതെ അവനെ സ്‌നേഹിച്ചുവളര്‍ത്തി.

അസ്‌ലുവിന്റെ ചങ്ങാതിയായ ഫഹീമിന്റെ ഉപ്പ ഈയിടെയാണ് മരണപ്പെട്ടത്. അടുത്ത ദിവസം മദ്‌റസയില്‍ പോയപ്പോള്‍ ശരീഫ ടീച്ചര്‍ എല്ലാരോടും ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ശേഷം ടീച്ചര്‍ ആര്‍ക്കൊക്കെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥന അറിയാം എന്ന് ചോദിച്ചു. കുറേ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. ടീച്ചര്‍ പ്രാര്‍ഥന ബോര്‍ഡില്‍ എഴുതി. ''അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹു...'' അടുത്ത ക്ലാസില്‍ പഠിച്ചു വരാനും ടീച്ചര്‍ പറഞ്ഞു. 

വീട്ടിലെത്തിയ ഉടന്‍ ഉപ്പ അസ്‌ലുവിനോട് ചോദിച്ചു: ''മോനേ ഇന്നെന്താ മദ്‌റസയില്‍ പഠിപ്പിച്ചത്?'' അസ്‌ലു പറഞ്ഞു: ''ഉപ്പാ, ഇന്ന് ടീച്ചര്‍ ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. പിന്നെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയും പഠിപ്പിച്ചു.'' 

അബൂക്ക തുടര്‍ന്നു: ''മോനേ, നീ ആ പ്രാര്‍ഥന പഠിച്ചോ? ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി നമസ്‌കരിക്കുമ്പോള്‍ ഈ പ്രാര്‍ഥന ചൊല്ലാന്‍ നിനക്ക് കഴിയണം'' ഇതും പറഞ്ഞ് അബൂക്ക ചാരുകസേരയില്‍ കണ്ണടച്ചിരുന്നു. ആ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത് അസ്‌ലു കണ്ടു. അവന്റെ മനസ്സ് വിഷമിച്ചു. ഇതൊക്കെ ഉമ്മറപ്പടിയില്‍ ചാരിനില്‍ക്കുന്ന ആത്തിക്ക കാണുന്നുണ്ടായിരുന്നു.

അവര്‍ അന്തരീക്ഷമൊന്ന് തണുപ്പിക്കാനായി ഇടപെട്ടു: ''വേറെ എന്താ മോന്‍ പഠിച്ചത്.''

''അത്... വിശ്വാസ പാഠങ്ങളില്‍ തവക്കുലാണിന്ന് പഠിച്ചത്. അല്ലാഹുവില്‍ ഭരമേല്‍പിക്കണമെന്നും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക് അവന്‍ പ്രയാസഘട്ടങ്ങളില്‍ രക്ഷമാര്‍ഗം തുറന്നുകൊടുക്കുെമന്നുമെല്ലാം പഠിച്ചു.'' 

 ''മോന്‍ എല്ലാം നന്നായി ഓര്‍ക്കുന്നുണ്ടല്ലോ..നല്ല കുട്ടി'' ചിന്തയില്‍നിന്നുണര്‍ന്നുകൊണ്ട് അബൂക്ക പറഞ്ഞു.

പിറ്റേന്ന് ആത്തിക്കയുടെ നിലവിളി കേട്ടാണ് വീടുണര്‍ന്നത്. തഹജ്ജുദ് നമസ്‌കരിക്കാനായി എഴുന്നേറ്റ ആത്തിക്ക കണ്ടത് അബൂക്കയുടെ ഓട്ടോ കത്തി നശിച്ച കാഴ്ച്ചയാണ്. ആകെയുണ്ടായിരുന്ന അത്താണി നഷ്ടപ്പെട്ടിരിക്കുന്നു! 

നമസ്‌കാരം കഴിഞ്ഞ് അബൂക്ക ചാരുകസേരയില്‍ ഇരിക്കുമ്പോഴാണ് അബൂക്കയെ ചിന്തയില്‍ നിന്നുണര്‍ത്തി സലാം പറഞ്ഞുകൊണ്ട് സൈദലവി കടന്നുവന്നത്. 

അബൂക്കയുടെ പഴയ കൂട്ടുകാരനാണ് സൈദലവി. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട തന്നോട് അബൂക്ക പുഞ്ചിരിക്കാത്തത് പോലും കണ്ടപ്പോള്‍ സൈദലവി ചോദിച്ചു: ''എന്താ അബൂ, എന്തുപറ്റി?''' 

മറുപടി പറയാന്‍ സാധിക്കാതെ അബൂക്ക സൈദലവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ശേഷം തലേ ദിവസത്തെ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. അബൂക്കയുടെ കഷ്ടപ്പാട് കേട്ട സൈദലവിയും ഒന്ന് വിതുമ്പി. 

സൈദലവി പറഞ്ഞു: ''ഡോ, അബൂ! പണ്ട് നമ്മളെയൊക്കെ എപ്പോഴും സമാധാനിപ്പിച്ചിരുന്ന നീ  ഇങ്ങെനയായാലോ? എല്ലാം ശരിയാകും. നീ സമാധാനപ്പെട്.'' 

അബൂക്ക തേങ്ങിക്കൊണ്ട് പറഞ്ഞു: ''എന്റെ കുടുംബം പോറ്റാന്‍ എന്റെ മുമ്പില്‍ വേറെ വഴിയില്ല. ഞാനെന്താണ് ചെയ്യേണ്ടത്? നീതന്നെ പറ'' 

സൈദലവി: ''അതിനൊക്കെ വഴിയുണ്ട്.''

''എന്ത് വഴി?'' 

''അബൂന് ഗള്‍ഫില്‍ പോകാന്‍ താല്‍പര്യമുണ്ടോ?''

''ഉണ്ടായിട്ടെന്താ? വിസക്കൊക്കെ വലിയ സംഖ്യ വേണ്ടേ?''

''എന്റെ കഫീലിന് ഒരു വിശ്വസ്തനായ ഡ്രൈവറെ വേണം. ആളെ നോക്കാന്‍ എന്നെയാ ഏല്‍പിച്ചത്. എന്റെ മനസ്സില്‍ ആദ്യം വന്ന പേര് നിന്റെതാണ്. നിനക്ക് സമ്മതമെങ്കില്‍ പാസ്‌പോര്‍ട്ട് താ. ചെലവെല്ലാം കഫീല്‍ എടുക്കും.''

മനസ്സില്‍ അടക്കാനാവാത്ത സന്തോഷമായിരുന്നു അപ്പോള്‍ അബൂക്കക്കുണ്ടായത്. 

''എടീ... ആ പാസ്‌പോര്‍ട്ടിങ്ങ് എടുക്ക്'' അബൂക്ക ആത്തിക്കയോടായി പറഞ്ഞു.

''ഉപ്പാ...! അല്ലാഹു രക്ഷാമാര്‍ഗം തുറന്നു തരുമെന്ന് പറഞ്ഞത് സത്യം തന്നെ...'' ഇെതല്ലാം കേട്ട് നില്‍ക്കുകയായിരുന്ന അസ്‌ലു പറഞ്ഞു. 

''അതെ മോനേ, അല്ലാഹു വാഗ്ദാനം നിറവേറ്റുന്നവനാണ്. 

സൈദലവി പാസ്‌പോര്‍ട്ട് വാങ്ങി തിരിച്ചു പോകുമ്പോള്‍ മൂന്നു പേരും നിശ്ശബ്ദരായി നോക്കി നിന്നു, നിറകണ്ണുകളോടെ.


സ്വര്‍ഗപാത

ഉമ്മു അദ്‌നാന്‍, ബഹ്‌റൈന്‍

2017 മെയ് 06 1438 ശഅബാന്‍ 9

ലോകനാഥനഹദവന്‍

ആദിമര്‍ത്യന്‍ ആദമില്‍

തുടങ്ങിവെച്ച നേര്‍പഥം

തുടരുമെന്നുമാവിധം.

ഏകറബ്ബിന്‍ കല്‍പനകള്‍

ചേര്‍ത്തുവെച്ച നേര്‍പഥം

അമ്പിയാക്കളൊക്കയും

കടന്നുപോയ നേര്‍പഥം.

കടലിലാഴ്ന്ന ദൂതര്‍ യൂനുസ്,

കിണറിലായ യൂസുഫെന്നോര്‍

കരുതിടാതെ രക്ഷനേടാന്‍

കാരണമാം നേര്‍പഥം.

നംറൂദിന്റെ തീക്കളത്തില്‍

കുളിരു തീര്‍ത്ത നേര്‍പഥം

ചെങ്കടല്‍ കടന്നു മൂസാ

കടന്നുവന്ന നേര്‍പഥം.

കുരിശില്‍നിന്നും ദൂതര്‍ ഈസാ

രക്ഷ നേടിയ നേര്‍പഥം

ജന്മനാടു വെടിഞ്ഞുപോയ

അന്ത്യ റസൂല്‍ സഹജരും

വിജയമോടെ മടങ്ങിവന്ന

സ്വര്‍ഗ പാത നേര്‍പഥം

ആ വഴിയില്‍ നമ്മളെന്നും

മടിച്ചിടാതെ നീങ്ങണം.