സത്യസന്ധത കാത്തുസൂക്ഷിക്കുക

ദുല്‍ക്കര്‍ഷാന്‍. എ

2017 മെയ് 13 1438 ശഅബാന്‍ 16

സ്‌കൂള്‍ അടക്കാന്‍ കാത്തിരിക്കുകയായിരുന്നു ഫഹദ്, ഉമ്മയുടെ വീട്ടില്‍ പോകാന്‍. ഫഹദിന്റെ ഉമ്മാക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. സ്‌നേഹ സമ്പന്നരായ, ഫഹദിന്റെ രണ്ട് അമ്മാവന്മാര്‍. മൂത്ത അമ്മാവന് നാല് മക്കളും ചെറിയ അമ്മാവന് രണ്ട് മക്കളുമുണ്ട്. എല്ലാവരും നല്ല കുട്ടികളാണ്. ഫഹദിന് വലിയ ഇഷ്ടമായിരുന്നു അവരെ; അവര്‍ക്ക് ഫഹദിനെയും.

സ്‌കൂള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് താല്‍ക്കാലികമായി അടക്കുമ്പോള്‍ പോലും ഫഹദ് വിരുന്ന് പോകാന്‍ വളരെയധികം താല്‍പര്യം കാണിക്കും. കാരണം, കൂട്ടുകൂടാനും, കളിക്കാനും ഉമ്മാന്റെ വീട്ടില്‍ തന്നെ പോകണം. സ്വന്തം വീട്ടില്‍ കളിക്കാനും കൂട്ടുകൂടാനും ആരുമില്ല. ആകെയുള്ളത് ഒരു കൊച്ചനുജത്തി ഫസ്‌ല മാത്രമാണ്. നടന്നു തുടങ്ങാത്ത അവളോടൊപ്പം കളിക്കാന്‍ കഴിയില്ലല്ലോ.

ഉപ്പയാണെങ്കില്‍ രാവിലെ ഓഫീസിലേക്ക് പോയാല്‍ വൈകുന്നേരം അഞ്ച് മണി കഴിയും വീട്ടില്‍ തിരിച്ചെത്താന്‍. രാവിലെ ഉമ്മ ഉപ്പാക്ക് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരിക്കും. അതുകഴിഞ്ഞാല്‍ ഫഹദിനും കുഞ്ഞുപെങ്ങള്‍ക്കും ചായ കൊടുക്കും. പിന്നെ വീട്ടിലെ മറ്റു ജോലികളില്‍ മുഴുകും. ഇടക്കിടക്ക് കുഞ്ഞുപെങ്ങളെ പരിചരിക്കും. അവള്‍ അത്രക്കും ചെറുതാണല്ലോ!

ഫഹദിനെ വീടിന് പുറത്തേക്ക് വിടുമായിരുന്നില്ല അവന്റെ ഉമ്മ. വീടിനുമുന്നില്‍ തിരക്കേറിയ റോഡാണ്. ഉപ്പയുടെ നിര്‍ദേശവുമുണ്ട് മോനെ ഗെയ്റ്റിനു പുറത്തേക്ക് കളിക്കാന്‍ വിടരുതെന്ന്.

അതിനാല്‍ സ്‌കൂള്‍ അവധി അടിച്ചുപൊളിക്കാന്‍ ഫഹദ് ഉമ്മയുടെ വീട്ടില്‍ പോകും. ഈ വര്‍ഷത്തെ സ്‌കൂള്‍ അവധിക്ക് ഫഹദ് വിരുന്ന് പോയി. കളിയും തമാശയുമായി ഒന്നാമത്തെ ദിവസം അമ്മാവന്മാരുടെ മക്കളുടെ കൂടെ ചെലവഴിച്ചു.

പിറ്റേദിവസം വീട്ടില്‍ നല്ലബഹളം കേട്ടുകൊണ്ടാണ് ഫഹദ് ഉണര്‍ന്നത്. അമ്മാവന്റെ പേഴ്‌സ് കാണാനില്ല! അതാണ് പ്രശ്‌നം. എല്ലാവരും നല്ല തിരച്ചിലിലാണ്. ഫഹദും ഒപ്പംകൂടി അമ്മാവന്റെ പേഴ്‌സ് തിരയാന്‍. അമ്മാവനാകട്ടെ ജോലിക്ക് പോകാന്‍ സമയം വൈകിയ ദേഷ്യത്തിലും. അവസാനം അമ്മാവന്റെ ഷര്‍ട്ട് അലക്കാന്‍ ഇട്ടിരുന്ന സ്ഥലത്ത് നിന്ന് ഫഹദിന് പേഴ്‌സ് കിട്ടി. അവന്‍ അതുമായി അമ്മാവന്റെ അടുക്കലേക്ക് സന്തോഷത്തോടെ ഓടിച്ചെന്നു.

ഇതുകണ്ട അമ്മായി അവനെ തുറിച്ചുനോക്കി. അവനോട് പറഞ്ഞു: ''അതുശരി, നീയാണല്ലേ അമ്മാവന്റെ പേഴ്‌സ് മോഷ്ടിച്ചത്.''

അമ്മാവനും അതുശരിയാണെന്ന് കരുതി. പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ തിരിച്ചുകൊടുത്തതാണെന്ന് അവര്‍ ഊഹിച്ചു. അവര്‍ ഫഹദിനെ നന്നായി വഴക്ക് പറഞ്ഞു. അവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അന്നുതന്നെ തന്റെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയ ഫഹദ് ഉമ്മയോട് സംഭവിച്ചതെല്ലാം പറഞ്ഞു. ഉമ്മാക്കും സങ്കടമായി. ഉമ്മാക്ക് അറിയാമായിരുന്നു ഫഹദ് നല്ലകുട്ടിയാണെന്നും അവന്‍ ഒന്നും മോഷ്ടിക്കില്ല എന്നും. ഉമ്മ ഫഹദിനെ സമാധാനിപ്പിച്ചു. അവനോട് പറഞ്ഞു: ''ആര്‍ നമ്മെ വിമര്‍ശിച്ചാലും ആക്ഷേപിച്ചാലും കുറ്റപ്പെടുത്തിയാലും ശരി നാം നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും കാത്തുസൂക്ഷിക്കണം. നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും മറ്റുള്ളവര്‍ തിരിച്ചറിയും. അവര്‍ നിന്നെ തെറ്റിദ്ധരിച്ചതാണ്. ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം.''

ഇത് കേട്ട ഫഹദിന് തന്റ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നി. അവന്‍ വളരെയധികം സന്തോഷിച്ചു.