പരോപകാരം

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

(ആശയ വിവര്‍ത്തനം)

ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാല്‍ അവന്‍ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിര്‍വഹിച്ചുകൊടുക്കും. എന്നാല്‍ അതിന്റെ പേരില്‍ അവന്‍ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരുന്ന, അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാമായിരുന്ന കുട്ടിയാണ് ബാസിം. മദ്‌റസയില്‍ അവന്റെ കൂടെ പഠിക്കുന്ന കുട്ടികളില്‍ അധികവും പാവങ്ങളായിരുന്നു.

ഫുട്‌ബോള്‍ കളിയില്‍ തല്‍പരനായിരുന്ന ബാസിം ഒരു ദിവസം കളിക്കാന്‍ പോകുമ്പോള്‍ ഒരു നായ അവനെ പിന്തുടര്‍ന്നു. കടിക്കാനായി കുരച്ച് വരുന്ന നായയില്‍നിന്ന് രക്ഷപ്പെടുവാനായി പേടിച്ചുവിറച്ചുകൊണ്ട് അതിവേഗത്തില്‍ അവന്‍ ഓടി. എന്നാല്‍ നായയുണ്ടോ വിടുന്നു. ഒരു ഇടുങ്ങിയ ഇടവഴിയില്‍ വെച്ച് നായ അവന്റെ വസ്ത്രത്തില്‍ കടിക്കുകയും ഒരു കല്ലില്‍ തട്ടി അവന്‍ വീഴുകയും ചെയ്തത് ഒരുമിച്ചായിരുന്നു. 

പിന്നെ ഒന്നും അവന് ഓര്‍മയില്ല. കുറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കണ്ണു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് സമപ്രായക്കാരനായ ഒരു ബാലനെയും അവന്റെ മാതാവിനെയുമാണ്. അവന്‍ ബാസിമിന്റെ കൂടെ മദ്‌റസയില്‍ പഠിക്കുന്നവനായിരുന്നു. മാതാവ് അവന്റെ മുറിവില്‍ മരുന്ന് തേച്ചു കൊടുക്കുകയാണ്. ബാസിമിനെ നായയില്‍നിന്നും കടികൊള്ളാതെ രക്ഷിച്ചത് അവരായിരുന്നു. അവരുടെ വീട്ടിലാണ് അവനിപ്പോള്‍ കിടക്കുന്നത്. 

ബാസിം പതുക്കെ എഴുന്നേറ്റിരുന്നു. അവന്‍ വീടിനുളളിലേക്ക് ആകമാനം കണ്ണോടിച്ചു. ചെറിയൊരു വീട്. വിലകൂടിയതും മുന്തിയതുമായ ഒന്നും വീട്ടില്‍ കാണാനില്ല. വളരെ പാവപ്പെട്ടവരുടെ വീടാണതെന്ന് അവന് മനസ്സിലായി. 

''നീ ഓടി വീഴുന്നത് ഉമ്മയാ ആദ്യം കണ്ടത്?'' അജ്മല്‍ പറഞ്ഞു. 

''നായ എന്നെ കടിച്ചുപറിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചതാ'' ബാസിം ചിരിച്ചുകൊണ്ട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ബാസിം പോകാനൊരുങ്ങി. ഭക്ഷണം കഴിച്ചിട്ടാകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അവന്‍ അവരുടെ കൂടെ ഭക്ഷണം കഴിച്ചു. മുന്തിയ തരം ഭക്ഷണം മാത്രം കഴിച്ച് പരിചയിച്ച ബാസിം അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. എങ്കിലും അവന്‍ അത് പുറത്തു കാണിക്കാതെ എല്ലാം തിന്നുതീര്‍ത്തു.

തനിച്ചു പോകേണ്ട എന്നു പറഞ്ഞ് അജ്മലിന്റെ ഉമ്മയും അജ്മലും കുറച്ചു ദൂരം അവന്റെ കൂടെ പോയി. അവര്‍ സലാം പറഞ്ഞു പിരിഞ്ഞു.

ബാസിം വീട്ടില്‍ ചെന്ന ശേഷം സംഭവിച്ചതെല്ലാം അവന്റെ വീട്ടില്‍ അറിയിച്ചു. കാലിലെ മുറിവ് മാറിയശേഷം ഒരു ദിവസം അവന്റെ ഉമ്മ കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ബാസിമിനോട് അത് അജ്മലിന്റെ വീട്ടില്‍ എത്തിക്കാന്‍ പറഞ്ഞു. അവന് വളരെ സന്തോഷമായി. 

അജ്മലിന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ കാറിന് പോകാന്‍ കഴിയില്ല. അത് വളരെ വീതി കുറഞ്ഞതാണ്. അതിനാല്‍ കുറച്ചകലെ കാര്‍ നിര്‍ത്തി. ഞാന്‍ ഇപ്പോള്‍ വരാം എന്ന് ഡ്രൈവറോടു പറഞ്ഞ് ഭക്ഷണവുമായി ബാസിം അജ്മലിന്റെ വീട്ടിലേക്ക് നടന്നു.

അവിടെ അജ്മലിന്റെ ഉപ്പയും ഉമ്മയും അജ്മലുമുണ്ടായിരുന്നു. അവര്‍ക്ക് ബാസിമിന്റെ പ്രവൃത്തിയില്‍ അത്ഭുതവും സന്തോഷവും തോന്നി. അവരുടെ കൂടെ അവരിലാരാളായി ഇരുന്ന് അവനും ഭക്ഷണം കഴിച്ചു. അങ്ങനെ വളരെ സന്തോഷത്തോടെ ബാസിം തിരിച്ചുപോയി. 


നമ്മുടെ ഉമ്മ

ശുക്കൂര്‍ കടലുണ്ടി

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

കരുണക്കടലാണ് നമ്മുടെയുമ്മ

കനിവിന്റെ കേദാരം നമ്മുടെയുമ്മ

ഏറെ നാള്‍ ഗര്‍ഭത്തിന്‍ ഭാരം ചുമന്നും

പേറ്റിന്റെ കഠിനമാം നോവു സഹിച്ചും

നമ്മള്‍ക്കു ജന്മം നല്‍കിയതുമ്മ

താരാട്ടു പാടി നമ്മെയുറക്കി

പാലൂട്ടി നമ്മുടെ വിശപ്പവരാറ്റി

പാല്‍കുടിച്ചു നമ്മള്‍ ഏറെ വളര്‍ന്ന്

പാവമാം ഉമ്മയോ ഏറെ തളര്‍ന്ന്

മാമുണ്ണാന്‍ നേരത്ത് മാനത്ത് ചൂണ്ടി

മാമനെ കാണിച്ച് മാമൂട്ടിയില്ലേ?

പനിവന്നു നമ്മള്‍ കരയുന്ന രാവില്‍

പാതിര പകലാക്കി അവര്‍ നമ്മെ നോക്കി

പകലന്തിയോളവും പ്രതിഫലം പറ്റാതെ

പണിയെടുക്കും ഒട്ടും പരിഭവമില്ലാ

അവരുടെ തൃപ്തി നേടണം നമ്മള്‍

അല്ലാഹുവിന്‍ തൃപ്തി നമ്മള്‍ക്കു കിട്ടാന്‍

ലോഭമില്ലാതെ നാം സ്‌നേഹിക്കയവരെ

ജീവിച്ചിരിക്കുന്ന കാലമത്രയും.