ഹാദിയയുടെ വിജയം

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ആ വീട്ടിലെ മൂന്ന് മക്കളില്‍ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടില്‍നിന്നും പോയാല്‍ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം. പലപ്പോഴും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യും.

വേനലവധി കാലത്താണ് അവള്‍ ഏറെ പ്രയാസപ്പെട്ടത്. ഉപ്പയും ഉമ്മയും ജോലിക്കു പോയാല്‍ ഹാദിയയും സഹോദരങ്ങളും മാത്രമാണ് വീട്ടില്‍. സഹോദരങ്ങള്‍ സന്ദര്‍ഭം മുതലാക്കി ഹാദിയയെ ഉപദ്രവിക്കും. അവള്‍ നിത്യവും ഉമ്മയോട് പരാതി പറയും. അവര്‍ അതൊന്നും അത്ര കാര്യമാക്കിയില്ല. കുട്ടികളല്ലേ, അല്‍പസ്വല്‍പമൊക്കെ വികൃതി കാട്ടാതിരിക്കുമോ, അതും വീട്ടില്‍ മറ്റാരുമില്ലെങ്കില്‍ പ്രത്യേകിച്ചും എന്നായിരുന്നു അവരുടെ ചിന്ത.

ഉപ്പയോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ഹാദിയയെ സമാധാനിപ്പിക്കുവാന്‍ അവള്‍ കേള്‍ക്കെ അവളുടെ സഹോദങ്ങളെ ശകാരിച്ചു. അത്രമാത്രം. അവള്‍ പിന്നെ ആരോടും ആവലാതി പറയാന്‍ പോയില്ല. 

എന്നാല്‍ സഹോദരങ്ങള്‍ വികൃതി അവസാനിപ്പിച്ചില്ല. അവരുടെ കളിയാക്കല്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരും. എന്നാല്‍ മറുത്തൊന്നും പറയില്ല. അവള്‍ മൗനമായി കരയും. അത് കാണുമ്പോള്‍ അവര്‍ കളിയാക്കലിന് ശക്തി കൂട്ടും. ചിലപ്പോള്‍ തോണ്ടുകയോ പിച്ചുകയോ ചെയ്യും. 

അതോടെ അവള്‍ അവരില്‍നിന്ന് മനഃപൂര്‍വം ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി. അവര്‍ എന്തെങ്കിലും പറയുമ്പോഴേക്കും ഹാദിയ റൂമില്‍ കയറി വാതിലടക്കും. അവര്‍ പിന്തിരിഞ്ഞാല്‍ മാത്രം പുറത്തിറങ്ങും. 

ഒരു ദിവസം മദ്‌റസയില്‍നിന്നും മടങ്ങിവന്ന ശേഷം പതിവു പോലെ സ്‌കൂളിലെ ഓരോ കാര്യം പറഞ്ഞ് സഹോദരങ്ങള്‍ വഴക്കിന് തുടക്കം കുറിച്ചു. ഉടന്‍ തന്നെ ഹാദിയ റൂമില്‍ പ്രവേശിച്ച് വാതിലടച്ചു.ഒരുപാട് സമയം കഴിഞ്ഞിട്ടും അവള്‍ പുറത്തിറങ്ങിവരുന്നത് കാണുന്നില്ല. മുറിക്കകത്തുനിന്നും ഒരു ശബ്ദവും കേള്‍ക്കുന്നുമില്ല. സഹോദരങ്ങള്‍ക്ക് പേടിയായി. അവര്‍ വാതിലില്‍ മുട്ടി. 'ഇനി ഞങ്ങള്‍ കളിയാക്കില്ല, ബുദ്ധിമുട്ടിക്കില്ല... സോറി' അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

അവള്‍ക്ക് അവരെ നന്നായി അറിയാം. അവര്‍ തല്‍ക്കാലം ഒന്നും ചെയ്യില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ തനിസ്വഭാവം കാണിക്കും. അന്നേരം താന്‍ പിന്നെയും റൂമിലേക്ക് മടങ്ങേണ്ടിവരും.ദുഃഖിതയായി തനിച്ചിരിക്കേണ്ടിവും. 

സഹോദരങ്ങള്‍ അവള്‍ മുറിയില്‍ എന്തെടുക്കുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ്. അവള്‍ മിണ്ടുന്നില്ല. അവര്‍ക്ക് ഒന്നും കാണാനും പറ്റുന്നില്ല. അന്ന് കുറെ വൈകി മാത്രമാണ് അവള്‍ മുറിയില്‍നിന്നും പുറത്തുവന്നത്. ഇത് പിന്നെ സ്ഥിരം പതിവായി. ഹാദിയ ആരോടും പരാതി പറയാനും പോയില്ല. 

ഒരു ദിവസം മദ്‌റസ വിട്ട് ഹാദിയ വീട്ടില്‍ വന്നത് വളരെ സന്തോഷവതിയായിട്ടാണ്. ഉമ്മയും ഉപ്പയും ജോലിക്ക് പോകുവാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

''ഉമ്മാ, ക്വുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനം'' ഹാദിയ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

''നിനക്ക് ഒന്നാം സ്ഥാനമോ? അതും ഹിഫ്ദില്‍?'' ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

''ശരിയാണ് ഉമ്മാ, അവള്‍ കാണാതെ ഓതുന്നത് കേട്ട് മദ്‌റസയിലെ എല്ലാവരും അത്ഭുതപ്പെട്ടു'' ഹാദിയയുടെ മൂത്ത സഹോദരന്‍ പറഞ്ഞു.

''അതിന് നീ എന്നാണ് ക്വുര്‍ആന്‍ ഇത്രയധികം മനഃപാഠമാക്കിയത്?'' ഉപ്പ ചോദിച്ചു.

അപ്പോള്‍ ഹാദിയ സംഭവം വിവരിച്ചുകൊടുത്തു. സഹോദരങ്ങളുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടാനായി ഒരുദിവസം മുറിയില്‍ കയറി സങ്കടപ്പെട്ടുകൊണ്ട് കുറെ നേരം ഇരുന്നപ്പോഴാണ് മുന്നിലെ മേശപ്പുറത്തുള്ള ക്വുര്‍ആന്‍ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഇരിക്കുന്നതിനെക്കാളും നല്ലതാണല്ലോ എന്ന വിചാരത്താല്‍ മദ്‌റസയില്‍നിന്ന് പഠിച്ച ഭാഗങ്ങള്‍ പാരായണം ചെയ്തു. മണിക്കൂറുകളോളം കതകടച്ചിരിക്കുന്ന സമയത്ത് മനഃപാഠമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ മദ്‌റസയില്‍ നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. 

ഉപ്പയും ഉമ്മയും സഹോദരങ്ങളും ഇത് കേട്ട് ആശ്ചര്യപ്പെട്ടു. അവളെ അനുമോദനങ്ങള്‍കൊണ്ട് പൊതിഞ്ഞു. തങ്ങള്‍ ചെയ്തത് തെറ്റായിരുന്നെങ്കിലും അതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലോ എന്ന് സഹോദരങ്ങള്‍ ആശ്വസിച്ചു. ഇനി മുതല്‍ തങ്ങള്‍ നല്ല കുട്ടികളാകുമെന്നും ഹാദിയയെ പോലെ സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. 


സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

ഉസ്മാന്‍ പാലക്കാഴി

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

റോഡിലൂടെ യാത്ര ചെയ്യും 

കൂട്ടുകാരറിയണം

റോട്ടില്‍ പാലിക്കേണ്ട 

നിയമമൊക്കെയുമറിയണം 

കാല്‍നടക്കാര്‍ പാലിക്കേണ്ട 

നിയമമുണ്ട് കൂട്ടരേ

വണ്ടിയോടിക്കുന്നവര്‍ക്കും 

ഏറെ നിയമമുണ്ടഹോ

ബൈക്കിലെങ്കില്‍ ഹെല്‍മറ്റുണ്ടേല്‍ 

ഗുണം നമുക്ക് തന്നെയാം

സിഗ്‌നല്‍ നോക്കി യാത്ര ചെയ്താല്‍ 

ഗുണം പലര്‍ക്കും കിട്ടിടും

ശ്രദ്ധയില്ലയെങ്കിലോ 

അപകടങ്ങള്‍ കൂടിടും

അത് നമുക്കും മറ്റു യാത്രി-

കര്‍ക്കും നാശമേകിടും

ഇഹപരത്തില്‍ രക്ഷ കിട്ടാന്‍ 

നിയമമനുസരിക്കണം

അഹന്ത കാട്ടിടാതെ 

താഴ്മയോടെ നാം നടക്കണം.