അല്ലാഹു കാണും

തന്‍വീര്‍

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

പണ്ടുപണ്ട് ക്വുറാ എന്ന ഒരു ഗ്രാമത്തില്‍ ഹസന്‍ എന്ന് പേരുള്ള ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ഹസന്‍. കാരണം എന്താവശ്യത്തിനും യാതൊരു മടിയും കൂടാതെ ആര്‍ക്കും ഹസനെ സമീപിക്കാമായിരുന്നു. കഴിയുന്ന എന്ത് സഹായവും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവനായിരുന്നു ഹസന്‍. മുഹമ്മദ് നബി (സ്വ) യഥാര്‍ഥ മുസ്‌ലിമിന്റെ ലക്ഷണങ്ങള്‍ പറഞ്ഞു പഠിപ്പിച്ചത് നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഹസന്‍ അങ്ങനെയുള്ള സ്വഭാവക്കാരനായി മാറിയത്.

ഹസന് മൂന്ന് മക്കളുണ്ടായിരുന്നു. കാസിം, ഫാറൂഖ്, അബ്ദുല്ല. കാസിമായിരുന്നു അവരില്‍ മൂത്തവന്‍. ഫാറൂഖും അബ്ദുല്ലയും ഇരട്ട സഹോദരങ്ങളായിരുന്നു. തന്റെ മക്കള്‍ വളരെ നല്ലവരായി വളരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഹസന്‍ അവര്‍ക്ക് എല്ലാ സമയത്തും ക്വുര്‍ആനികാധ്യാപനങ്ങളും പ്രവാചകന്മാരുടെയും സ്വഹാബത്തിന്റെയും കഥകളും പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു. വളരെ താല്‍പര്യത്തോടെ അതെല്ലാം കേട്ട് മനസ്സിലാക്കിയിരുന്ന മൂവരും ഗ്രാമത്തിലുള്ള മറ്റു കുട്ടികളെക്കാളെല്ലാം സ്വഭാവശുദ്ധിയില്‍ മികച്ചുനിന്നു.

ഒരു ദിവസം ഹസന്‍ മൂന്ന് മക്കളെയും വിളിച്ചു വരുത്തി മൂവര്‍ക്കും ഓരോ മിഠായി വീതം നല്‍കി . എന്നിട്ട് പറഞ്ഞു: ''മക്കളേ, ഈ മിഠായി നിങ്ങള്‍ മൂന്ന് പേരും ആരും കാണാതെ തിന്നണം. ആരും കാണാതെ ഇത് കഴിക്കുന്നവന് ഉപ്പ ഒരു സമ്മാനം തരും.''

മിഠായി കിട്ടിയ ഉടനെ അബ്ദുല്ല പതിയെ വീടിനകത്തേക്കും അവിടെ നിന്ന് ഹാളിലേക്കും കടന്നു. ഓ, അവിടെ ഉമ്മ...! അവന്‍ മെല്ലെ വാതിലിന്റെ മറവില്‍ ഒളിച്ചു. ഉമ്മ അടുക്കളയിലേക്ക് പോയതോടെ അവന്‍ മെല്ലെ സ്റ്റെയര്‍കെയ്‌സ് കയറി മുകളിലെത്തി. അവിടെ ഉപ്പയുടെ മേശയുടെ അടിയിലേക്ക് വലിഞ്ഞുകയറി ഇരിപ്പായി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ഇവിടേക്ക് പോന്നത് ആരും കണ്ടിട്ടില്ലെന്നും ഉറപ്പായ അവന് സന്തോഷം അടക്കാനായില്ല. എന്തായാലും ഇന്ന് ഉപ്പയുടെ മുന്നില്‍ ഞാന്‍ തന്നെ വിജയി. അവനുറപ്പിച്ചു. മെല്ലെ മിഠായിയുടെ കടലാസ് കളഞ്ഞ് അവന്‍ മിഠായി തിന്നു.

ഫാറുഖാകട്ടെ മിഠായി കിട്ടിയത് കയ്യില്‍പിടിച്ച് നിന്നുവെന്നല്ലാതെ അവിടെ നിന്നും അനങ്ങിയില്ല. കാസിമും ഉപ്പയും സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോകുന്നതുവരെ അവന്‍ അവിടെത്തന്നെ നിന്നു. അവര്‍ രണ്ടുപേരും അകത്തേക്ക് കയറി എന്നുറപ്പായപ്പോള്‍ അവന്‍ ക്ഷണനേരം കൊണ്ട് അയല്‍ക്കാരനായ അബ്ദുക്ക തങ്ങളുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഓടിക്കയറി, ആരും തന്നെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി മിഠായി അകത്താക്കി.

എന്നാല്‍ കാസിം ആ മിഠായി കയ്യില്‍ പിടിച്ച് അകത്തും മുറ്റത്തുമൊക്കെ മാറി മാറി നടന്നു. പക്ഷേ, എവിടെയും തന്നെ ആരും കാണുന്നില്ലെന്ന് അവന് ഉറപ്പിക്കാനായില്ല. ഏത് മൂലയില്‍ കയറി നിന്നാലും ചുറ്റും ആരെയും കണ്ടില്ലെങ്കിലും മുകളിലേക്ക് നോക്കുമ്പോള്‍ അല്ലാഹു കാണുന്നുണ്ടല്ലോ ഇനിയെന്ത് ചെയ്യും എന്നാണ് അവന്‍ ആലോചിക്കുക. അവന് ഉറപ്പായി; അല്ലാഹു കാണാതെ ഇത് തിന്നുവാന്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ പോയാലും കഴിയില്ലെന്ന്. ഉപ്പയാണെങ്കില്‍ ആരും കാണാതെ കഴിച്ചാലാണ് സമ്മാനം തരിക എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. അവന്‍ ആ മിഠായി തിന്നാതെ കയ്യില്‍ തന്നെ പിടിച്ചു.

കുറച്ച് കഴിഞ്ഞ് ഹസന്‍ മക്കളെ വിളിച്ചു. ചെയ്ത കാര്യങ്ങള്‍ ചോദിച്ചു. അബ്ദുല്ല വളരെ ആവേശപൂര്‍വം തന്റെ സാഹസികത വിവരിച്ചു. ഉമ്മയെക്കണ്ടപ്പോള്‍ വാതിലിന്റെ മറവില്‍ ഒളിച്ചത് പറഞ്ഞപ്പോള്‍ ഉമ്മ മൂക്കത്ത് വിരല്‍വെച്ചു: ''ഹൊ... ഭയങ്കരാ..!''

ഫാറൂഖ് തന്റെ താന്‍ ചെയ്തതും വിവരിച്ചു. കാസിം മിണ്ടാതെ നില്‍ക്കുകയാണ്. ഉപ്പ കാസിമിനോട് ചോദിച്ചു: ''താന്‍ എന്തു ചെയ്തു കാസിം?''

കാസിം കൈ മലര്‍ത്തി കാണിച്ചു. മിഠായി അതാ അവന്റെ കയ്യില്‍ തന്നെ! അത് കണ്ടപ്പോള്‍ ഫാറൂഖ് ഉറക്കെ ചിരിച്ചു. ഈ ഇക്കാക്ക് ഒരു മിഠായിപോലും ആരും കാണാതെ തിന്നാന്‍ പറ്റിയില്ല. എന്തൊരു കഷ്ടം..!

ഉപ്പ ചോദിച്ചു: ''എന്തുപറ്റി കാസിം.''

അവന്‍ പറഞ്ഞു: ''ഞാനെവിടെ ഒളിച്ചിരുന്ന് തിന്നാലും അല്ലാഹു എന്നെ കാണും. അതിനാല്‍ എനിക്ക് ആരും കാണാതെ തിന്നാന്‍ പറ്റിയില്ല.''

ഉപ്പാക്കും ഉമ്മാക്കും വളരെ സന്തോഷമായി. ഫാറൂഖും അബ്ദുല്ലയും അന്തം വിട്ട് നില്‍ക്കുകയാണ്; തങ്ങള്‍ക്ക് സമ്മാനം നഷ്ടപ്പെട്ടല്ലോ എന്ന സങ്കടത്തോടെ.

കുട്ടികളേ, നമ്മള്‍ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ അവന്‍ അറിയാതെയും കാണാതെയും ഒന്നും നടക്കുകയില്ല. അതിനാല്‍ നാം നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുക.