മോറല്‍ സ്‌കൂളിലെ അനുഭവം

തന്‍വീല്‍

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

അന്ന് രാവിലെ അമ്മാവന്‍ റാശിദ്ക്ക വീട്ടിലേക്ക് വരുമെന്ന് വിചാരിച്ചിട്ടേ ഉണ്ടായിരുന്നില്ല സല്‍മാന്‍. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു റാശിദ്ക്ക! സല്‍മാന്‍ ഉപ്പയുടെ കൂടെ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് വന്ന് ഒന്ന് ഉറങ്ങിയെഴുന്നേറ്റതാണ്. ഞായറാഴ്ച സ്‌കൂളില്ലാത്തതിനാല്‍ ഒമ്പത് മണിവരെ അവന് ഒഴിവാണ്. പത്തു മണിക്ക് അവന്‍ മോറല്‍ സ്‌കൂളില്‍ പോകും. പിന്നെ പന്ത്രണ്ട് മണിക്കേ വരാറുള്ളൂ.

റാശിദ്ക്കയാണ് അവനെ മോറല്‍ സ്‌കൂളില്‍ ആദ്യമായി കൊണ്ടാക്കിയത്. ഒരു ഞായറാഴ്ച ദിവസം രാവിലെ റാശിദ്ക്ക വന്നപ്പോള്‍ ഉറങ്ങിയും കളിച്ചും സമയം കളയുന്ന അവനോട് പറഞ്ഞു: നമുക്ക് പത്തു മണിയാകുമ്പോഴേക്കും ഒരിടം വരെ പോകണം.

സ്‌കൂളില്ലാത്ത ദിവസം പുറത്തിറങ്ങുന്നത് തന്നെ മടിയായിരുന്ന സല്‍മാന് അത് ഒട്ടും ഇഷ്ടമായില്ല. പക്ഷേ, റാശിദ്ക്കയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സല്‍മാന് മാത്രമല്ല കുടുംബത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും റാശിദ്ക്കയോട് വലിയ സ്‌നേഹവും ബഹുമാനവുമാണ്.

വളരെ നല്ല സ്വഭാവമുള്ള റാശിദ്ക്ക എപ്പോള്‍ കുടുംബത്തിലെ കുട്ടികളോടൊത്ത് കൂടുന്നുവോ അപ്പോഴൊക്കെ അവര്‍ക്കിഷ്ടമുള്ള കഥകളും കളികളും ഒക്കെയായി അവരുടെ കൂട്ടത്തില്‍ ഒരാളായി മാറും. വിനോദത്തിനൊപ്പം ഒരുപാട് അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കും.

അന്ന് റാശിദ്ക്കയോടൊപ്പം മോറല്‍ ക്ലാസിലേക്ക് പോയിത്തുടങ്ങിയതാണ്. നാട്ടിലെ എം.എസ്.എം പ്രവര്‍ത്തകര്‍ നടത്തിവരുന്ന ക്വുര്‍ആന്‍ പഠന സംവിധാനമാണത്. ചെറുപ്പത്തില്‍ വിശുദ്ധ ക്വുര്‍ആനും ഇസ്‌ലാമിക വിജ്ഞാനങ്ങളും വേണ്ട രൂപത്തില്‍ പഠിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്കും തുടര്‍പഠനം ആവശ്യമുള്ളവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് മോറല്‍ സ്‌കൂള്‍.

റാശിദ്ക്ക നല്ല തിരക്കുള്ള ഒരു എം.എസ്.എം പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

''ഓന് ആ കുട്ട്യാെള കൂടെ കൂട്യേപ്പളാ പൊറത്തെറങ്ങാനും നല്ല കാര്യങ്ങള് ചെയ്യാനും തൊടങ്ങ്യേത്. വല്യ നാണംകുണുങ്ങ്യായിര്ന്നല്ലോ. ഇപ്പൊ ക്ലാസെട്ക്കാനും മറ്റും തുടങ്ങീലേ...''-വല്യുമ്മ ഇത്തിരി അഭിമാനത്തോട് കൂടിയാണ് റാശിദ്ക്കായെപ്പറ്റി പറയാറുള്ളത്.

പഠനത്തില്‍ മികവു പുലര്‍ത്തുന്ന റാശിദ്ക്ക ഇന്ന് നാട്ടിലെ യുവാക്കള്‍ക്ക് മാതൃകയായിട്ടാണ് ജീവിക്കുന്നത്.

ഒരു ദിവസം മോറല്‍ സ്‌കൂളിലിരിക്കുമ്പോഴാണ് ഒരു കുട്ടിയെയും കൂട്ടി റാശിദ്ക്കയുടെ ഒന്നുരണ്ട്‌സുഹൃത്തുക്കള്‍ വരുന്നത്. റാശിദ്ക്കയാണ് ക്ലാസെടുക്കുന്നത്.

''ഇത് അജ്മല്‍. ഇവന്റെ ഉപ്പ ഇവനെ നമ്മുടെ ക്ലാസില്‍ ചേര്‍ക്കാന്‍ പറഞ്ഞു വിട്ടതാ...'' അതിലൊരാള്‍ പറഞ്ഞു. അവര്‍ അവനെ ക്ലാസിലാക്കി മടങ്ങി. അവന് ക്ലാസിലിരിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല.

റാശിദ്ക്ക ക്ലാസ് തുടങ്ങി.

ഇന്ന് ഒരു കഥ പറഞ്ഞ് നമുക്ക് തുടങ്ങാം...

''ശരി, ആയിക്കോട്ടെ!'' കുട്ടികളെല്ലാവരും ആവേശത്തോടെ പറഞ്ഞു.

''ഒരിക്കല്‍ ഒരു പണ്ഡിതന്റെയടുത്ത് ഒരാള്‍ വന്നു പറഞ്ഞു: എനിക്ക് എന്നെ തിന്മകളില്‍ നിന്നും നിയന്ത്രിക്കാനാവുന്നില്ല. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ കഴിയുന്നില്ല. ഒരു നിഷേധിയായി ജീവിക്കുന്ന എന്നെ താങ്കള്‍ക്ക് സഹായിക്കാന്‍ കഴിയുമോ..?''

പണ്ഡിതന്‍ പറഞ്ഞു: ''ഞാന്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ താങ്കള്‍ ചെയ്യുന്ന തിന്മകള്‍ കാരണം റബ്ബിന്റെ ശിക്ഷ താങ്കള്‍ക്ക് ലഭിക്കുകയില്ല. അതിന് താങ്കള്‍ക്ക് കഴിയുമോ?''

വന്നയാള്‍ പറഞ്ഞു: ''അതെ, ആ കാര്യങ്ങള്‍ പറയൂ. അത് എന്തായാലും ഞാന്‍ ചെയ്യാം. കാരണം എനിക്ക് എന്റെ നിലവിലുള്ള ജീവിത രീതിയില്‍ നിന്നും മാറേണ്ടതുണ്ട്.''

പണ്ഡിതന്‍ പറഞ്ഞു: ''അതില്‍ ഒന്നാമത്തെ കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. താങ്കള്‍ ലോകര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കുന്ന റാസിക്വ് ആയ അല്ലാഹു ഉത്പാദിപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും ഒന്നും തന്നെ കഴിക്കില്ലെന്ന് തീരുമാനിക്കുക. എങ്കില്‍ താങ്കള്‍ക്ക് അല്ലാഹുവിനെ നിഷേധിക്കാം.''

''അതെങ്ങനെ കഴിയും?! ഈ ഭൂമിയില്‍ അവന്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റെന്താണ് ഉള്ളത്. പിന്നെ ഞാനെന്ത് കഴിക്കും...?''

''അതെ! ലോകരക്ഷിതാവ് കനിഞ്ഞരുളുന്ന ഭക്ഷണം കഴിക്കുകയും അവനെ നിഷേധിക്കുകയും ചെയ്യുകയെന്നത് എങ്ങനെ ശരിയാകും?''

''ഇല്ല! അതിനെനിക്ക് കഴിയില്ല. ഞാന്‍ പട്ടിണികിടന്ന് മരിക്കേണ്ടി വരും''-അയാള്‍ പറഞ്ഞു.

''അത് വേണ്ട. രണ്ടാമത്തെ കാര്യം എന്തെന്ന് പറയൂ. അതെനിക്ക് കഴിയും.''

പണ്ഡിതന്‍ അടുത്ത കാര്യം പറഞ്ഞു: ''വീട്..! സകലരുടെയും രക്ഷകനായ നാഥന്റെ മണ്ണിലാണ് യഥേഷ്ടം വിശ്രമിക്കുകയും ഉറങ്ങുകയും മറ്റുമെല്ലാം ചെയ്യുന്ന താങ്കളുടെ വീടുള്ളത്. എന്നാല്‍ അതിന്റെ 'മാലിക്' ആയ നാഥന്റെ കല്‍പനകളും നിര്‍ദേശങ്ങളും നിരസിക്കുകയും ചെയ്യുന്നു. അതിലെന്ത് ന്യായമാണുള്ളത്? ആയതിനാല്‍ താങ്കളുടെ വീട് ഉപേക്ഷിച്ച് പോവുക.''

''താങ്കളെന്താണ് ഈ പറയുന്നത്? അതിനൊന്നും എനിക്കാവില്ല. താങ്കള്‍ മൂന്നാമത്തെ കാര്യം പറയൂ. അത് ഞാനെന്തായാലും ചെയ്യാം.''

''ഈ ലോകം..! അതെ, ഈ ലോകത്തുവെച്ച് താങ്കള്‍ എന്ത് ചെയ്താലും അത് അവന്‍ അറിയും. അവന്‍ കല്‍പിച്ചത് പ്രവര്‍ത്തിക്കുകയും നിരോധിച്ചത് വെടിയുകയും ചെയ്യാതെ ഈ ലോകത്തില്‍ ജീവിച്ചാല്‍ അതിന്റെ ഗുണദോഷങ്ങള്‍ താങ്കള്‍ അനുഭവിക്കേണ്ടി വരും. ആയതിനാല്‍ ഈ ലോകത്തില്‍നിന്ന് മാറി മറ്റെവിടെയെങ്കിലും പോയി ജീവിക്കുക.''

''താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്?! ഞാനൊരു മനുഷ്യനല്ലേ? ഈ ലോകത്തിലല്ലാതെ എനിക്കെവിടെ ജീവിക്കാന്‍ സാധിക്കും?''

''നാലാമത്തെ കാര്യം പറയൂ... അതിനെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടെ.''

''സമയം...'' പണ്ഡിതന്‍ പറഞ്ഞു.

''സമയമോ?'' അയാള്‍ ചോദിച്ചു.

''അതെ, താങ്കള്‍ക്ക് റബ്ബ് നല്‍കിയ സമയം മുഴുവന്‍ അവനെ നിഷേധിച്ച് താങ്കള്‍ ജീവിച്ചു. താങ്കളുടെ അടുത്ത് മരണത്തിന്റെ മലക്ക് വരുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ നിശ്ചയമായും 'ദയവായി അല്‍പം സമയം എനിക്ക് നീട്ടിത്തരൂ.. ഞാന്‍ വളരെ നന്നായി ജീവിച്ച് കാണിച്ചു തരാം' എന്ന് ആവശ്യപ്പെടും. അതിലേക്കായി താങ്കള്‍ ഇപ്പോള്‍ കുറച്ചധികം സമയം മാറ്റി വെക്കുക.''

''അതിന് ആ സമയം മരണത്തിന്റെ മലക്ക് ഞാന്‍ പറയുന്നത് അനുസരിക്കുകയില്ലല്ലോ...!''

''ങ്‌ഹേ...! അപ്പോള്‍ താങ്കള്‍ക്ക് അതും അറിയാം അല്ലേ? ആരോഗ്യവും സമയവും സമ്പത്തുംകൊണ്ട് കാരുണ്യവാന്‍ താങ്കളെ അനുഗ്രഹിച്ചു. എന്നിട്ട് അതൊന്നും നേരാംവണ്ണം താങ്കള്‍ ചെലവഴിച്ചില്ല. ഈ ലോക ജീവിതമല്ലാതെ അതിന് മറ്റൊരവസരമില്ലെന്ന ബോധ്യവും താങ്കള്‍ക്കുണ്ട്. പിന്നെയെങ്ങനെയാണ് താങ്കള്‍ രക്ഷപ്പെടുന്നത്?''

''ഹോ..! എന്തൊരു കഷ്ടം. ഏതായാലും താങ്കള്‍ അഞ്ചാമത്തെ കാര്യംകൂടി പറയൂ. അതെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കിലോ.''

''ഇനി താങ്കളുടെ മുമ്പില്‍ ഒരു കാര്യം മാത്രമെയുള്ളൂ. അതിന് താങ്കള്‍ക്കാവുമെങ്കില്‍ ചെയ്‌തോളൂ. സര്‍വലോക നാഥനായ അല്ലാഹുവിന്റെ സകലമാന അനുഗ്രഹങ്ങളും അനുഭവിച്ചും അവനെ നിഷേധിച്ചും ജീവിക്കുകയും എന്നിട്ട് അവന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന താങ്കള്‍ അല്ലാഹുവിന്റെ മലക്കുകള്‍ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുക.''

അയാള്‍ അമ്പരന്നു. അതെങ്ങനെ സാധിക്കും?

''ദയവായി എന്നോട് ക്ഷമിക്കൂ. ഞാനെന്തൊരു ധിക്കാരിയാണെന്ന് താങ്കള്‍ എന്നെ ബോധ്യപ്പെടുത്തി. വേണ്ട... എല്ലാം ക്ഷമിക്കുന്ന നാഥനോട് എനിക്കായി താങ്കള്‍ പ്രാര്‍ഥിക്കുക... ഞാന്‍ ഈ നിമിഷം മുതല്‍ എല്ലാ നിഷേധ നിലപാടുകളും മാറ്റി നാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം. എന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് രക്ഷിതാവിനോട് മാപ്പിരക്കാം. എനിക്ക് രക്ഷ കിട്ടുമോ?''

''അതെ, തീര്‍ച്ചയായും! ഉഹ്ദ് മല കണക്കെ പാപം ചെയ്താലും ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങിയാല്‍ അത് പൊറുത്ത് തരാന്‍ അല്ലാഹു ഒരുക്കമാണെന്ന് വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും സാക്ഷ്യപ്പെടുത്തിയതാണ്. താങ്കളെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.''

അന്ന് തൊട്ട് അജ്മല്‍ മോറല്‍ ക്ലാസിന്റെ ഭാഗമായി. ഇന്ന് വരെ ഒരു ക്ലാസിലും മതിയായ കാരണമില്ലാതെ പങ്കെടുക്കാതിരുന്നിട്ടില്ല.