പ്ലാസ്റ്റിക് പാത്രം
റാഷിദ ബിന്‍ത് ഉസ്മാന്‍
2017 സെപ്തംബര്‍ 09 1438 ദുൽഹിജ്ജ 18
ഒരിക്കല്‍ ഒരിടത്ത് സാധുവായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. വയസ്സേറെയായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു തുടങ്ങി. കൈകള്‍ വിറയ്ക്കുന്ന കാരണത്താല്‍ ഒരു സ്പൂണ്‍ പോലും നെരെ പിടിക്കാന്‍ വയ്യാതായി. വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഡൈനിംഗ് ടേബിളില്‍ വീഴും.
അദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയും അതിന്റെ പേരില്‍ അദ്ദേഹത്തെ ശകാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഒടുവില്‍ അവര്‍ അദ്ദേഹത്തിനു മാത്രമായി ഒരു മുറിയുടെ മൂലയില്‍ മറ്റൊരു മേശ ഒരുക്കിക്കൊടുത്തു.
അദ്ദേഹത്തിന്റെ കൊച്ചു പേരമകന്‍ ഹസന്‍ ഇതെല്ലാം കണ്ട് സങ്കടപ്പെട്ടു. വല്ല്യുപ്പ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ വല്ല്യുപ്പയുടെ വായിലേക്ക് സ്പൂണ്‍ വെച്ചുകൊടുത്ത് സഹായിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കുന്നേരം യാദൃച്ഛികമായി പാത്രം താഴെവീണ് പൊട്ടിച്ചിതറി. അദ്ദേഹം നിറകണ്ണുകളോടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന മകന്റെയും മരുകളുടെയും മുഖത്തേക്ക് പേടിയോടെ നോക്കി. അവര്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. അന്നു മുതല്‍ അവര്‍ അദ്ദേഹത്തിന് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം നല്‍കാന്‍ തുടങ്ങി.
പ്ലാസ്റ്റിക് പാത്രങ്ങള്‍ പാടെ ഉപയോഗ ശൂന്യമായിട്ടും അതില്‍ ഭക്ഷണം വിളമ്പാന്‍ ഭാര്യ ഒരുങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഭാര്യയോട് ആ പാത്രങ്ങള്‍ വലിച്ചെറിയാന്‍ പറഞ്ഞു.
ഉടനെ ഹസന്‍ രണ്ട് പാത്രങ്ങള്‍ കൈക്കലാക്കി, എന്നിട്ട് പറഞ്ഞു: ''വലിച്ചെറിയരുത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.''
''എന്താണ് നീ പറയുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ'' ഉമ്മ ചോദിച്ചു.
''നിങ്ങള്‍ രണ്ടു പേര്‍ക്കും വയസ്സാകുമ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ എനിക്ക് ഇവ ഉപയോഗിക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത.്''
മകന്റെ ഈ വാക്കുകള്‍ കേട്ട് ഇരുവരും ലജ്ജിച്ച് തലതാഴ്ത്തി. അവര്‍ക്ക് തങ്ങളുടെ തെറ്റിന്റെ ആഴം ബോധ്യമായി. അന്നുമുതല്‍ അവര്‍ പിതാവിനെ കൂടെയിരുത്തി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ സഹായിക്കാനും തുടങ്ങി.
സ്വര്‍ഗം നേടാനുള്ള ഉത്തമമായ വഴിയാണ് മാതാപിതാക്കളെ ശുശ്രൂഷിക്കലും സഹായിക്കലും സ്‌നേഹിക്കലും എന്ന് അറിയുമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മകനും മരുമകളും അദ്ദേഹത്തോട് മോശമായി പെരുമാറുമായിരുന്നില്ല.
നമ്മുടെ നബി(സ്വ) മാതാപിതാക്കളുടെ വിഷയത്തില്‍ പറഞ്ഞതെന്താണെന്ന് അറിയാമോ? ''റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലാണ്'' (തുര്‍മുദി). ''
കൂട്ടുകാരേ, നാം നമ്മുടെ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എന്നാലേ നമുക്ക് സ്വര്‍ഗം ലഭിക്കുകയുള്ളൂ.