മാലിന്യങ്ങൾ എന്തു ചെയ്യും?

അബൂഫായിദ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ശരീഫ മിടുക്കിയായ കുട്ടിയാണ്‌. നന്നായി പഠിക്കും. അവൾക്ക്‌ വിശാലമായ ഒരു മുറിയുണ്ട്‌. അതിലാണ്‌ അവൾ കളിക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം.

തന്റെ മുറി എപ്പോഴും ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കണമെന്ന്‌ ശരീഫക്ക്‌ നിർബന്ധമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ അവൾ മുറിയുടെ ചുമരിലോ മറ്റോ കുത്തിവരക്കാറില്ല.

ഒരു ദിവസം ശരീഫയുടെ അമ്മായിയുടെ മക്കളായ ജമാലും ജുമാനയും കളിക്കാനായി വന്നു. നമുക്ക്‌ പുറത്ത്‌ പോയി കളിക്കാമെന്ന്‌ ശരീഫ പറഞ്ഞിട്ടും അവരത്‌ കേട്ടില്ല. അവർ മുറിയിൽ ബോൾ തട്ടിക്കളിച്ചു. മുറിയാകെ അലങ്കോലമായി. ഐസ്ക്രീമും ലൈസുമൊക്കെ തിന്നതിന്റെ അവശിഷ്ടങ്ങൾ മുറിയിൽ ചിതറിക്കിടന്നു. മുറി വൃത്തികേടാക്കരുതെന്ന്‌ പറഞ്ഞിട്ടും അവരത്‌ കേട്ടില്ല. തന്റെ വീട്ടിലേക്ക്‌ വന്നവരല്ലേ, അതിഥികളോട്‌ മാന്യമായി പെരുമാറണമെന്നാണല്ലോ നബി​‍ൃ പഠിപ്പിച്ചിട്ടുള്ളത്‌. അത്‌ കൊണ്ട്‌ ശരീഫ അവരോട്‌ കയർത്തു സംസാരിച്ചില്ല.

ജമാലും ജുമാനയും കളി മതിയാക്കി പിരിഞ്ഞുപോയതിനുശേഷം ശരീഫ തന്റെ മുറി വൃത്തിയാക്കാൻ തുടങ്ങി. താഴെ വീണുകിടക്കുന്ന വസ്തുക്കൾ യഥാസ്ഥാനത്ത്‌ എടുത്ത്‌ വെച്ചു. ചപ്പുചവറുകളെല്ലാം അടിച്ചുവാരിക്കൂട്ടി.

ഇതെല്ലാം എന്തു ചെയ്യും? കൂടുതൽ ആലോചിക്കാതെ അവൾ തുറന്നു കിടക്കുന്ന ജനാലവഴി ചപ്പുചവറുകൾ പുറത്തേക്കെറിയാൻ തുടങ്ങി. റോട്ടിലേക്കാണത്‌ ചെന്നു വീഴുക., ആ സമയത്താണ്‌ ശരീഫയുടെ ബാപ്പ അവിടേക്ക്‌ വന്നത്‌.

“മോളേ, എന്താണ്‌ നീ കാണിക്കുന്നത്‌? മാലിന്യങ്ങൾ പുറത്തേക്കെറിയുകയോ?”- അദ്ദേഹം ചോദിച്ചു.

“അതെ ബാപ്പാ, അതിലെന്താ തെറ്റ്‌? ഞാനെന്റെ മുറി വൃത്തിയാക്കുകയല്ലേ”- ശരീഫ നിഷ്കളങ്കമായി ചോദിച്ചു.

“മോളേ നീ ചിന്തിച്ചു നോക്ക്‌. ഇത്‌ നിന്റെ മുറിയല്ലേ?”

“അതെ ബാപ്പാ!! അത്‌ കൊണ്ടാണല്ലോ മാലിന്യങ്ങൾ എന്റെ മുറിയിൽ നിന്ന്‌ ഒഴിവാക്കാൻ ഞാൻ ഒരുങ്ങിയത്‌.“

”ഒന്ന്‌ കൂടി ചിന്തിച്ചു നോക്കൂ, ആ കാണുന്നത്‌ നമ്മുടെ റോഡല്ലേ? ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്ന്‌ ഇങ്ങനെ മാലിന്യങ്ങൾ റോഡിലേക്കെറിഞ്ഞാൽ എന്തായിരിക്കും റോഡിന്റെ സ്ഥിതി?“

”ബാപ്പാ അത്‌ ശരിയാണ്‌! അത്രക്കു ഞാൻ ചിന്തിച്ചില്ല. നമ്മുടെ റോഡ്‌ വൃത്തിയുള്ളതായിരിക്കണമെന്ന്‌ തന്നെയാണ്‌ എന്റെയും ആഗ്രഹം. അല്ലെങ്കിൽ യാത്രക്കാർക്ക്‌ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും.“

”മോളേ, നമ്മുടെ നാട്ടിലെ എല്ലാ റോഡുകളും വഴികളും വൃത്തിയുള്ളതായിരിക്കണം. എല്ലാവരും മനസ്സുവെച്ചാലേ അത്‌ നടക്കൂ.“

”എങ്കിൽ ബാപ്പാ, നമുക്ക്‌ മാലിന്യങ്ങൾ അടുത്തുള്ള പുഴിയിലെറിഞ്ഞാലോ? ഒഴുക്കിൽ പെട്ട്‌ അവ ദൂരെയെവിടെയെങ്കിലും എത്തും.“

”വേണ്ട മോളേ, പുഴയും നമ്മുടേതാണ്‌. പുഴ മലിനമായാൽ അതിലെ മത്സ്യങ്ങൾക്ക്‌ രോഗം ബാധിക്കും. അവ കൂട്ടത്തോടെ ചത്തടിയും.“

”അത്‌ ശരിയാണ്‌ ബാപ്പാ! ഏതോ ഫാക്ടറിയിൽ നിന്ന്‌ വിഷ ജലം ഒഴുക്കിയതിനാൽ ഒരു പുഴയിലെ മത്സ്യങ്ങൾ ചത്ത്‌ പൊങ്ങുകയും അതിൽ കുളിച്ച ആളുകൾക്ക്‌ അസുഖം ബാധിക്കുകയും ചെയ്ത വാർത്ത കുറച്ച്‌ ദിവസം മുമ്പ്‌ പത്രത്തിൽ വന്നിരുന്നു.“

”മിടുക്കി, അതെല്ലാം ഓർത്തു വെക്കുന്നല്ലോ. വളരെ നല്ലത്‌. ഒരുപാട്‌ വീട്ടുകാർ കുടിവെള്ളമായി ഉപയോഗിക്കുന്നത്‌ ഈ പുഴയിലെ വെള്ളമാണെന്നോർക്കണം.“

”എങ്കിൽ എനിക്ക്‌ ഒരു ഐഡിയ തോന്നുന്നു...!“

”അതെന്താണ്‌ മോളേ?“

”നമുക്ക്‌ ഈ പ്ളാസ്റ്റിക്കും കടലാസുമടങ്ങിയ ചവറുകൾ കത്തിച്ചു കളയാം. അങ്ങേവീട്ടിലെ നഫീസത്താത്ത അതാണല്ലോ ചെയ്യാറുള്ളത്‌.“

”അരുത്‌ മോളേ, കത്തിക്കേണ്ട! നഫീസത്താത്ത വായു മലിനമാക്കുകയാണ്‌ ചെയ്യുന്നത്‌. പ്ളാസ്റ്റിക്കും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന രൂക്ഷ ഗന്ധവും പുകയും നീ ഇഷ്ടപ്പെടുന്നുണ്ടോ? മലിന വാതകങ്ങൾ പല രോഗങ്ങൾക്കും കാരണമായിത്തീരും മോളേ.“

”അത്‌ ശരിയാണ്‌, സ്കൂളിൽ നിന്നും ഖദീജ ടീച്ചർ ആ കാര്യം പറഞ്ഞു തന്നിട്ടുണ്ട്‌. മലിന വാതകങ്ങൾ നമ്മുടെ കൃഷിയെ പോലും മോശമായി ബാധിക്കും. പക്ഷികൾക്ക്‌ പോലും അത്‌ പ്രയാസമുണ്ടാക്കും.“

”മോളേ, ഇപ്പോൾ നീ നന്നായി ചിന്തിക്കുന്നു. എന്റെ മോൾ മിടുക്കി തന്നെ.“

”താങ്ൿയൂ ബാപ്പാ..! ഇപ്പോൾ ഈ ചവറുകൾ നാം എന്തുചെയ്യും?“

”കുട്ടീ, ഏതൊരു പാഴ്‌വസ്തുവും എറിഞ്ഞു കളയും മുമ്പ്‌ നീ ചിന്തിക്കണം. നിന്നോട്‌ തന്നെ രണ്ടു ചോദ്യങ്ങൾ ചോദിക്കണം.“

”ഏതാണ്‌ ബാപ്പാ ആ രണ്ട്‌ ചോദ്യങ്ങൾ?“

”ഈ വസ്തുകൊണ്ട്‌ ഉപകാരപ്രദമായ വല്ലതും ഉണ്ടാക്കാൻ പറ്റുമോ എന്നതാണ്‌ ഒരു ചോദ്യം.“

”രണ്ടാമത്തേതോ?“

”മറ്റുള്ളവർക്ക്‌ അതുകൊണ്ട്‌ വല്ല ഉപകാരവും നൽകാൻ സാധിക്കുമോ എന്നതാണ്‌ രണ്ടാമത്തേത്‌.“

”പാഴ്‌വസ്തുക്കൾ, മാലിന്യങ്ങൾ തുടങ്ങിയവയെ മറ്റേതെങ്കിലും തരത്തിൽ ഉപകാരമുള്ളതാക്കി മാറ്റിയെടുക്കുന്നതിനെ കുറിച്ചാണോ ബാപ്പ പറയുന്നത്‌?“

”അതെ, അതു തന്നെ!“

”ഇപ്പോൾ എനിക്ക്‌ കാര്യങ്ങൾ മനസ്സിലായി. എന്നാൽ നമുക്ക്‌ ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റും.“

”പഞ്ചായത്തുകളും നഗര സഭകളുമൊക്കെ മാലിന്യങ്ങൾ ശേഖരിക്കുവാൻ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്‌ നമ്മൾ ചെയ്യേണ്ടത്‌.“

”നാം ഉപേക്ഷിക്കുന്ന ഈ വസ്തുക്കൾക്കൊക്കെ പിന്നീട്‌ എന്താണ്‌ സംഭവിക്കുന്നത്‌ ബാപ്പാ?“

”നാളെ നമുക്ക്‌ മാലിന്യ സംസ്ക്കരണ പ്ളാന്റ്‌ കാണാൻ പോകാം. അപ്പോൾ നിനക്ക്‌ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാകും.“

പിറ്റേ ദിവസം ശരീഫ പിതാവിന്റെ കൂടെ മാലിന്യ സംസ്കരണ പ്ളാന്റ്‌ സന്ദർശിച്ചു. ജൈവ മാലിന്യങ്ങളിൽ നിന്ന്‌ ജൈവ വളം നിർമിക്കുന്നതും പ്ളാസ്റ്റിക്കും മറ്റു വസ്തുക്കളും വേർതിരിച്ചെടുത്ത്‌ ശുദ്ധീകരിച്ച്‌ ഉപകാരപ്രദമായ വസ്തുക്കളാക്കി പുനർനിർമിക്കുന്നതുമെല്ലാം അവർ കണ്ടു മനസ്സിലാക്കി.

പാഴ്‌ വസ്തുക്കൾ കൊണ്ട്‌ നിർമിച്ച ഭംഗിയുള്ള ഒരു ബേഗും ഫ്ളവർ പോട്ടും ബാപ്പ വാങ്ങിക്കൊടുത്തപ്പോൾ ശരീഫ അതിയായി സന്തോഷിച്ചു. ഇതൊക്കെ തന്റെ കൂട്ടുകാരികളോട്‌ പറഞ്ഞു കൊടുക്കാനുള്ള തിടുക്കവുമായി ശരീഫ തന്റെ പിതാവിന്റെ കൂടെ വീട്ടിലേക്ക്‌ മടങ്ങി.