എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

പൊട്ടിച്ചെറിയുക ഈ ചങ്ങലകള്‍

അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് മനുഷ്യ ജീവിതത്തിലെ പ്രശ്‌നങ്ങളും അധികരിച്ചുകൊണ്ടിരിക്കുകയാണ്! കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ പ്രയാസങ്ങളും ദുരിതങ്ങളും വിഷമങ്ങളും അനുഭവിക്കാത്തവര്‍ വളരെ വിരളം! പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന എല്ലാവരും പരിഹാരം തേടിയുള്ള പ്രയാണത്തിലാണ്.

എന്നാല്‍, ചിലരുടെ പരിഹാരമന്വേഷിച്ചുകൊണ്ടുള്ള യാത്ര ചെന്നെത്തുന്നത് 'ആള്‍ദൈവ'ങ്ങളിലും, ആത്മീയ ചൂഷകരിലുമൊക്കെയാണ്. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പരാജയവും. 

അല്ലാഹു പറഞ്ഞു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധന നഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2: 155).

പരീക്ഷണ ഘട്ടങ്ങളില്‍ വിശ്വാസി കൈക്കൊള്ളേണ്ട നിലപാട് എന്താണ്? 'ക്ഷമ കൈക്കൊള്ളുക' എന്നത് തന്നെ. അതോടൊപ്പം ആത്മാര്‍ഥമായി രക്ഷക്കായി പ്രാര്‍ഥിക്കുകയും ചെയ്യുക. 

അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു'' (ക്വുര്‍ആന്‍ സൂറത്ത് അല്‍ബലദ്:4).  ഇത് മനസ്സിലാക്കാത്തവര്‍ നിസ്സാരമായ പ്രയാസങ്ങള്‍ ബാധിക്കുമ്പോഴേക്കും കൂടുതല്‍ അസ്വസ്ഥരായി മാറുകയാണ് ചെയ്യുന്നത്. ഈ അസ്വസ്ഥതയാണ് യഥാര്‍ഥത്തില്‍ മനുഷ്യനെ പരാജയങ്ങളിലേക്കും അപകടങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്.

ഏതൊരു പ്രയാസത്തെയും അനായാസം, സാവധാനം തരണം ചെയ്യുക എന്ന ക്ഷമയുടെ മാര്‍ഗം ഉപേക്ഷിച്ച് പെട്ടെന്ന് കാര്യങ്ങള്‍ സാധിക്കാന്‍ മുസ്‌ലിംകളില്‍ പലരും ആത്മീയ ചൂഷകരിലേക്കും ദര്‍ഗകളിലേക്കും ജാറങ്ങളിലേക്കുമാണ് പാഞ്ഞടുക്കുന്നത്. അവിടങ്ങളില്‍നിന്ന് ലഭിക്കുന്നത് ശരീരത്തില്‍ തേക്കാനും കെട്ടാനും കുടിക്കാനുമൊക്കെയുള്ള എണ്ണയും നൂലും ഭസ്മവും മറ്റുമാണ്! അത് ഭക്തിയോടെ അവര്‍ നിര്‍വഹിക്കുകയും ചെയ്യുന്നു!

പരിഹാരമന്വേഷിച്ചുള്ള ഓട്ടം വിനാശത്തിലേക്കാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഒരു കണ്ണും കാണാത്തതും, ഒരു കാതും കേള്‍ക്കാത്തതും, ഒരു മനസ്സിലും വിഭാവനം ചെയ്യാത്തതുമായ മഹാ സൗഭാഗ്യമായ സ്വര്‍ഗം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനമാണിതെന്ന് അവര്‍ ചിന്തിക്കുന്നില്ല. കഠിന കഠോരമായ നരകജീവിതം ചോദിച്ചു വാങ്ങുന്നതാണ് ഈ ഏര്‍പ്പാടെന്നും അവര്‍ മനസ്സിലാക്കുന്നില്ല.

നബി ﷺ യുടെ ചില വചനങ്ങള്‍ നോക്കൂ: ''ആര് ഏലസ്സ് ബന്ധിച്ചുവോ അവന്‍ ശിര്‍ക്ക് ചെയ്തു'' (അഹ്മദ്). ''ആരെങ്കിലും ഒരു ജോത്സ്യനെയോ, ഭാവിപറയുന്നവനെയോ സമീപിക്കുകയും, അയാള്‍ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്യുന്ന പക്ഷം അവന്‍ മുഹമ്മദ് നബിക്ക് അവതരിച്ചതില്‍ അവിശ്വസിച്ചിരിക്കുന്നു''(അഹ്മദ്). ''ഒരാള്‍ ഭാവി പറയുന്നവനെ സമീപിക്കുകയും അവനോടെന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ നാല്‍പത് രാവുകളിലെ നമസ്‌കാരം അവനില്‍ നിന്ന് (അല്ലാഹുവിങ്കല്‍) സ്വീകാര്യമല്ല''(മുസ്‌ലിം).

നോക്കൂ! എന്തുമാത്രം ഗൗരവമാണ് കാര്യം. ശിര്‍ക്ക് ചെയ്തവനായി, പ്രവാചകനില്‍ അവിശ്വസിച്ചവനായി, കര്‍മങ്ങള്‍ നിഷ്ഫലമായി ദുര്‍ഗതി പ്രാപിക്കുന്ന അവസ്ഥ വളരെ ദയനീയം തന്നെ!

ഇതെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുത്തപ്പോള്‍, നാഗൂര്‍ ഔലിയയുടെ ദര്‍ഗയില്‍ നിന്നും  ലഭിച്ച, കയ്യില്‍ കെട്ടിയ നൂല്‍ പൊട്ടിച്ചെറിഞ്ഞ് പൊട്ടിക്കരയുകയും പശ്ചാതപിക്കുകയും ചെയ്ത ഒരു പാവം മനുഷ്യനെ ഓര്‍മവരികയാണ്. അറിവില്ലായ്മ തന്നെയാണ് മനുഷ്യനെ നശിപ്പിക്കുന്നത്.