അലിവുള്ള ഹൃദയം

ഉസ്മാന്‍ പാലക്കാഴി 

2017 ഏപ്രില്‍ 08 1438 റജബ് 11

വൈകുന്നേരം സ്‌കൂളില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ സലീമിന്റെ മുഖം വാടിയിരുന്നു. ഉമ്മ ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു:

''എനിക്കു വേണ്ട ഉമ്മാ...''

''എന്തുപറ്റി മോനേ നിനക്ക്, പനിക്കുന്നുണ്ടോ?''- ഉമ്മ അവനെ തൊട്ടുനോക്കി.

''എനിക്ക് പനിയും തലവേദനയുമൊന്നുമില്ലുമ്മാ.''

''പിന്നെ എന്തുപറ്റി നിനക്ക്? എന്താ ഭക്ഷണം വേണ്ടെന്നു പറഞ്ഞത്? സാധാരണ സ്‌കൂളില്‍നിന്നു വരാറുള്ളത് നല്ല വിശപ്പോടെയാണല്ലോ!''

''എന്റെ കൂട്ടുകാരന്‍ സുബൈര്‍ ഇന്ന് സ്‌കൂളില്‍ വന്നില്ല. അവന്‍ സുഖമില്ലാതെ കിടപ്പിലാണത്രെ.''

''കഷ്ടം! അവന്റെ അസുഖം അല്ലാഹു മാറ്റിക്കൊടുക്കട്ടെ. പക്ഷേ, അതിന് നീയിങ്ങനെ വിഷമിച്ചിരുന്നിട്ടെന്തുകാര്യം?''

''എനിക്ക് അവനെയൊന്നു സന്ദര്‍ശിക്കണം. രോഗിയെ സന്ദര്‍ശിക്കല്‍ മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍പെട്ട ഒന്നാല്ലോ. ഉമ്മ അതിന് അനുവാദം തരുമോ?''

''വളരെ നല്ലകാര്യം! എങ്കില്‍ മോന്‍ വേഗം പോയി വാ. ഇരുട്ടുംമുമ്പ് ഇങ്ങ് തിരിച്ചെത്തണം.''

സലീമിന്റെ മുഖം പ്രസന്നമായി. അവന്‍ സലാം പറഞ്ഞ് മുറ്റത്തിറങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു:

''സലീം! അവിടെ നില്‍ക്ക്.''

അവന്‍ നിന്നു. ഉമ്മ ഒരു നൂറുരൂപ നോട്ട് അവന്റെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു:

''വെറും കയ്യോടെ പോകേണ്ട. അവന് ഇഷ്ടമുള്ള പഴമോ മറ്റോ വാങ്ങിക്കൊടുക്ക്.''

സലീം കാശുവാങ്ങി കീശയിലിട്ട് നടന്നു. നടക്കവെ അവന്‍ ഓര്‍ത്തു. സുബൈര്‍ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്. നല്ലവണ്ണം പഠിക്കും. സ്‌കൂളിലും മദ്‌റസയിലും അവനും താനും അടുത്തടുത്താണിരിക്കുന്നത്. ഓറഞ്ച് അവനു വലിയ ഇഷ്ടമാണ്. ഈ കാശിന് ഓറഞ്ചു വാങ്ങാം. അല്ലെങ്കില്‍ പഴമൊന്നും വാങ്ങാതിരുന്നാലോ? മരുന്നിനൊക്കെ ഒരുപാട് കാശ് വേണ്ടിവരില്ലേ? കാശ് കൊടുത്താല്‍ അതായിരിക്കില്ലേ അവന് കൂടുതല്‍ ഉപകാരപ്രദം? കഴിഞ്ഞ ആഴ്ചയാണ് രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യകരമാണെന്നും മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതയില്‍പെട്ടതാണെന്നുമൊക്കെ മദ്‌റസയില്‍നിന്ന് പഠിച്ചത്. തനിക്ക് കൂട്ടുകാരനെ കാണുകയും ചെയ്യാം; പടച്ചവന്‍ അതിന് പ്രതിഫലവും നല്‍കും.

സുബൈറിന്റെ വീട്ടിലെത്തിയപ്പോള്‍ സലീം കതകില്‍ മുട്ടി.

''ആരാ?''- അകത്തുനിന്നും സുബൈറിന്റെ ഉമ്മ.

''ഞാന്‍ സലീം. സുബൈറിന്റെ കൂട്ടുകാരന്‍''- ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അകത്തുള്ളവര്‍ ആരാണെന്നു ചോദിച്ചാല്‍ വ്യക്തമായി പേരുപറയണമെന്ന ഇസ്‌ലാമിക മര്യാദ ഓര്‍മയുള്ളതുകൊണ്ട് സലീം തന്നെ പരിചയപ്പെടുത്തി.

സുബൈറിന്റെ ഉമ്മ കതകു തുറന്നു.

''അസ്സലാമു അലൈക്കും'' -അകത്തേക്കു പ്രവേശിക്കവെ സലീം സലാം പറഞ്ഞു.

''വ അലൈക്കുമുസ്സലാം'' -കിടക്കുകയായിരുന്ന സുബൈറും ഉമ്മയും ഒപ്പമാണ് സലാം മടക്കിയത്.

''വാ മോനേ, കേറിയിരിക്ക്'' - ഉമ്മ സ്‌നേഹത്തോടെ പറഞ്ഞു.

സലീം സുബൈറിന്റെ അരികിലിരുന്നു. സുബൈര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

''വേണ്ട, എഴുന്നേല്‍ക്കേണ്ട...''- സലീം അവനെ തടഞ്ഞു. സലീം കൂട്ടുകാരന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ തൊട്ടുനോക്കി.

''എപ്പോഴാണ് നിനക്ക് പനി തുടങ്ങിയത്? ഡോക്ടറെ കാണിച്ചില്ലേ?''

''വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുവന്ന ഉടനെ തുടങ്ങിയതാണ്. ഭയങ്കരമായ ശരീരവേദനയുമുണ്ട്. ശനിയാഴ്ച കാലത്തുതന്നെ ഡോക്ടറെ കാണിച്ചു. അഞ്ചുതരം മരുന്നിനെഴുതി. മൂന്നു ദിവസം കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു.''

''മരുന്ന് കൃത്യമായി കഴിക്കുന്നില്ലേ?''- ആ ചോദ്യം കേട്ടപ്പോള്‍ സുബൈറിന്റെ കണ്ണുകള്‍ നിറഞ്ഞു.

''എന്താ സുബൈര്‍! മരുന്ന് വാങ്ങിയില്ലേ?''

ഉപ്പാന്റെയടുത്തുണ്ടായിരുന്ന കാശിന് ഒരു കുപ്പിമരുന്ന് വാങ്ങി. ഉപ്പാന്റെയടുത്ത് കാശില്ലാഞ്ഞിട്ടാണ്. കഠിനമായ പണിയൊന്നുമെടുക്കാന്‍ ഉപ്പാക്ക് കഴിയില്ലെന്ന് നിനക്കറിയാമല്ലോ. കഴിഞ്ഞാഴ്ച പുസ്തകത്തിനു തന്ന കാശുതന്നെ ആരുടെയോ അടുത്തുനിന്ന് കടംവാങ്ങിയതാണ്''- സുബൈറിന്റെ ശബ്ദമിടറി. അതുകണ്ടപ്പോള്‍ സലീമിന്റെ കണ്ണുകളും നിറഞ്ഞു.

ഈ രംഗം കണ്ടുകൊണ്ടാണ് സുബൈറിന്റെ ഉമ്മ ചായയുമായി കടന്നുവന്നത്. അവര്‍ ചോദിച്ചു:

''എന്തിനാ സുബൈറേ നീ നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞ് ഈ കുട്ടിയുടെ മനസ്സു വിഷമിപ്പിക്കുന്നത്?''

''ഉമ്മാ! സുബൈര്‍ എന്റെ ആത്മാര്‍ഥ കൂട്ടുകാരനാണ്. അവന്റെ അവസ്ഥ എന്നോടു പറയുന്നതില്‍ യാതൊരു തെറ്റുമില്ല''-സലീം പറഞ്ഞു.

കൂട്ടുകാരുടെ പരസ്പര സ്‌നേഹം കണ്ടപ്പോള്‍ ഉമ്മയുടെ കണ്ണുകളും നിറഞ്ഞു.

''എവിടെ സുബൈര്‍ നിന്റെ മരുന്നിന്റെ ലിസ്റ്റ്, ഞാനൊന്നു കാണട്ടെ''- സലീം.

സുബൈര്‍ തലയണയുടെ ചുവട്ടില്‍നിന്നും ലിസ്‌റ്റെടുത്തു കൊടുത്തു. ചായ ഒരിറക്കു കുടിച്ചിട്ട് ലിസ്റ്റ് പോക്കറ്റിലിട്ട് ഞാനിപ്പോള്‍ വരാമെന്നു പറഞ്ഞ് സുബൈര്‍ പുറത്തിറങ്ങി. ഇറങ്ങിയ പാടെ അവന്‍ ഓടുകയായിരുന്നു.

''സലീം...''

''സലീം... കുട്ടി എങ്ങോട്ടാ...?''

സുബൈറിന്റെയും ഉമ്മയുടെയും വിളി കേള്‍ക്കാത്ത അകലത്തില്‍ അപ്പോഴേക്കും അവന്‍ എത്തിയിരുന്നു.

ഓടുന്നതിനിടയില്‍ സലീം ചിന്തിച്ചു: പഴം വാങ്ങാതിരുന്നത് നന്നായി. മരുന്നു വാങ്ങാന്‍ കാശായല്ലോ. തികയുമോ ആവോ?

മരുന്നുഷോപ്പില്‍ ചെന്ന് ലിസ്റ്റ് നല്‍കിക്കൊണ്ട് സലീം ചോദിച്ചു:

''ഇതിലെ മരുന്നിന് എത്രയാകും?''.

ലിസ്റ്റുവാങ്ങി നോക്കിയിട്ട് കടക്കാരന്‍ പറഞ്ഞു:

''നൂറ്റി അമ്പതു രൂപ''.

''എന്റെ പക്കല്‍ നൂറുരൂപയേ ഉള്ളൂ. ബാക്കി എന്തായാലും ഞാന്‍ നാളെ എത്തിക്കാം. മരുന്ന് തന്നുകൂടേ?''

''പറ്റില്ല. മരുന്ന് കടംകൊടുക്കുന്ന എര്‍പ്പാടില്ല''- കടക്കാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സലീം വിഷണ്ണനായി നിന്നു. ഇനി എന്തുചെയ്യും? കുറച്ചുേനരം ചിന്തിച്ചുനിന്ന ശേഷം സലീം തന്റെ വാച്ച് അഴിച്ച് കടക്കാരനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു:

''ഇതാ, ഇത് വെച്ചോളൂ. ആയിരം രൂപ വിലയുള്ള വാച്ചാണ്. അമ്പതുരൂപ നാളെ തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി. മരുന്നെല്ലാം ഇേപ്പാള്‍ തന്നെ വേണം.''

കടക്കാരന്‍ സ്തബ്ധനായിനിന്നു. അയാള്‍ ചോദിച്ചു:

''നീ ആരുടെ കുട്ടിയാ?''

അവന്‍ പിതാവിന്റെ പേരും വീട്ടുപേരും പറഞ്ഞുകൊടുത്തു.

''അയ്യോ! മോനെ അറിയാത്തതുകൊണ്ട് പറഞ്ഞതാണ് കേട്ടോ. വാച്ച് മോന്‍ കയ്യില്‍ വെച്ചോ. മരുന്ന് തരാം. ബാക്കി കാശ് നാളെ എത്തിച്ചാല്‍ മതി.''

മരുന്നുമായി സലീം തിരിച്ചോടി. തിരിച്ചു ചെല്ലുമ്പോള്‍ സുബൈറിന്റെ ഉമ്മ മുറ്റത്ത് നില്‍പുണ്ടായിരുന്നു. മരുന്ന് ഉമ്മയുടെ കയ്യില്‍ കൊടുത്തുകൊണ്ട് സലീം പറഞ്ഞു:

''ഇന്നു തന്നെ കുടിച്ചു തുടങ്ങണം.''

''എന്തിനാ മോനേ നീയിത്ര ബുദ്ധിമുട്ടിയത്? മരുന്ന് അവന്റെ ഉപ്പ വാങ്ങുമായിരുന്നു'' - ഇതു പറഞ്ഞപ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

''ഉമ്മാ! എന്റെ കയ്യില്‍ കാശുണ്ടായിരുന്നു. അതുകൊണ്ട് മരുന്നു വാങ്ങി. ഇതില്‍ എനിക്കെന്തു ബുദ്ധിമുട്ട്? കഴിവുള്ളവര്‍ ഇല്ലാത്തവനെ സഹായിക്കണമെന്നല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നത്? അതല്ലേ സുബൈറേ മദ്‌റസയില്‍നിന്നും നമ്മള്‍ പഠിച്ചത്?''

ഉമ്മറത്തിരിക്കുകയായിരുന്ന സുബൈര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

''നേരം വൈകി. ഇരുട്ടുംമുമ്പ് തിരിച്ചെത്താന്‍ ഉമ്മ പറഞ്ഞതാ. ഇന്‍ശാ അല്ലാഹ്; ഞാന്‍ നാളെ വരാം''- സലീം സലാം പറഞ്ഞ് ഇറങ്ങിനടന്നു. സുബൈറും ഉമ്മയും അവന്‍ പോകുന്ന് കണ്ണിമവെട്ടാതെ നോക്കിനിന്നു.

വീട്ടില്‍ തിരിച്ചെത്തിയ പാടെ സലീമിനോട് ഉമ്മ ചോദിച്ചു:

''എങ്ങനെയുണ്ട് നിന്റെ കുട്ടുകാരന്? ആശ്വാസമുേണ്ടാ? ഡോക്ടറെ കാണിച്ചിട്ടില്ലേ?''

''ഡോക്ടറെ കാണിച്ചിരുന്നു. പക്ഷേ, കാശില്ലാത്തതിനാല്‍ എല്ലാ മരുന്നും വാങ്ങി കഴിച്ചിരുന്നില്ല. ബാക്കി മരുന്ന് ഞാന്‍ വാങ്ങിക്കൊടുത്തു.''

''അതിന് നിനക്ക് കാശെവിടെനിന്ന് കിട്ടി?''- ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

അവന്‍ നടന്നതെല്ലാം ഉമ്മയോടു പറഞ്ഞു. ഉമ്മ മകനെ സന്തോഷത്തോടെ വാരിപ്പുണര്‍ന്നുകൊണ്ട്പറഞ്ഞു:

''മോനേ, ഇങ്ങനെയായിരിക്കണം ഒരു നല്ല മുസ്‌ലിം. തന്റെ സഹോദരനുവേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള മനസ്സ് നീ നിലനിര്‍ത്തണം. ഉപ്പ വന്നാല്‍ നിന്റെയീ സന്മനസ്സിനെപ്പറ്റി ഞാന്‍ പറഞ്ഞുകൊടുക്കും. ഉപ്പാക്ക് വലിയ സന്തോഷമാകും. പിന്നെ, കടക്കാരനോടുള്ള കരാര്‍ പാലിക്കാന്‍ മറക്കരുത്. ബാക്കി തുക നാളെത്തന്നെ കൊടുക്കണം.''

പള്ളിയില്‍നിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങി. സലീം വുദൂഅ് ചെയ്ത് പള്ളിയിലേക്കു പുറപ്പെട്ടു. അവന്റെ മനസ്സില്‍ എെന്തന്നില്ലാത്ത ഒരാനന്ദം അലതല്ലുന്നുണ്ടായിരുന്നു.